ഗദ്യം പലവക
അനാസക്തിയോഗം: മഹാത്മജി എഴുതിയിട്ടുള്ള ഗീതാവ്യാഖ്യാനത്തിൻ്റെ ഒരു പരിഭാഷയാണു് ‘അനാസക്തിയോഗം’. ശ്ലോകം, അർത്ഥം എന്നിവയ്ക്കുശേഷം മഹാത്മജിയുടെ അഭിപ്രായം വ്യാഖ്യാനരിതിയിൽ പ്രത്യേകം വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ശ്രീ അമ്പാടി ഇക്കാവമ്മയാണു പ്രസ്തുതകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിട്ടുള്ളത്.
ഗീതാരഹസ്യവും ഗീതാപ്രവചനവും: ഗീതാരഹസ്യം ലോകമാന്യതിലക: വ്യാഖ്യാനമാണു്. ടി. സി. പരമേശ്വരൻമൂസ്സതു അതു മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. ആചാര്യ വിനോബാഭാവയാണ് ‘ഗീതാപ്രവചന’ത്തിൻ്റെ കർത്താവു്.
ഗോപാലൻനായരുടെ ശ്രീമദ് ഭഗവദ്‌ഗീത: അദ്ധ്യാത്മരാമായണം, പഞ്ചദശി, ശ്രീമഹാഭാഗവതം മുതലായ മഹാഗ്രന്ഥങ്ങൾക്കു വിശിഷ്ടങ്ങളായ വ്യാഖ്യാനങ്ങൾ എഴുതിയിട്ടുള്ള പണ്ഡിത വരേണ്യനാണ് നെന്മാറ പി. ഗോപാലൻനായർ. അദ്ദേഹത്തിൻ്റെ ഈ ഗീതാവ്യാഖ്യാനവും പണ്ഡിതോചിതമെന്നേ പറയേണ്ടു. ശ്ലോകങ്ങൾക്കു ക്രമത്തിൽ അന്വയാർത്ഥം, പരിഭാഷ ശങ്കാസമാധാനരൂപമായ വിവരണം എന്നിങ്ങനെയാണു് വ്യാഖ്യാനരീതി. അവതാരികയിൽ പി. ശേഷാദ്രി പ്രസ്താവിച്ചിട്ടുള്ളതുപോലെ ഗോപാലൻനായരുടെ “വ്യാഖ്യാനരീതി മനോജ്ഞവും ഹൃദ്യവും മധുരവും പലസ്ഥലങ്ങളിലും അപൂർവ്വവുമായിരിക്കുന്നു.”
