ചരിത്രവിജ്‌ഞാനീയം
കേരളചരിത്രം പരശുരാമനിലൂടെ: കേരളോൽപത്തിയെ സംബന്ധിച്ചുള്ള പരശുരാമകഥ പണ്ടേ പ്രസിദ്ധമാണു്. പുരാണേതിഹാസങ്ങളിൽ ആ കഥ പൂർവ്വാപരവിരുദ്ധങ്ങളായും കാണാറുണ്ട്. അക്കാരണത്താൽ പ്രസ്തുത കഥ അവിശ്വസനീയമെന്നുള്ള സങ്കല്പത്താൽ, പരശുരാമകഥയിലെ സാക്ഷാൽ പരശുരാമനെ കണ്ടുപിടിക്കാനുള്ള ഒരു ശ്രമമാണു് തിരുവങ്ങാട്ടു സി. കൃഷ്ണക്കുറുപ്പ് മേല്പറഞ്ഞ കൃതിയിൽ ചെയ്തിട്ടുള്ളതു്. പലവഴിക്കു തിരിഞ്ഞുള്ള കുറുപ്പിൻ്റെ അന്വേഷണത്തിൻ്റെ ഫലമായി കേരളനിർമ്മാണകേളികാരനായ പരശുരാമൻ, എ. ഡി. 9-ാം നൂറ്റാണ്ടിൽ കേരളത്തെ ആക്രമിച്ച മാൾവാ രാജാവായ വാക്‌പതി പരമാരൻ ആണെന്നുള്ള നിഗമനത്തിൽ അദ്ദേഹം എത്തിയിരിക്കയാണു്, ഈ ഗ്രന്ഥത്തിൽ. എന്നാൽ തൻ്റെ നിഗമനത്തെ സാധൂകരിക്കാൻ മതിയായ തെളിവുകളൊന്നും അദ്ദേഹം പ്രദർശിപ്പിക്കുന്നില്ല. ജയ്പ്പൂരെ ഒരു ശിലാശാസനത്തിലുള്ള ഏതാനും പദ്യങ്ങളാണു് ഈ വിഷയത്തിൽ കുറുപ്പിനു സർവ്വാവലംബമായിട്ടുള്ളതു്. ബാക്കിയെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം. അവ ഒരു ചരിത്രത്തിൻ്റെ നിലനില്പിനു മതിയായതല്ലല്ലൊ. സാധകബാധകങ്ങളായ തെളിവുകളെ പ്രദർശിപ്പിച്ച് അവയുടെ ബലാബലവിചാരം ചെയ്തു സ്വമതം സ്ഥാപിക്കുകയാണു് ഭിന്നാഭിപ്രായമുള്ള ഇത്തരം കാര്യങ്ങളിൽ ഒരു ഗ്രന്ഥകാരൻ ചെയ്യേണ്ടതു്. അതു് ഈ ഗ്രന്ഥത്തിൽ ഉണ്ടായിട്ടില്ല.
