ചരിത്രവിജ്‌ഞാനീയം
കേരളം വിദേശീയരുടെ ദൃഷ്ടിയിൽ: പ്രസിദ്ധ പ്രബന്ധകാരനായ കെ. വി. എം.ൻ്റെ ഒരു കൃതിയാണിതു്. കേരളീയ ജീവിത രീതിയേയും അവരുടെ സാമൂഹ്യാചാരങ്ങളേയും വിവരിക്കുന്ന ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ, പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളെ പ്രമാണീകരിച്ചുള്ളവയാണു്. മാർക്കോപോളോ, ബത്തലോമിയോ, ഫ്രാൻസിസ്ഡെ തുടങ്ങിയവരാണു് പ്രസ്തുത സഞ്ചാരികൾ. കേരളം ഏഴു നൂറ്റാണ്ടുകൾക്കുമുമ്പ്, വാസ്കോഡിഗാമയും സാമൂതിരി രാജാവും എന്നു തുടങ്ങിയ 9 പ്രബന്ധങ്ങളാണു് ഇതിലുള്ളതു്.
കേരളസ്വാതന്ത്ര്യസമരം: സർദാർ കെ. എം. പണിക്കർ ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള ഒരു കൃതിയെ എൻ. ഗോപിനാഥൻനായർ പരിഭാഷപ്പെടുത്തിയിട്ടുള്ളതാണു് ‘കേരളസ്വാതന്ത്ര്യസമരം.’ 1498-ൽ ഗാമ കേരളത്തിൽ വന്നതുമുതൽ, 1947-ൽ രാഷ്ട്രീയസ്വാതന്ത്ര്യം നേടിയതുവരെയുള്ള കേരളത്തിലെ സ്വാതന്ത്ര്യസമരത്തെയാണു് ഈ കൃതിയിൽ ഉൾക്കൊള്ളിക്കുന്നതു്. എന്നാൽ പ്രസിദ്ധീകൃതമായ ഈ ഒന്നാം ഭാഗത്തിൽ, 1498 മുതൽ ബ്രിട്ടീഷാധിപത്യം സ്ഥാപിക്കുന്ന 1798 വരെ, രണ്ടര ശതാബ്ദം മുഴുവൻ, മുടങ്ങാതെ പോരടിച്ചുകൊണ്ടിരുന്ന ചരിത്രഭാഗം ഉള്ളടക്കിയിരിക്കുന്നു. ബ്രിട്ടീഷാധിപത്യകാലത്തേയും തിരിച്ചുകിട്ടിയ സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള ഭാഗം പ്രസിദ്ധീകരിക്കുവാനിരിക്കുന്നതേയുള്ളൂ.
ഇപ്പോൾ പ്രസിദ്ധീകൃതമായിട്ടുള്ള ഈ കൃതിയെ മൂന്നു ഭാഗങ്ങളായി തരംതിരിച്ചു പ്രതിപാദിക്കുന്നു. ‘പറങ്കികളും മലയാളക്കരയും’ എന്ന ഒന്നാം ഭാഗത്തിൽ 15 അദ്ധ്യായങ്ങളാണു് അടങ്ങിയിട്ടുള്ളതു്. ‘ലന്തക്കാരും മലയാളക്കരയും’ എന്ന രണ്ടാം ഭാഗത്തിൽ 11 അദ്ധ്യായങ്ങളും. *കേരളവും മൈസൂറും’ എന്ന മൂന്നാംഭാഗത്തിൽ 10 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നു. പറങ്കികൾ, ലന്തക്കാർ, മൈസൂർ സുൽത്താൻ എന്നിവരുമായി യഥാക്രമം രണ്ടു നൂറ്റാണ്ടോളം തുടർന്നു നടത്തിയ സമരത്തിൻ്റെ നേതൃത്വം മാനവിക്രമന്മാരായ സാമൂതിരിപ്പാടന്മാരാണു് വഹിച്ചുപോന്നതു്. കൊളച്ചൽയുദ്ധത്തിനു ശേഷം, ഏകദേശം അരനൂറ്റാണ്ടു്കാലം സമരത്തിൻ്റെ നേതൃത്വം തിരുവിതാംകൂറും വഹിക്കുകയുണ്ടായി. ഹൈദരാലിയുടെ ആക്രമണം സാമൂതിരിയുടെ ശക്തിയേയും, 1795-ൽ ഇംഗ്ലീഷ്കാരുമായി നടത്തിയ ഉടമ്പടി തിരുവിതാംകൂറിൻ്റെ സ്വാതന്ത്ര്യത്തെയും, നശിപ്പിക്കുകയും കേരളം പരാധീനമായിത്തീരുകയും ചെയ്തു. ഈ വസ്തുതകളെയാണു് പ്രസ്തുത സ്വാതന്ത്ര്യസമരത്തിൽ സർദാർ പണിക്കർ വിവരിക്കുന്നത്.
