ചരിത്രവിജ്‌ഞാനീയം
ഇന്ത്യയും ചൈനയും: വൈക്കം ചന്ദ്രശേഖരൻനായർ എഴുതിയിട്ടുള്ളതാണു പ്രസ്തുത കൃതി. കാശ്യപമാതംഗൻ, ധർമ്മരത്നൻ എന്നീ ബുദ്ധമതശിഷ്യന്മാരായ രണ്ടു് ഇന്ത്യൻപണ്ഡിതന്മാർ എ. ഡി. 68 ഡിസംബർ 30-ാം തീയതി ചൈനീസ് രാജധാനിയിലെത്തി. അവരെ ചൈനാചക്രവർത്തി രാജകീയമായി സ്വീകരിച്ചു. അന്നുതൊട്ടിന്നോളം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ആ സൗഹാർദ്ദം അനുക്രമം വളർന്നുകൊണ്ടിരുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുമുമ്പുണ്ടായ നെഹ്രുവിൻ്റെ ജൈത്രയാത്രയിൽ പഞ്ചശീലത്തെസ്സംബന്ധിച്ചു് അദ്ദേഹം ചീനാനേതാവായ ചൗവുമായി ഒരു പ്രഖ്യാപനം ചെയ്തു. ആ സൗഹാർദ്ദസന്ധിയുടെ പിന്നിൽ നീണ്ടുകിടക്കുന്ന ചരിത്രത്തിലേക്കു എത്തിനോക്കുവാൻ ശ്രമിച്ചിരിക്കയാണു് ചന്ദ്രശേഖരൻനായർ ഈ ഗ്രന്ഥത്തിൽക്കൂടി. പ്രസ്തുത കൃതി മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യഘട്ടം മുതൽ മാർക്കോപോളോയുടെ ചൈന-ഇന്ത്യസന്ദർശനംവരെയുള്ള ചരിത്രം ഒന്നാം ഭാഗമായും, മാർക്കോപോളോയുടെ സന്ദർശനം മുതൽ കറുപ്പുയുദ്ധങ്ങൾവരെയുള്ള ചരിത്രാംശങ്ങൾ രണ്ടാം ഭാഗമായും വിവരിക്കുന്നു. തുടർന്നു് ആധുനികഘട്ടംവരെയുള്ള കാര്യങ്ങൾ മൂന്നാം ഭാഗമായും പ്രതിപാദിക്കുന്നു. ഈ മൂന്നു ഭാഗങ്ങളിലുമായി 23 അദ്ധ്യായങ്ങളും, അവസാനം ഒരു അനുബന്ധവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേരളത്തിലെ സ്വാതന്ത്ര്യസമരം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കേരളം നല്കിയിട്ടുള്ള മഹത്തായ സംഭാവനകൾ, സി. നാരായണപിള്ളയും കെ. ദാമോദരനും (മലബാർ) ചേർന്നെഴുതിയിട്ടുള്ള പ്രസ്തുത കൃതിയിൽ വിവരിക്കുന്നു. തിരുവിതാംകൂറിലെ ഭാഗം നാരായണപിള്ളയും, കൊച്ചി, മലബാർഭാഗങ്ങളിലേതു് ദാമോദരനുമാണു് എഴുതിയിട്ടുള്ളതു്. ദാമോദരൻ എഴുതിയിട്ടുള്ള ഒന്നാംഭാഗം, സ്വാതന്ത്ര്യസമരത്തിൻ്റെ ആരംഭംമുതൽ ഐക്യകേരളം വരെയുള്ള കാര്യങ്ങൾ 13 അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്നു. നാരായണപിള്ള എഴുതിയിട്ടുള്ള രണ്ടാം ഭാഗത്തിൽ, വേലുത്തമ്പിമുതൽ കൊച്ചിയിലെ പ്രജാമണ്ഡലംവരെയുള്ള കാര്യങ്ങൾ 15 അദ്ധ്യായങ്ങളിലുമായി വിവരിച്ചിരിക്കുന്നു.
