ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

കേരളം അറുന്നൂറു കൊല്ലം മുമ്പു്: കേരളചരിത്രസംബന്ധമായി നാം നേടിക്കഴിഞ്ഞിട്ടുള്ള അറിവു് ഇനിയും അപൂർണ്ണമെന്നേ പറയേണ്ടൂ. പ്രാചീന-മദ്ധ്യഘട്ടങ്ങളിലെ ചരിത്രം കുറെയെങ്കിലും നാം അറിയുന്നതു് വിദേശികളുടെ സഞ്ചാരക്കറിപ്പുകളിൽനിന്നുമാണു്. അങ്ങനെയുള്ള യാത്രാവിവരണങ്ങളിൽ അപ്രധാനമല്ലാത്ത ഒന്നത്രെ ‘കേരളം അറുന്നൂറു കൊല്ലം മുമ്പു്” എന്ന കൃതി.

മൊറോക്കോവിലെ ടാൻജീയർ എന്ന നഗരത്തിൽ എ.ഡി. 1304-ൽ ജനിച്ച ‘ഇബനുബതൂത്ത’ പ്രസിദ്ധനായ ഒരു സഞ്ചാരിയായിരുന്നു. 1333-ൽ അദ്ദേഹം ഡൽഹിയിൽ എത്തി. മുഹമ്മദ് തുഗ്ലക്കിൻ്റെ ആതിഥ്യമേറ്റു് എട്ടുകൊല്ലത്തോളം അവിടെ കഴിഞ്ഞുകൂടി. 1342-ൽ അദ്ദേഹം തുഗ്ലക്കിൻ്റെ ദൗത്യവുമായി ചൈനയിലേക്കു പുറപ്പെട്ടു. കോഴിക്കോട്ടു വന്നിട്ടായിരുന്നു കപ്പൽയാത്ര. പെട്ടെന്നുണ്ടായ പ്രതികൂലാവസ്ഥയാൽ അദ്ദേഹം അന്നു കപ്പൽ യാത്ര ചെയ്തില്ല. ബതൂത്ത കുറെക്കാലം കേരളത്തിലും പരിസരപ്രദേശങ്ങളിലുമായിക്കഴിഞ്ഞിട്ട് ഡൽഹിയിൽ മടങ്ങിയെത്തി. ഡൽഹിയിൽനിന്നു സ്വദേശത്തേക്കു പോകുവാൻ അദ്ദേഹം 1349-ൽ വീണ്ടും കോഴിക്കോട്ടുവന്നു. അങ്ങനെ കേരളത്തെപ്പറ്റി കുറെയൊക്കെ അറിയുവാൻ ആ സഞ്ചാരിക്കു കഴിഞ്ഞു. സ്വദേശമായ മൊറോക്കോവിൽ എത്തിയ ബതൂത്ത അവിടത്തെ സുൽത്താൻ്റെ നിർദ്ദേശമനുസരിച്ചു താൻ സഞ്ചരിച്ച രാജ്യങ്ങളുടെ ഒരു വിവരണം അറബി ഭാഷയിൽ എഴുതുകയുണ്ടായി. ബൃഹത്തായ ആ ഗ്രന്ഥത്തിൽനിന്നു്, കേരളം, മാലദ്വീപുകൾ, സിലോൺ, കോറാമണ്ഡൽ എന്നീ സ്ഥലങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗങ്ങൾ വേലായുധൻ പണിക്കശ്ശേരി, എൻ. അബ്‌ദുൽ റഷീദ് മൗലവി എന്നിവർ ചേർന്നു വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു പ്രസ്തുതഗ്രന്ഥം. അറുന്നൂറുകൊല്ലം മുമ്പ് കേരളത്തിൽ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായി ഉണ്ടായിരുന്ന വ്യവസ്ഥിതികൾ എന്തൊക്കെയെന്നു സാമാന്യമായി മനസ്സിലാക്കുവാൻ ഈ പുസ്തകം നമ്മെ സഹായിക്കും. അറബി ഭാഷയിൽനിന്നു നേരിട്ടു വിവർത്തനം ചെയ്ത ഈ പരിഭാഷകന്മാർ അഭിനന്ദനാർഹരാണ്.