ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ: ഒരു കേരളീയനായ ശൈഖ് സൈനുദ്ദീൻ അറബിഭാഷയിൽ എഴുതിയ ഒരു ഗ്രന്ഥത്തിൻ്റെ പരിഭാഷയാണിത്. ഇബ്‌നുബതൂത്തയുടെ ‘കേരളം അറുന്നൂറുകൊല്ലംമുമ്പു’ എന്ന കൃതി വിവർത്തനം ചെയ്ത വേലായുധൻ പണിക്കശ്ശേരിയാണു് ഇതിൻ്റെയും വിവർത്തകൻ. ഇതു സസൂക്ഷ്മം പരിശോധിക്കുമ്പോൾ, ‘ഗ്രന്ഥകാരൻ്റെ വിവരണം നിഷ്പക്ഷതാവീക്ഷണത്തിൻ്റെ പ്രതിഫലനമാണു’ എന്നു വിവർത്തകനും. “ചരിത്രത്തിൻ്റെ സത്യസന്തത കലർന്ന വിലപ്പെട്ട ഈ ഗ്രന്ഥം” എന്നു അവതാരികാകാരനും വിശേഷിപ്പിക്കുന്ന ഈ കൃതി, 15-ഉം, 16-ഉം നൂറ്റാണ്ടുകളിലെ സത്യസന്ധമായ ഒരു ചരിത്രരേഖയായി കണക്കാക്കാമെന്നു തോന്നുന്നില്ല. പോർടുഗീസുകാരും അറബികളും തമ്മിൽ പ്രസ്തുത നൂറ്റാണ്ടുകളിൽ നടന്ന വ്യാപാരമത്സരമാണു് ഈ കൃതിയുടെ പശ്ചാത്തലം. അറബികളുടെ വക്താവായ സൈനുദ്ദീൻ ഇവിടത്തെ മുസ്ലീങ്ങളെ അമുസ്ലീങ്ങളായ പോർട്ടുഗീസുകാർക്കെതിരായി അണിനിരത്തുവാനും മറ്റുമാണു് ഇതിൽ മുഖ്യമായും യത്നിച്ചുകാണുന്നതു്. പോർട്ടുഗീസുകാർ ചെയ്തിട്ടുള്ള ദ്രോഹങ്ങളാണു് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യത്തിൽ ഏറിയഭാഗവും.

ഈ ചുറ്റുപാടിൽ, ഇതിലെ നേരും നുണയും തിരിച്ചറിയുവാൻ, എത്രത്തോളം വസ്തുനിഷ്ഠമാണു് ഇതിലെ പ്രസ്താവങ്ങൾ എന്നു നിർണയിക്കുവാൻ, ഒരു ഗവേഷണം തന്നെ ചെയ്യേണ്ടതായിട്ടാണിരിക്കുന്നതു്. ഈ അംശം എങ്ങനെയായിരുന്നാലും വിവർത്തകൻ്റെ ഉദ്യമം, വിരളമായ നമ്മുടെ ചരിത്രശാഖയ്ക്കു മുതൽക്കൂട്ടു വർദ്ധിപ്പിക്കുവാൻ സഹായകമായിത്തീർന്നിട്ടുണ്ടെന്നുള്ളതിനു സംശയമില്ല.