ചരിത്രവിജ്‌ഞാനീയം
വില്ലാർവട്ടം: പോർട്ടുഗീസുകാരുടെ ആഗമനത്തിനു്’ ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പുവരെ പെരുമ്പടപ്പുസ്വരൂപത്തിൻ്റെ കീഴിൽ ഭരണം നടത്തിയിരുന്ന ഒരു രാജവംശമാണു് വില്ലാർവട്ടം. ഈ രാജവംശത്തിൻ്റെ ചരിത്രത്തെസ്സംബന്ധിച്ചു് ഒട്ടുവളരെ വിവാദങ്ങൾ നടന്നിട്ടുണ്ട്. ഏകദേശം മുപ്പത്തെട്ടുകൊല്ലങ്ങൾക്കുമുമ്പ് ‘കൈരളി’യിൽ കുപ്പക്കാട്ടു നാരായണമേനോനും വി. കെ. ജോസഫ് മാപ്പിളയും തമ്മിൽ ഘോരമായ ഒരു തൂലികാസമരം നടന്നതു് ഈയവസരത്തിൽ ഓർമ്മയിൽ വരുന്നു. വില്ലാർവട്ടം ചരിത്രകഥയെ പശ്ചാത്തലമാക്കി ചില കൃതികൾ മലയാള സാഹിത്യത്തിൽ വളരെ മുമ്പേതന്നെ ഉത്ഭവിച്ചിട്ടുണ്ടു്. അവയിൽ, കട്ടക്കയത്തിൽ ചെറിയാൻമാപ്പിള ഏകദേശം 68 കൊല്ലങ്ങൾക്കു മുമ്പെഴുതിയിട്ടുള്ള ‘വില്ലാർവെട്ടം നാടക’വും, തിരുവിതാംകൂറിൽ അഞ്ചൽ സൂപ്രണ്ടായിരുന്ന ടി. ജോസഫ് ബി. എ. എഴുതിയിട്ടുള്ള ‘ചേരമാൻ മകുടം’, വി. കെ. ജോസഫ്‌മാപ്പിള്ള എഴുതിയിട്ടുള്ള ‘വില്ലാർവട്ടം ചക്രവത്തി’ എന്നീ ആഖ്യായികകളും പ്രത്യേകം പ്രസ്താവാർഹങ്ങളാകുന്നു. വളരെ പ്രാധാന്യമർഹിക്കുന്നതും, എന്നാൽ ഭിന്നാഭിപ്രായങ്ങൾ ധാരാളമുള്ളതുമായ ഈ വംശചരിത്രത്തെ, കിട്ടാവുന്നിടത്തോളം തെളിവുകളും രേഖകളും വെളിപ്പെടുത്തി വിവരിക്കുകയാണു് ‘വില്ലാർവട്ടം’ എന്ന ഈ ഗ്രന്ഥത്തിൽ എം. ഒ. ജോസഫ്, നെടുങ്കുന്നം ചെയ്തിട്ടുള്ളതു്. പ്രതിപാദ്യവിഷയത്തെ 12 അദ്ധ്യായങ്ങളായി വിഭജിച്ചു് ഓരോന്നും സമഞ്ജസമായി പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥകാരൻ്റെ ഗവേഷണ കുശലത പ്രശംസാർഹമത്രെ. വിഷയാനുക്രമണിക ഗ്രന്ഥത്തിൽ കാണുന്നില്ല. ഇത്തരം കൃതികളിൽ അതനുപേക്ഷണീയമാണു്.
