ചരിത്രവിജ്‌ഞാനീയം
കേരളപഴമ: മൂന്നാമദ്ധ്യായത്തിൽ ഈ ഗ്രന്ഥത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടല്ലോ. പോർട്ടുഗീസുകാരുടെ വരവിനുമുമ്പുവരെ കേരളചരിത്രത്തെസ്സംബന്ധിച്ചു് പറയുവാൻ ചില ശിലാശാസനങ്ങളും, വിദേശികളുടെ സഞ്ചാരക്കുറിപ്പുകളും മാത്രമേ നമുക്കിന്നുള്ളു. പോർട്ടഗീസുകാരുടെ കാലംമുതലാണു് സമകാലീനചരിത്രത്തെപ്പറ്റി വല്ല വിവരങ്ങളും രേഖപ്പെടുത്തിവയ്ക്കുന്ന സമ്പ്രദായം കേരളത്തിൽ ആരംഭിച്ചിട്ടുള്ളതു്. അതും വിദേശീയരായ ആ പോർട്ടുഗീസുകാർതന്നെയാണ് ആരംഭിച്ചിട്ടുള്ളതും. അങ്ങനെ അവരുടെ കേരളവാസകാലത്തു് അവർ രേഖപ്പെടുത്തിയിട്ടുള്ള യഥാതഥമായ ഒരു ചരിത്രമാണു്’ ‘കേരളപഴമ’, മഹാപണ്ഡിതനായിരുന്ന ഗുണ്ടർട്ട്സായ്പ് അനേകം പോർട്ടുഗീസ് രേഖകൾ പരിശോധിച്ചു തയ്യാറാക്കി 1868-ൽ മംഗലാപുരത്തുനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി.
കേരളപഴമയുടെ കോപ്പികൾ കിട്ടാതായിട്ട് ഇപ്പോൾ വർഷങ്ങൾ അനേകമായിരിക്കുന്നു. പ്രസ്തുതകൃതി ഈയിടെ കോട്ടയം വിദ്യാത്ഥിമിത്രം ബുക്കുഡിപ്പോവിൽനിന്നും (1959-ൽ) അതിൽ പിന്നീട് തിരുവനന്തപുരം ബാലൻ പബ്ലിക്കേഷൻസിൽനിന്നും പുനഃപ്രകാശനം ചെയ്തിട്ടുണ്ട്. 1498 മുതൽ 1531 വരെയുള്ള 33 വർഷത്തെ പോർട്ടുഗീസുകാരുടെ ദീനക്കുറിപ്പുകൾ അഥവാ കേരളചരിത്രമാണ് ഇതിലെ ഉള്ളടക്കം. കേരളചരിത്രനിർമ്മാതാക്കൾക്കു് അനർഘമായ ഒരു രേഖതന്നെയാണിതു്. പറങ്കികളുടെ നിഷ്ടൂരതയും, സാമൂതിരിയുടെ വക്രതയും മറ്റും വളരെ തന്മയത്വത്തോടുകൂടി ഇതിൽ വർണ്ണിച്ചിട്ടുണ്ടു്. പ്രചാരലുപ്തങ്ങളായ പല പദങ്ങളും ഇതിൽ കാണാം.
