ചരിത്രവിജ്‌ഞാനീയം
കേരളചരിത്രം: പരശുരാമപ്രതിഷ്ഠിതമായ കേരളത്തിൻ്റെ തുടക്കംമുതൽ അതു ഫ്യൂഡലിസത്തിലേക്കു കടക്കുന്നതുവരെയുള്ള ചരിത്രസംഭവങ്ങൾ യുക്തിവിചാരത്തോടുകൂടി 15 അദ്ധ്യായങ്ങളിൽ വിമർശിക്കുന്ന ഒരു ചരിത്രഗ്രന്ഥമാണ് മലബാർ കെ. ദാമോദരൻ്റെ കേരളചരിത്രം ഒന്നാംഭാഗം. ദാമോദരൻ്റെ മറെറാരു കൃതിയാണ് ഇന്ത്യയുടെ ആത്മാവ്”. അതിനെപ്പററി ഈ അദ്ധ്യായത്തിൽത്തന്നെ മറെറാരു ഭാഗത്തു പ്രസ്താവിക്കുന്നതാണു്.
ഐതിഹ്യങ്ങൾ
സമഗ്രമായ ഒരു കേരളചരിത്രം ഇനിയും നമുക്കു ലഭിച്ചുകഴിഞ്ഞിട്ടില്ല. പോർട്ടുഗീസുകാരുടെ കാലംമുതലിങ്ങോട്ടുള്ള കേരളചരിത്രം ഏറെക്കുറെ നമുക്കു ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നു പറയാം. അതിനുമുമ്പുള്ള കേരളചരിത്രമാണു് ഇന്നും അന്ധകാരമയമായിരിക്കുന്നതു്. കേരളചരിത്രസാമഗ്രികൾ പലതും ഇവിടെത്തന്നെ ചിന്നിച്ചിതറിക്കിടപ്പുണ്ടു്. പുരാതനകൃതികൾ, ശാസനങ്ങൾ, പുരാണവസ്തുക്കൾ, പ്രാചീന നാണയങ്ങൾ, വൈദേശികരുടെ യാത്രാവിവരണങ്ങൾ എന്നു തുടങ്ങിയവ ഓരോന്നും അവയിൽ ഉൾപ്പെടുന്നു. നാട്ടിൽ നടപ്പുള്ള പലമാതിരി ഐതിഹ്യങ്ങളും ചരിത്രഗവേഷണ വിഷയത്തിൽ ഗണ്യമായ ഒരു സ്ഥാനം അർഹിക്കുന്നവയാണ്. അത്തരം ഐതിഹ്യങ്ങളിൽ ചിലതിനെപ്പറ്റിയുള്ള വിവരങ്ങളാണു് താഴെ കുറിക്കുന്നതു്:
കേരളോൽപത്തി: പേരുകൊണ്ടു് ഇതൊരു കേരളചരിത്രമാണന്നു തോന്നും. കേരളത്തിൻ്റെ ഉൽപത്തി, ചരിത്രം തുടങ്ങിയവ ഇതിൽ വിവരിക്കുന്നുമുണ്ട്. എന്നാൽ അതിനു് ഐതിഹ്യങ്ങളേക്കാൾ ഉപരിയായ ഒരു സ്ഥാനം കല്പിക്കേണ്ടതില്ല. കേരളോൽപത്തി എന്ന പേരിൽ പലഗ്രന്ഥങ്ങളും പല കോവിലകങ്ങളിലെ ഈടുവെപ്പുകളിലും മനകളിലും മറ്റും സൂക്ഷിച്ചുവരുന്നുണ്ട്. അവയിൽ ചിലതു പകർപ്പും പകർപ്പിൻ്റെ പകർപ്പുകളുമാണു്. എങ്കിലും മിക്കവയും ഇന്നും സൂര്യപ്രകാശം ഏല്പിക്കാതെ സൂക്ഷിച്ചു വരികയുമാണു്. ഗുണ്ടർട്ടു മുതലായ പണ്ഡിതന്മാരുടെ പരിശ്രമഫലമായിട്ടാണു് ചിലതെങ്കിലും വെളിയിൽ വരുവാനിടയായിട്ടുള്ളതു്. 1843-ലായിരുന്നു ഗുണ്ടർട്ടിൻ്റെ ഗവേഷണഫലമായി കേരളോൽപത്തിയുടെ പ്രസിദ്ധീകരണം * (പ്രസ്തുതകൃതി, ഈയിടെ തിരുവനന്തപുരം ബാലൻപബ്ളിക്കേഷൻസിൽ നിന്നു പുനഃപ്രകാശനം ചെയ്തിട്ടുണ്ടു്). തൃശൂർ ഭാരതവിലാസം അച്ചുക്കൂടത്തിൽനിന്നു് കുറെ വർഷങ്ങൾക്കുമുമ്പ് ഒന്നുരണ്ടു കൃതികൾ പ്രസിദ്ധപ്പെടുത്തിയിരുന്നതായി ഓർക്കുന്നുണ്ടു്. 1953-ൽ മദിരാശി സർവ്വകലാ ശാലയിൽനിന്നു്, ഗുണ്ടർട്ടിൻ്റെയോ മെക്കൻസിയുടെയോ കൈയെഴുത്തുപ്രതിയിൽനിന്നു ഡോക്ടർ സി. അച്യുതമേനോൻ സമ്പാദിച്ചതായിരിക്കണം, ഒരു കേരളോൽപത്തി ഡോക്ടർ എസ്. കെ. നായർ പ്രസിദ്ധപ്പെട്ടത്തിയിട്ടുണ്ടു്.
