ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

കേരളോൽപത്തി എന്ന പേരിൽ കാണുവാൻ കഴിഞ്ഞിട്ടുള്ള കൃതികളിൽനിന്ന് അവയുടെ കാലം, കർത്തൃത്വം എന്നിവയൊന്നും ഗ്രഹിക്കുവാൻ സാധ്യമല്ല. ഈവക ഗ്രന്ഥങ്ങൾ മിക്കവയും 16-ാംനൂറ്റാണ്ടിലോ അതിൽപിന്നീടോ നിർമ്മിച്ചവയായിരിക്കണമെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാൽ കൊച്ചിയും കോഴിക്കോടും തമ്മിലുണ്ടായ യുദ്ധങ്ങളും, പോർട്ടുഗീസുകാരുടെ ആഗമനവിവരങ്ങളും മറ്റും പലതിലും പ്രസ്താവിച്ചുകാണുന്നുണ്ടു്. മദിരാശി സർവ്വകലാശാലയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മുൻപറഞ്ഞ കൃതിയിൽ എട്ടുവീടർ തുടങ്ങിയവരുടെ കഥകൾ വിവരിച്ചുകാണുന്നതിനാൽ അതും അധികം പ്രാചീനമല്ലെന്നുള്ളതു സ്പഷ്ടമാണു്.

മദിരാശിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗ്രന്ഥത്തിലെ പ്രമേയം 102 അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. കൃതവീര്യൻ്റെ പുത്രനായി കാർത്തവീര്യൻ ജനിച്ച കഥയോടുകൂടിയാണു് ഗ്രന്ഥം ആരംഭിക്കുന്നതു്. പരശുരാമ-വിശ്വാമിത്രന്മാരുടെ ഉൽപത്തിയും കാർത്തവീര്യൻ്റെ വധവും തുടന്നുവരുന്നു. വീരഹത്യാദോഷം നീങ്ങാൻ പരശുരാമൻ ഗോകർണത്തുചെന്നു വരുണനോടു ഭൂമി ആവശ്യപ്പെടുന്നതും, മഴുവെറിഞ്ഞു് 100 കാതം നീളവും 10 കാതം വീതിയുമുള്ള ഭൂമി ഉണ്ടാക്കിക്കൊൾവാൻ വരുണൻ അനുമതി നല്കുന്നതുമായ കഥയാണു് പിന്നീടു വിവരിക്കുന്നതു്. പുതിയ ഭൂഭാഗത്തിനു കേരളമെന്നു പേർ നല്കി. ഇന്ദ്രപുത്രനായ ജയന്തനു കേരളൻ എന്നൊരു പുത്രനുണ്ടായിരുന്നുവെന്നും അദ്ദേഹം രക്ഷിക്കമൂലമാണു് കേരളത്തിനു് ആ പേർ ലഭിച്ചതെന്നും കൂടി ഇതിൽ പ്രസ്താവിക്കുന്നുണ്ട്.

ഇങ്ങനെ ആദ്യത്തെ 7 അദ്ധ്യായങ്ങൾകൊണ്ടു കേരളോൽപത്തികഥ വിവരിക്കുന്നു. പിന്നീട് പല കഥകളും ഒരു ക്രമവുമില്ലാതെ തുടർന്നിരിക്കയാണു്. ഏതാനും അദ്ധ്യായങ്ങളിൽ 61 ഗ്രാമങ്ങളുടെ ഉത്ഭവത്തെപ്പറ്റിയാണു പ്രതിപാദിക്കുന്നതു്. കേരളഭാഷയും കേരളാചാരങ്ങളും സൃഷ്ടിച്ച കഥയും ഒരു ഭാഗത്തു വിവരിക്കുന്നുണ്ടു്. 18-ാം അദ്ധ്യായം മുതൽ കേരളത്തിലെ മഹാക്ഷേത്രങ്ങളുടേയും അവയിലെ പ്രതിഷ്ഠകളുടേയും ഉൽപത്തിയെക്കുറിച്ചുള്ള പലതരം ഉപാഖ്യാനങ്ങളാണു്. പിഷാരടി, ഇളയതു് തുടങ്ങിയ അന്തരാളവർഗ്ഗങ്ങളുടെ കഥയും ഇതിനിടയ്ക്കു വിവരിക്കുന്നുണ്ടു്. പിന്നീടു പെരുമാൾവാഴ്ചയുടെ ഉൽപത്തിയായി; തുടന്നു് പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും: ദുർവ്വാസാവു ബൗദ്ധസ്ത്രീയിൽ ഭ്രമിച്ചതു് എന്നു തുടങ്ങി പാലിയത്തുമേനോൻ, എട്ടുവീട്ടിൽ പിള്ളമാർ, എന്നുവരെയുള്ള പല കഥകളും. ഒടുവിൽ “ചിങ്ങമാസം തിരുവോണത്തുംന്നാൾ എൻ്റെ കേരളരാജ്യത്തു തൃശ്ശിവപേരൂർ ശ്രീമൂലസ്ഥാനത്തു ഞാൻ വരുമെന്നും നിങ്ങൾ സൗഖ്യമായിട്ട് ഇരിക്കവേണ്ടു” എന്നും കല്പിച്ചു പരശുരാമൻ തപസ്സിന്നു ഹിമാലയത്തിലേക്കു് എഴുന്നള്ളുന്നതോടുകൂടി കേരളോൽപത്തികഥയും അവസാനിക്കുന്നു.