ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ഐതിഹ്യമാലയുടെ ഒന്നാം ഭാഗം 1084. എട്ടാംഭാഗം 1111-ലും, മറ്റു ഭാഗങ്ങൾ ഇവയുടെ ഇടയ്ക്കുള്ള ചില കാലഘട്ടങ്ങളിലുമായിട്ടാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. പന്തളം കൃഷ്ണവാര്യർ ഗ്രന്ഥകർത്താവിൻ്റെ ഒരു ജീവചരിത്രം ഇവയിൽ എഴുതിച്ചേർത്തിട്ടുള്ളതും പ്രസ്താവയോഗ്യമാണു്. ഐതിഹ്യമാലയുടെ നിർമ്മാണംകൊണ്ടു് ശങ്കുണ്ണിയും, അതിൻ്റെ പ്രസാധനംകൊണ്ടു് വെള്ളായ്ക്കൽ നാരായണമേനോനും കേരളീയരുടെ സ്മരണയ്ക്ക് എന്നും അർഹരായിത്തീർന്നിട്ടുണ്ട്.

ഐതീഹ്യമുക്താവലി: കേരളം ഐതിഹ്യങ്ങളുടെ വിലാസ ഭൂമിയാണു്. വിജ്ഞന്മാരും വൃദ്ധന്മാരുമായ ചിലരുടെ ഓർമ്മച്ചെപ്പുകളിലാണു് അവ ഇന്നും സൂക്ഷിച്ചുപോരുന്നത്. അവയെ ഇന്നു രേഖപ്പെടുത്തിവെക്കേണ്ടതു് നാളത്തെ ലോകത്തിനു് ഏറ്റവും ആവശ്യമാണു്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലവഴിക്കു് ആ കൃത്യം കുറെയൊക്കെ നിർവ്വഹിച്ചതായി മുകളിൽ സൂചിപ്പിച്ചുവല്ലൊ. ടി. എസ് അനന്തസുബ്രഹ്മണ്യത്തിൻ്റെ ഐതിഹ്യമുക്താവലി ശങ്കുണ്ണി തുടങ്ങിവച്ച വേലയെ പിന്തുടരുവാൻ വിരുതുള്ള ചിലരെങ്കിലും ഉണ്ടെന്നുള്ളതിനെ വ്യക്തമാക്കുന്നു. ഉത്തരകേരളത്തെ അധികരിച്ചുള്ള പതിനൊന്നു കഥകളാണ് അതിൽ അടങ്ങിയിട്ടുള്ളതു്. ഓരോന്നും ചരിത്രസ്ഫുരണങ്ങളും തത്ത്വശകലങ്ങളും ഉൾക്കൊള്ളുന്നവയത്രെ.

ഐതിഹ്യങ്ങൾ: ക്ഷേത്രസംബന്ധമായും മറ്റും ഒട്ടുവളരെ ഐതിഹ്യങ്ങൾ കെ. എസ്‌. നീലകണ്ഠനുണ്ണി ചില മാസികകളിലും ദിനപ്പത്രങ്ങളിലുമായി പ്രസിദ്ധപ്പെടുത്തിവന്നിരുന്നു. അവയിൽനിന്നു കുറെയൊക്കെ സമാഹരിച്ചിട്ടുള്ളതാണു്’ ‘ഐതിഹ്യങ്ങൾ’ ഒന്നാം ഭാഗം. ഐതിഹ്യ പ്രാധാന്യമുള്ള കഥകൾ ശേഖരിക്കുന്ന വിഷയത്തിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയെപ്പോലെതന്നെ നീലകണ്ഠനുണ്ണിയും വളരെയധികം ക്ലേശം സഹിച്ചിട്ടുണ്ടു്. നഷ്ടപ്രായമായിത്തീരാവുന്ന അത്തരം കഥകൾ പരിശോധിച്ചു വിവേചനാബുദ്ധിയോടുകൂടി പ്രസിദ്ധപ്പെടുത്തുന്നതു നമ്മുടെ ചരിത്രശാഖയ്ക്കും ഒരു നേട്ടമാണു്.

പഴഞ്ചൊൽ കഥകൾ: കേരളത്തിൽ സാർവ്വത്രികമായും ചിലതു് ചിലേടത്തു മാത്രമായും പ്രചാരത്തിൽവന്നിട്ടുള്ള ചില പഴഞ്ചൊല്ലുകളും അവയ്ക്കാസ്പദമായ പുരാവൃത്തങ്ങളും, കോർത്തിണക്കി ആദർശാത്മകമായി രചിച്ചിട്ടുള്ള ഏതാനും കഥകളുടെ സമാഹാരമാണു് വി. ടി. ശങ്കുണ്ണി മേനോൻ്റെ പഴഞ്ചൊൽകഥകൾ.