ചരിത്രവിജ്‌ഞാനീയം
കൊളത്തേരി: സാഹിത്യഗവേഷകന്മാരുടെ കൂട്ടത്തിൽ കൊളത്തേരി ശങ്കരമേനോനും ഒരു സ്ഥാനം നല്കേണ്ടതുണ്ടു്. തിരുവനന്തപുരം പ്രാചീന മലയാളഗ്രന്ഥ പ്രസിദ്ധീകരണശാലയുടെ ക്യൂറേറ്റർ ആയിരുന്ന കാലത്ത് അദ്ദേഹം അനേകം പ്രാചീന കൃതികൾ കണ്ടെടുക്കുകയും, പലതും അവതാരികകൾ ചേർത്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അവയിൽ ഭാഷാരാമായണചമ്പു സവിശേഷം സ്മരണീയമാകുന്നു. അതിനു എഴുതിച്ചേർത്തിട്ടുള്ള അവതാരിക, ശങ്കരമേനോൻ്റെ ഗവേഷണ പാടവത്തേയും സഹൃദയത്വത്തേയും വിളിച്ചുപറയുന്ന ഒന്നത്രെ. കൊടിയ വിരഹം, ചന്ദ്രോത്സവം മുതലായ കൃതികളും ഗവേഷണപരവും നിരൂപണപരവുമായ അവതാരികകളോടുകൂടി അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും സ്മരണീയമാകുന്നു.
ഉള്ളൂർ: മഹാകവി ഉള്ളൂരിൻ്റെ ഗവേഷണം സുപ്രസിദ്ധമാണു്. തിരുവനന്തപുരത്തെ പ്രാചീന മലയാളഗ്രന്ഥ പ്രസിദ്ധീകരണശാലയിൽ നിന്ന് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വ്യവഹാരമാല, പടപ്പാട്ട് മുതലായ കൃതികൾ, അദ്ദേഹത്തിൻ്റെ അന്വേഷണശക്തിയുടെ തീവ്രതയെ വിളിച്ചുപറയുന്നവയാണു്. ‘വിജ്ഞാനദീപിക’യിലെ അനേകം പ്രബന്ധങ്ങളും അതുപോലെതന്നെ.
വടക്കംകൂർ: കവിതിലകൻ വടക്കുംകൂർ രാജരാജവർമ്മയുടെ സാഹിത്യ ഗവേഷണങ്ങളും സുപ്രസിദ്ധമാണു്. അദ്ദേഹത്തിൻ്റെ സംസ്കൃത സാഹിത്യചരിത്രം (4 ഭാഗങ്ങൾ) ഈ വിഷയത്തിൽ പേർപെറ്റ മഹാപ്രബന്ധമത്രെ. തൽസംബന്ധമായി അന്യത്ര പ്രസ്താവിച്ചിട്ടുമുണ്ട്. സാഹിത്യമഞ്ജുഷികയിലെ പല പ്രബന്ധങ്ങളും തമ്പുരാൻ്റെ ഗവേഷണത്തിനു സാക്ഷ്യംവഹിക്കുന്നവതന്നെ.
