ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

എ. ബാലകൃഷ്ണപിള്ളയുടെ ഗവേഷണങ്ങൾ : പുരാതന ചരിത്രത്തിൻ്റെയും സംസ്ക്‌കാരങ്ങളുടേയും ഗവേഷകൻ എന്ന നിലയിൽ ആധുനിക കാലത്തു കേരളീയരിൽ ഏറ്റവും അറിയപ്പെടുന്ന ഒരു പണ്ഡിത മൂർദ്ധന്യനാണ് എ. ബാലകൃഷ്ണപിള്ള. മാതൃഭൂമി ആഴ്ചപ്പതിപ്പുവഴിക്കും മറ്റും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചരിത്രഗവേഷണങ്ങൾ നിരവധിയാണ്. ബൈബിളിൽ പ്രസിദ്ധമായ ‘നോഹ’, ആദിശങ്കരൻ, തോമസ് അപ്പസ്തോലൻ്റെ കബറടക്കം, കേരളോൽപത്തിയിലെ പള്ളിബാണപ്പെരുമാൾ, കാളിദാസൻ്റെ നാമധേയം എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി ബാലകൃഷ്ണപിള്ള പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങൾ പക്ഷാന്തരമുള്ളവയായിരിക്കാമെങ്കിലും, ആരെയും അത്ഭുതം കൊള്ളിക്കുന്നവയാണു്. അദ്ദേഹത്തിൻ്റെ ബുദ്ധിച്ചൂളയിൽ നീറ്റിയെടുത്തു പ്രകാശിപ്പിക്കുന്ന പലതും സാമാന്യബുദ്ധികൾക്കു തലവേദന ജനിപ്പിക്കുകതന്നെ ചെയ്യും. വേണ്ടത്ര ക്ഷമയും സഹിഷ്ണുതയും ഉള്ളവർക്കേ അദ്ദേഹത്തിൻ്റെ ചിന്താകുശലത കുറെയെങ്കിലും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

പ്രാചീന കേരള ചരിത്ര ഗവേഷണങ്ങൾ: ഇതു ബാലകൃഷ്ണപിള്ള ഗ്രന്ഥരൂപത്തിൽ പ്രകാശിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു്. പണ്ടത്തെ കേരളവിഭാഗങ്ങളും ഭരണരീതിയും, ചേരമാൻപെരുമാക്കന്മാരുടെ ബിരുദങ്ങൾ, ചിലപ്പതികാരം, പതിറ്റിപ്പത്തും ചിലപ്പതികാരവും, ചേരമാൻപെരുമാക്കന്മാർ ഇങ്ങനെ അഞ്ചു പ്രബന്ധങ്ങളാണു് പ്രസ്തുതകൃതിയിൽ ഉള്ളതു്.

വി. ആർ. പരമേശ്വരൻപിള്ള: വളരെക്കാലമായി ഗവേഷണ പദ്ധതിയിൽ പ്രയത്നിച്ചുപോരുന്ന കേരളത്തിലെ ഒരു പ്രസിദ്ധ പണ്ഡിതനാണ് വി. ആർ. പരമേശ്വരൻപിള്ള എം. എ. പുരാവൃത്തദീപിക, നമ്മുടെ ചരിത്രസാമഗ്രികൾ, ചരിത്രഗവേഷണത്തിൻ്റെ പുരോഗതി മുതലായവ അദ്ദേഹത്തിൻ്റെ ചരിത്രാന്വേഷണതല്പരതയുടെ ഫലമായി ഉടലെടുത്തിട്ടുള്ള ഏതാനും കൃതികളത്രെ. ഈയിടെ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘പ്രാചീനലിഖിതങ്ങൾ’ എന്ന ഗ്രന്ഥം ഈയവസരത്തിൽ സവിശേഷം പ്രസ്താവയോഗ്യമാകുന്നു. ഭാരതത്തിലെ പുരാവസ്തു ഗവേഷണത്തിൻ്റെ വികസനത്തെയും മഹത്തായ സൈന്ധവ സംസ്‌കാരത്തേയും കുറിച്ചുള്ള ലഘുവിവരണങ്ങളോടുകൂടിയാണു് ഗ്രന്ഥം ആരംഭിക്കുന്നതു്. ഭാരതം, കേരളം, സ്മാരകങ്ങൾ, മതപരം, വിദ്യാഭ്യാസപരം, ഭരണപരം, കലകളും ആചാരങ്ങളും എന്നിങ്ങനെ ഗ്രന്ഥത്തിലെ ഉള്ളടക്കത്തെ ഏഴായി വിഭജിച്ച് ഓരോന്നും പിന്നെയും പലതായി തരംതിരിച്ചു ഏവർക്കും സുഗ്രഹമായ‌വിധത്തിൽ ഗ്രന്ഥകാരൻ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥത്തിൽ ചേർത്തിട്ടുള്ള അപ്രകാശിതലിഖിതങ്ങൾ, പഴയ കരണമാതൃകകൾ, വട്ടെഴുത്തു്, ഗ്രന്ഥം, തമിഴ് എന്നീ ലിഖിതങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ എന്നുതുടങ്ങിയ ഭാഗങ്ങൾ ചരിത്ര ഗവേഷകന്മാരുടെ ശ്രദ്ധയെ കൂടുതൽ ആകർഷിക്കുന്നവയാണു്.

കേരള ചരിത്രസംബന്ധമായ കൃതികളെപ്പറ്റിയാണു് ഇതേവരെ പ്രസ്താവിച്ചതു്. ഇനി ലോകചരിത്രത്തെ പൊതുവേയും, ഇന്ത്യാചരിത്രത്തെ പ്രത്യേകമായും സംബന്ധിക്കുന്ന ചില കൃതികളെക്കുറിച്ചുകൂടി നമുക്കു പര്യാലോചിക്കാം.