ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ലോകാലോകം: പണ്ഡിതരത്നമായ എം. രാജരാജവർമ്മ എഴുതിയിട്ടുള്ള ലോകചരിത്ര സംഗ്രഹമാണു് ‘ലോകാലോകം’. ഇതു നാലുഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ലോകത്തിൽ നടന്ന സംഭവങ്ങൾ ഓരോന്നും മനുഷ്യസമുദായത്തെ എങ്ങനെയുള്ള പരിവർത്തനങ്ങൾക്കു് അധീനമാക്കിയെന്നു് ഇവയിൽ വെളിപ്പെടുത്തുന്നു. “ഈ ഗ്രന്ഥത്തിലാകട്ടെ ലോകസാമാന്യത്തിൻ്റെ പുരോഗമനഘട്ടങ്ങളെ പ്രതിപാദിക്കുവാനാണു മുതിർന്നിട്ടുള്ളതു്. അതതു ഘട്ടങ്ങളെ ഉൽപാദിപ്പിക്കുന്നതിനു സഹായികളായിത്തീർന്നിട്ടുള്ള സംഗതികളേയും പ്രസ്താവിച്ചിരിക്കുന്നു” എന്ന പ്രസ്താവനതന്നെ നോക്കുക.

ഒന്നാംഭാഗത്തിൽ, ലോകത്തിൻ്റെ ഉത്ഭവം മുതൽ റോമാസാമ്രാജ്യവും യൂറോപ്പിൻ്റെ നവീകരണവും വരെയുള്ള ലോകചരിത്രഭാഗങ്ങൾ 33 അദ്ധ്യായങ്ങളിലായി അടക്കിയിരിക്കുന്നു. രണ്ടിൽ, 34 മുതൽ 65 വരെ അദ്ധ്യായങ്ങളിൽ ക്രിസ്തുവർഷം ആയിരാമാണ്ടിലെ ലോകാവസ്ഥ മുതൽ നെപ്പോളിയൻ്റെ കാലം വരെയുള്ള ചരിതമാണു വിവരിക്കുന്നതു്. മൂന്നാം ഭാഗത്തിൽ, 66 മുതൽ 88 വരെ അദ്ധ്യായങ്ങളിൽ, 19-ാം നൂറ്റാണ്ടിൽ ലോകത്തിലുണ്ടായിട്ടുള്ള അഭൂതപൂർവ്വമായ വ്യതിയാനങ്ങളെ വിവരിക്കുന്നു. അവസാനഭാഗത്തിൽ, 1914 മുതൽ അല്ലെങ്കിൽ ഒന്നാംലോകമഹായുദ്ധം മുതൽ, നാളതുവരെയുള്ള ചരിത്രഭാഗങ്ങളാണു പ്രതിപാദിച്ചിട്ടുള്ളത്. ആധുനിക ഘട്ടത്തെപ്പറ്റി വിവരിക്കുന്ന നാലാം ഭാഗം കൂടുതൽ ശ്രദ്ധാർഹമാണ്. ലോകത്തിലെ ആധുനികങ്ങളായ സമുദായങ്ങളുടെ ആദിമുതൽക്കുള്ള വളർച്ച കണ്ടറിയണമെങ്കിൽ ലോകാലോകം സശ്രദ്ധം പഠിക്കേണ്ടതുതന്നെ.

ബ്രിട്ടീഷ് സാമ്രാജ്യം: പ്രൊഫ്‌സർ എ. ഗോപാലമേനോൻ 1093-ൽ തിരുവനന്തപുരം ഭാഷാതിലകം പുസ്തകശാലവഴി പ്രസിദ്ധീകരിച്ചിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യ ചരിത്രമാണിതു്. ആദികാലം മുതൽ അന്തഃക്ഷോഭം, പൂർവ്വസ്ഥിതിയുടെ പര്യവസാനം എന്നുവരെയുള്ള – 1485 വരെയുള്ള – ബിട്ടൻ്റെ ചരിത്രം, ഒന്നാം ഭാഗത്തിലും, ബാക്കിയുള്ളതു രണ്ടാം ഭാഗത്തിലുമായി വിവരിച്ചിരിക്കുന്നു. ചരിത്രവിഷയത്തിൽ വേണ്ടത്ര അവഗാഹം സിദ്ധിച്ചിരുന്ന ഗോപാലമേനോൻ്റെ ഈ കൃതികൾ രണ്ടും നമ്മുടെ ചരിത്രസാഹിത്യത്തിനു വിലപ്പെട്ട മുതൽക്കൂട്ടുകൾ തന്നെ.