ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ലോകചരിത്രം ( മൂന്നു വാള്യങ്ങൾ ): ലോകചരിത്രത്തെ ആസ്പദമാക്കി ഒരു ഗ്രന്ഥം നിർമ്മിക്കുക അത്ര സുഖകരമോ ക്ഷിപ്രസാദ്ധ്യമോ ആയ ഒരു കൃത്യമല്ല. വിശേഷിച്ചു പ്രപഞ്ചോൽപത്തിമുതൽ ആധുനികഘട്ടം വരെയുള്ള കാലയളവിലെ എല്ലാവിധ സംഭവവികാസങ്ങളേയും ഉള്ളടക്കിയുള്ള ഒരു ചരിത്രത്തിൻ്റെ നിർമ്മാണം തുലോം ദുഷ്കരംതന്നെയാണു്. കെ. വി. ഗോപാലമേനോൻ ബി. എ., ബി. എൽ. മാതൃഭൂമി പ്രസ്സിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലോകചരിത്രത്തിൻ്റെ മൂന്നു വാള്യങ്ങൾ, ക്ലേശാവഹമായ അത്തരം ഒരു മഹാശ്രമത്തിൻ്റെ പ്രത്യക്ഷഫലമെന്നേ പറയേണ്ടു. ഒന്നാം വാള്യത്തിൽ, ജ്യോതിർല്ലോകം; സൂര്യൻ, ഭൂമി, ഗ്രഹങ്ങൾ; ജീവൻ്റെ ആഗമം, ജീവലോകത്തിൻ്റെ പുരോഗതി എന്നു തുടങ്ങി ക്രിസ്താബ്ദത്തിനടുത്തുള്ള ലോകത്തിൻ്റെ സാമ്പത്തിക സ്ഥിതിയും സംസ്‌കാരവും എന്നുവരെയുള്ള വിഷയങ്ങൾ 63 അദ്ധ്യായങ്ങളിലായി ഉള്ളടക്കിയിരിക്കുന്നു. രണ്ടാംവാള്യത്തിൽ, ക്രിസ്താബ്ദം മുതൽ 9-ാം നൂറ്റാണ്ടുവരെയുള്ള യൂറോപ്പുചരിത്രവും, ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ 16-ാം നൂറ്റാണ്ടുവരെയുള്ള ചരിത്രവും 52 അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. ക്രിസ്തുവിനു പിമ്പു് 9-ാം നൂറ്റാണ്ടു മുതൽ 16-ാം നൂറ്റാണ്ടുവരെയുള്ള ഇസ്ലാമികചരിത്രവും യൂറോപ്യൻ ചരിത്രവും മൂന്നാം വാള്യത്തിൽ 44 അദ്ധ്യായങ്ങളിലായി ഉള്ളടക്കിയിരിക്കുന്നു. അനന്തരമുള്ള ചരിത്രഭാഗം അചിരേണ അടുത്ത വാള്യത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മേല്പറഞ്ഞ മൂന്നു വാള്യത്തിലും ഓരോ സ്ഥാനത്തു് ആവശ്യമുള്ള ചിത്രങ്ങളും, അവസാനഭാഗത്തു ഗ്രന്ഥസൂചികയും ചേർത്തിട്ടുള്ളതു കൂടുതൽ പ്രയോജനപ്രദമാണു്.

ചരിത്രാതീതകാലങ്ങളിലെ മനുഷ്യസമുദായങ്ങളെപ്പറ്റിയും 16-ാം നൂറ്റാണ്ടുവരെയുള്ള സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും മറ്റുമായ ലോകപുരോഗതിയെപ്പറ്റിയും കഴിയുന്നത്ര സൂക്ഷ്മവും സത്യസന്ധവുമായ വിവരങ്ങൾ നല്കുവാൻ ലോകചരിത്രകർത്താവ് വളരെ യത്നിച്ചിട്ടുണ്ടു്. പുതിയപുതിയ വിവരങ്ങൾ ശേഖരിക്കുവാൻ അദ്ദേഹം വളരെയധികം വിജ്ഞാനകോശങ്ങൾ നോക്കിയിട്ടുണ്ടെന്നുള്ളതിനും സംശയമില്ല. മലയാളത്തിൽ ഇതുപോലെ സർവ്വാങ്കഷമായൊരു ചരിത്രഗ്രന്ഥം, ചില വിവർത്തനങ്ങളൊഴിച്ചാൽ ഇന്നേവരെ വേറൊന്നുണ്ടായിട്ടില്ലെന്നുകൂടി പറയേണ്ടതുണ്ടു്. ഉപരിപഠനത്തിനുതകുന്ന ഇത്തരം ഗ്രന്ഥങ്ങൾ മലയാളത്തിൽ ഇന്നു വളരെ ആവശ്യമാണു്.