ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

ഇന്ത്യാചരിത്രം: പാശ്ചാത്യ ചരിത്രകാരന്മാർ എഴുതിയിട്ടുള്ള ഇന്ത്യാചരിത്രമാണു് അടുത്തകാലംവരെ നാം ഉപയോഗിച്ചിരുന്നതു്. മലയാളത്തിൽ അത്തരം കൃതികളിൽ ആദ്യത്തേതു് അയ്മനം പി. ജോണിൻ്റെ കൃതിയാണെന്നു തോന്നുന്നു. മോറിസ് സായിപ്പ് എഴുതിയിട്ടുള്ള ഇന്ത്യാചരിത്രത്തിൻ്റെ മിക്കവാറും ഒരു വിവർത്തനവുമാണിതു്. കോട്ടയം സി. എം. എസ്. പ്രസ്സിൽ നിന്നു് 1860-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്തുത കൃതിക്കു മുമ്പായി, മലയാള ഭാഷയിൽ മറ്റൊരു ഇന്ത്യാചരിത്രം ഉണ്ടായതായി അറിവില്ല.

ചിദംബരയ്യരുടെ ഇന്ത്യാചരിത്രം: ബ്രിട്ടീഷ് ഭരണകാലത്തു് തിരുവിതാംകൂറിൽ ഹയർഗ്രേഡ് എലിമെൻ്റെറിസ്കൂൾ ക്ലാസ്സുകളിലെ ഉപയോഗത്തിനായി പ്രസിദ്ധപ്പെടുത്തിയിരുന്ന കൃതികളിൽ, കെ. ചിദംബരയ്യർ എം. എ. എൽ. ടി.യുടെ ഇന്ത്യാചരിത്രം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. കൊല്ലം 1091-നു മുമ്പു് അതിനു പതിനൊന്നു പതിപ്പുകൾ ഉണ്ടായിക്കഴിഞ്ഞു എന്നുള്ളതുതന്നെ അതിൻ്റെ പ്രചാരത്തിനും പ്രാധാന്യത്തിനും മതിയായ തെളിവാണു്. ഗ്രന്ഥത്തിലെ ഉള്ളടക്കം, ആറു പുസ്തകങ്ങളായും, ഓരോന്നും അനേകം പ്രകരണങ്ങളായും വിഭജിച്ചുകൊണ്ടാണു് പ്രതിപാദിച്ചിട്ടുള്ളതു്. ഒന്നാം പുസ്തകത്തിൽ ഇന്ത്യയിലെ ആദിമനിവാസികൾ എന്നുതുടങ്ങി മഹമ്മദീയരുടെ ആഗമനംവരെയുള്ള ചരിത്രഭാഗം അടങ്ങിയിരിക്കുന്നു. രണ്ടിൽ മഹമ്മദീയരുടെ കാലത്തെ ചരിത്രവും, മൂന്നിൽ മുഗൾവംശ ചരിത്രവുമാണു് വിവരിക്കുന്നതു്. നാലാം പുസ്തകം മഹാരാഷ്ട്ര ചരിത്രമാണു്. അടുത്തതു പോർട്ടുഗീസുകാരുടെ കാലംമുതൽക്കിങ്ങോട്ടുള്ള ആധുനിക ചരിത്രവും. ആറിൽ, വാറൻ ഹേസ്റ്റിംഗ് തുടങ്ങിയ ഗവർണർ ജനറൽമാരുടെയും, കാനിംഗ് തുടങ്ങിയ വൈസ്രോയിമാരുടേയും ഭരണകാല ചരിത്രങ്ങളാണു് പ്രതിപാദിക്കപ്പെടുന്നതു്.

ഇന്ത്യയുടെ ആത്മാവു്: പ്രശസ്ത ചിന്തകനും നിരൂപകനുമായ കെ. ദാമോദരൻ (മലബാർ) എഴുതിയിട്ടുള്ള ഭാരതവൈജ്ഞാനികചരിതമാണ് ‘ഇന്ത്യയുടെ ആത്മാവു്.’ ഉപനിഷത്തുകാലം മുതൽക്കുള്ള ഇന്ത്യാചരിത്രസംഭവങ്ങളെ മാർക്സിസ്‌റ്റുസിദ്ധാന്തവുമായി ബന്ധിപ്പിച്ചു വ്യാഖ്യാനിക്കുകയാണു് ഇതിൽ ഗ്രന്ഥകാരൻ മുഖ്യമായും ചെയ്തിട്ടുള്ളതു ഒരു ഭാഗം നോക്കുക: “ഇന്ത്യയിൽ വർണ്ണാശ്രമവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഉൽപാദനരീതി വളരാൻ തുടങ്ങിയ ഒരു കാലഘട്ടത്തിലാണു്, ബാദരായണൻ ആദ്യമായി തൻ്റെ വേദാന്തസൂത്രങ്ങളെ രൂപവൽക്കരിച്ചതു്. ശങ്കരാചാര്യർ ആ വേദാന്തസൂത്രങ്ങൾക്ക് ഫ്യൂഡൽ ഉൽപാദനരീതിക്കു യോജിച്ച ഒരു ഭാഷ്യമുണ്ടാക്കി. അതേ വേദാന്തത്തെ ആധുനിക മുതലാളിത്തോൽപാദന രീതിക്കനുയോജ്യമായ വിധത്തിൽ വ്യാഖ്യാനിക്കുകയും മാറ്റിമറിക്കുകയുമാണു് വിവേകാനന്ദൻ ചെയ്തിട്ടുള്ളതു്.” (പേജ് 318).

ഈ സമർത്ഥമായ വ്യാഖ്യാനം വായിച്ചപ്പോൾ, ശീവൊള്ളിയുടെ ഒരു ശ്ലോകമാണു് പെട്ടെന്നോർമ്മവന്നതു്:

“വെള്ളം വെണ്ണീർ വിഷം വെണ്മഴു വരകരിതോ-
ലാര്യവിത്താധിപൻ തൊ-
ട്ടുള്ളോരീ നൽകൃഷിക്കോപ്പുകളഖിലമധീ-
നത്തിലുണ്ടായിരിക്കേ.
പള്ളിപ്പിച്ചയെഴുന്നള്ളരുതു പുരരിപോ!
കാടു വെട്ടിത്തെളിച്ചാ-
വെള്ളിക്കുന്നിൽക്കൃഷിച്ചെയ്യുക പണിവതിനും
ഭൂതസാർത്ഥം സമൃദ്ധം.”

പത്തറുപതു വർഷങ്ങൾക്കു മുമ്പു് ഇവിടെ ജീവിച്ചിരുന്ന യാഥാസ്ഥിതികനായ ശീവൊള്ളി, ഒന്നാന്തരം ഒരു സോഷ്യലിസ്റ്റായിരുന്നുവെന്നു മേല്പറഞ്ഞ പദ്യം വ്യാഖ്യാനിച്ചു നമുക്കിന്നു വിധികല്പിക്കാവുന്നതാണു്. ചരിത്രാതീതകാലംമുതൽക്കുള്ള ഇന്ത്യയുടെ ദാർശനികവും സാംസ്ക്കാരികവുമായ പാരമ്പര്യത്തെ അഥവാ ചരിത്രസംഭവങ്ങളെ ഇങ്ങനെ മാർക്സിയൻ ചിന്താഗതികളിൽക്കൂടി വീക്ഷിച്ചുതുടങ്ങിയാൽ അതിനെപ്പറ്റി എന്തും പറയാമെന്നു വരും. അതിനാൽ ആ വീക്ഷണഗതി തെറ്റല്ലെങ്കിലും, അല്പം വൈരുദ്ധ്യമുള്ളതാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത കൃതിയെ നിരൂപണം ചെയ്തുകൊണ്ടു മറ്റൊരു ചിന്തകനായ കുറിപ്പുഴ കൃഷ്ണപിള്ള പ്രസ്താവിക്കുന്നതു നോക്കുക:

“വിചിത്രങ്ങളും വിഭിന്നങ്ങളുമായ വ്യാഖ്യാന സഹസ്രങ്ങളുടെ വിളഭൂമിയാണു് പണ്ടെതന്നെ ഭാരതം. എന്തും എങ്ങനെയും വ്യാഖ്യാനിക്കുകയും സങ്കല്പിക്കുകയും ചെയ്യുന്ന പാരമ്പര്യം നമുക്കു യോജിച്ചതാണു്. അപ്പോൾ ഈ പുതിയ വ്യാഖ്യാനത്തിനും സമുന്നതമായ ഒരു സ്ഥാനം ലഭിക്കാം. അമ്പലങ്ങളിൽ ദേവന്മാരായിമാത്രം കണ്ടു പരിചയിച്ചിട്ടുള്ള ശിവനേയും കൃഷ്ണനേയും മറ്റും നിലമുടമസ്ഥന്മാരായി കാണുന്നതിലും ഉണ്ടല്ലോ ഒരു രസം.” (പേജ് 202). എന്തായാലും ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും വകനല്കുന്ന ഒരു കൃതിയാണു് ദാമോദരൻ്റെ ‘ഇന്ത്യയുടെ ആത്മാവു്”.

ഭാരതപഴമ: ലിപികൾ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതല്ക്ക് മാത്രമേ ചരിത്രമാരംഭിക്കുന്നുള്ളുവെന്നാണു് നരവംശ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഭാരതത്തിൽ അശോകൻ്റെ ശിലാശാസനങ്ങളാണല്ലോ നമ്മുടെ ആദ്യത്തെ ലിഖിതരേഖകൾ. അതിനാൽ അന്നു മുതൽക്കേ ഇവിടെ ചരിത്രമാരംഭിക്കുന്നുള്ളു. അതിനു മുമ്പുള്ള മനുഷ്യവംശത്തിൻ്റെ ചരിത്രമറിയുവാൻ ഭൂഗർഭഖനനം മാത്രമാണ് പ്രധാന അവലംബം. ഇന്ത്യയിൽ സർ ജോൺ മാർഷലിൻ്റെ കാലത്തു സിന്ധു നദീതീര സംസ്കാരത്തെ സംബന്ധിച്ചു ഖനനങ്ങൾ തുടങ്ങിയതോടുകൂടിയാണു് ഇവിടത്തെ പുരാതത്ത്വഗവേഷണം ശാസ്ത്രീയമായി ആരംഭിക്കുവാൻ തുടങ്ങിയതു്. അതിനുശേഷം പേരുകേട്ട പല പുരാതത്ത്വഗവേഷകന്മാരും ആ മാർഗ്ഗത്തിൽ സഫലമായി പ്രവർത്തിച്ചുകൊണ്ടിരിക്കയാണു്. ആവകയത്നങ്ങളുടെ വെളിച്ചത്തിൽ ഭാരതത്തിൻ്റെ പഴമയെ വ്യക്തമാക്കുവാനാണു്. ഭാരതപഴമയുടെ കർത്താവായ ഡോക്ടർ എ. അയ്യപ്പൻ പ്രസ്തുത ഗ്രന്ഥത്തിൽ ശ്രമിച്ചിട്ടുള്ളത്. ഭാരതത്തിൻ്റെ പഴമയെ വിവരിക്കുന്നതോടൊപ്പം ശാസ്ത്രീയമായ പുരാതത്ത്വഗവേഷണസമ്പ്രദായത്തിൻ്റെ സാമാന്യ സ്വഭാവവും ഗ്രന്ഥകാരൻ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു. സിന്ധുനദിതീര സംസ്കാരത്തിനു് – ആ സംസ്‌കാരത്തിൻ്റെ അവശിഷ്ടങ്ങൾ ആദ്യമെവിടെ കണ്ടുപിടിച്ചുവോ ആ സ്ഥലത്തിൻ്റെ പേർ നല്കുക എന്ന നിയമമനുസരിച്ചു് – ഹാരപ്പ സംസ്‌കാരമെന്ന പേരാണു് യുക്തമായിട്ടുള്ളതെന്ന് അയ്യപ്പൻ അഭിപ്രായപ്പെടുന്നു. ഗവേഷണപരമായ നല്ലൊരു കൃതിയാണു് ഭാരത പഴമ.

പ്രാചീനാര്യാവർത്തത്തിലെ ചില വിശ്വവിദ്യാലയങ്ങൾ: പാലിയത്തു് അനുജനച്ചനാണു് ഗ്രന്ഥകർത്താവു്. തക്ഷശില, നളന്ദ, വിക്രമശില, ഓദന്തപുരിയും ജഗദുലയും, വാരണാസി, മിഥിലയും നവദ്വീപും, കാഞ്ചിപുരം, കേരളത്തിലെ വേദപാഠശാലകൾ ഇങ്ങനെ എട്ടു പ്രബന്ധങ്ങളിലായി ഭാരതത്തിലെ പ്രാചീന വിദ്യാഭ്യാസ കേന്ദ്രങ്ങളെപ്പറ്റി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

സോവിയറ്റ് നാട്: സി. അച്യുതമേനോൻ്റെ കൃതിയാണു സോവിയറ്റ് നാട്. റഷ്യയിലെ മതം, സംസ്‌കാരം, ശാസ്ത്രം, ഭരണരീതി തുടങ്ങി റഷ്യയെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട ഒട്ടുവളരെ കാര്യങ്ങൾ ഭംഗിയായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

വിഭക്തഭാരതം: ഇംഗ്ലീഷിൽനിന്നുള്ള വിവർത്തനങ്ങളായും ചില നല്ല ചരിത്രഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ ഒന്നാണ് ഡോ. രാജേന്ദ്രപ്രസാദ് എഴുതിയിട്ടുള്ള ‘വിഭക്തഭാരതം’. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമുമ്പായി ബങ്കിപ്പൂർ ജയിലിലായിരുന്ന സന്ദർഭത്തിൽ അദ്ദേഹം എഴുതിയിട്ടുള്ളതാണ് ഇതിലെ മിക്ക ഭാഗങ്ങളും. ഗ്രന്ഥത്തെ ആറു ഭാഗങ്ങളായി വിഭജിച്ചുകൊണ്ട് ഓരോന്നും പ്രതിപാദിക്കുന്നു. ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലീംകളും രണ്ടു രാഷ്ട്രങ്ങളാണെന്ന സിദ്ധാന്തത്തെക്കുറിച്ചു ചർച്ചചെയ്യുകയാണ് ഒന്നാം ഭാഗത്തിൽ. ഹിന്ദു-മുസ്ലീം പ്രശ്നം പരിഹരിക്കുന്നതിനായി വ്യക്തികളോ സംഘടനകളോ പുറപ്പെടുവിച്ചിട്ടുള്ള നാനാനിർദ്ദേശങ്ങളാണ് അവസാന ഭാഗത്തു് ഉൾക്കൊള്ളിച്ചിട്ടുള്ളതു്. ഇന്ത്യൻ വിഭജനത്തിനുമുമ്പായിരുന്നു ഈ കൃതിയുടെ നിർമ്മാണം. അച്ചടി മിക്കവാറും കഴിഞ്ഞപ്പോൾ ഇന്ത്യയുടെ വിഭജനം കഴിഞ്ഞിരുന്നു. അതു കൊണ്ടാണു India Divided (ഇന്ത്യയെ വിഭച്ചിച്ചാൽ) എന്ന ആദ്യതർജ്ജമയെ വിഭക്തഭാരതം എന്നാക്കിയതു്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പലതിൻ്റെയും വിവർത്തകനായ സി. എച്ച് കുഞ്ഞപ്പയാണു ഈ കൃതിയുടെ വിവർത്തകൻ,

ഇന്ത്യാചരിത്രാവലോകം : സർദാർ പണിക്കർ 1947-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നല്ലൊരു ചരിത്രഗ്രന്ഥമാണിത്. ഇന്ത്യൻവീക്ഷണകോണത്തിൽനിന്നുകൊണ്ട് എഴുതിയിട്ടുള്ള ഒരു ചരിത്രമാകയാൽ ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തെപ്പറ്റിയുള്ള ശരിയായ ബോധം വായനക്കാരിൽ അങ്കുരിപ്പിക്കുവാൻ ഇതു് ഏറ്റവും ഉപകരിക്കും. ഇന്ത്യയുടെ ദേശിയോൽഗ്രഥനത്തിനു് ഇത്തരം രാഷ്ട്രചരിത്രങ്ങളാണു് ഇന്നാവശ്യം. നെഹ്റുവിൻ്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ കഴിഞ്ഞാൽ അതുപോലെ സ്വാഗതാർഹമായ മറ്റൊരു ചരിത്രഗ്രന്ഥമാണു് പണിക്കരുടെ ഇന്ത്യാചരിത്രാവലോകമെന്നു നിസ്സംശയം പറയാം.

മറ്റു വിവനങ്ങൾ: ചരിത്രഗ്രന്ഥങ്ങളിൽ മറ്റു ചിലതിൻ്റെ പേർമാത്രം കുറിക്കുവാനേ ഇനി മുതിരുന്നുള്ളു. നെഹ്‌റുവിൻ്റെ ഡിസ്‌കവറി ഓഫ് ഇൻഡ്യ, ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പേരിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു. 1942-ൽ നെഹ്റു അഹമ്മദു നാഗർകോട്ടയിൽ ബന്ധനസ്ഥനായിരുന്ന കാലത്തു് എഴുതിയിട്ടുള്ളതാണു് പ്രസ്തുത കൃതി. പൗരസ്ത്യമായ ഒരു വീക്ഷണവിശേഷം ഇതിൽ ഉടനീളം കാണാം.

Glimpses of World History എന്ന നെഹ്‌റുവിൻ്റെ സുപ്രസിദ്ധമായ കൃതിയാണു്. ‘വിശ്വചരിത്രാവലോകം’ എന്ന പേരിൽ വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. 1930 മുതൽ 1933 വരെയുള്ള കാലത്തു മഹാനായ ആ ഗ്രന്ഥകാരൻ വിവിധ ജയിലുകളിൽവച്ച് എഴുതിയിട്ടുള്ള കത്തുകളാണു് അതിലെ ഉള്ളടക്കം. കെ. രാമനുണ്ണിമേനവനത്രെ വിവർത്തകൻ.

എച്ച്. ജി. വെത്സിൻ്റെ A Short History of the World എന്ന കൃതി ‘ലോകചരിത്രസംഗ്രഹം’ എന്ന പേരിൽ സി. അച്യുതമേനോൻ ബി. എ. ബി. എൽ. പരിഭാഷപ്പെടുത്തിയിട്ടുള്ളതും പ്രത്യേകം ശ്രദ്ധേയമാണു്. ഇത്രതന്നെ വിഖ്യാതങ്ങളല്ലെങ്കിലും ഗണനാർഹങ്ങളായ മറ്റനേകം കൃതികളുടെ വിവർത്തനങ്ങളും മലയാളത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്.

സാമുദായിക ചരിത്രങ്ങൾ: നമ്മുടെ ചരിത്രഗ്രന്ഥങ്ങളിൽ നല്ലൊരുഭാഗം സാമുദായിക ചരിത്രങ്ങളാണെന്നു പറയാം. അവയിൽ ഏതാനും ചിലതിനെപ്പറ്റിമാത്രം പ്രസ്താവിച്ചുകൊണ്ടു് ഈ അദ്ധ്യായം അവസാനിപ്പിക്കാം.

സഭാചരിത്രം: കോട്ടയത്തു പുകടിയിൽ ഇട്ടുപ്പുറൈട്ടർ എഴുതി 1869-ൽ കൊച്ചിയിൽ വെസ്റ്റേൺസ്റ്റാർ പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു സാമുദായിക ചരിത്രമാണു് ‘മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം’. കേരളത്തിലെ ക്രൈസ്തവരിൽ ഒരു വിഭാഗമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രമാണു് ഇതിൽ വിവരിക്കുന്നതു്. കേരളത്തിലെ കത്തോലിക്കാസഭയെപ്പറ്റിയുള്ള വിമർശം കൂടുതലായിട്ടുണ്ടു്. ഡെമ്മി സൈസിൽ 273 പേജുകളാണു് ഇതിലുള്ളത്.

ജ്ഞാനദീപം: വരാപ്പുഴ മെത്രാനായിരുന്ന ഡോക്ടർ മർസിലിനോസ് എന്ന ഇറ്റാലിയൻവൈദികൻ്റെ കൃതിയാണു് ‘മലയാളത്തിൻ്റെ ജ്ഞാനദീപം’. 1870-ൽ കൂനമ്മാവിലുള്ള അച്ചുക്കൂടത്തിൽ നിന്നുമാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. 1889-ൽ കൊച്ചിക്കോട്ടയിൽനിന്നു പുറപ്പെട്ട ‘സഭാചരിത്ര’ത്തെപ്പറ്റി മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിൽ കത്തോലിക്കസഭയെപ്പറ്റി ചെയ്തിട്ടുള്ള വിമർശനങ്ങൾക്കു മറുപടി എന്ന നിലയാണു് ഈ ഗ്രന്ഥത്തിലെ പ്രതിപാദനം കാണുന്നതു്. ചരിത്രകാരൻ്റെ വാക്യം തന്നെ ഉദ്ധരിക്കാം: “ഇതിൽ പഴയ മാർഗ്ഗത്തിൻ്റെ ചരിത്രസംക്ഷേപവും, തിരുസ്സഭയുടെ മുമ്പിലത്തെ യുഗങ്ങളുടേയും ഇടത്തൂടുകളുടേയും ചരിത്രവും, മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം എന്ന പേരിട്ടു പുത്തനായി പുറപ്പെട്ടിരിക്കുന്ന പുസ്തകത്തിൻ്റെ പരിശോധനയും അടങ്ങിയിരിക്കുന്നു.” ഡെമ്മി സൈസിൽ പൈക്ക അക്ഷരത്തിൽ 432 പേജുകളുള്ള ഈ ഗ്രന്ഥം, 13 അദ്ധ്യായങ്ങളായി വിഭജിച്ചുകൊണ്ടാണു് ഗ്രന്ഥകാരൻ ചരിത്രപരിശോധന ചെയ്യുന്നതു്. ഓരോ പ്രസ്താവത്തിനും ആധാരമായ തെളിവുകൾ ഫുട്ട് നോട്ടായി ചേർത്തിട്ടുമുണ്ട്.

സത്യവേദചരിത്രം: പൂണ്ണമായ പേരു് ‘കേരളത്തിലെ സത്യവേദചരിത്രം’ എന്നത്രെ. ജ്ഞാനദീപത്തിൻ്റെ കർത്താവായ ഡോക്ടർ മർസിലിനോസാണ് ഇതിൻ്റെ പ്രണേതാവു്. കൂനമ്മാവു് ആശ്രമത്തിലെ അച്ചുക്കൂടത്തിൽനിന്നു 1872-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു പ്രസ്തുത കൃതി. ഗ്രന്ഥത്തെ എട്ടദ്ധ്യായങ്ങളായി വിഭജിച്ചു, കേരളത്തിലെ ക്രിസ്തുമതത്തിൻ്റെ ആരംഭംമുതൽ ഗ്രന്ഥനിർമ്മാണകാലംവരെയുള്ള സംഭവങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഏഴാമദ്ധ്യായത്തിൽ, വരാപ്പുഴ വന്ന പാശ്ചാത്യമിഷ്യനറിമാർ എഴുതിയിട്ടുള്ള കൃതികളെ സംബന്ധിച്ചു വിവരിക്കുന്ന ഭാഗം പ്രത്യേകം ശ്രദ്ധാർഹമാണു്. അനുബന്ധമായി ‘ടിപ്പുസുൽത്താൻ്റെ പട’യെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. മുഖവുര, ഉള്ളടക്ക വിവരണം എന്നിവ കൂടാതെതന്നെ 362 പേജുകൾ ഇതിലുണ്ടു്. ആദ്യഘട്ടത്തിലെ സാമുദായിക ചരിത്രങ്ങളിൽ ഏറ്റവും ഗണനീയമായ ഒന്നാണിതെന്നു പറയാൻ മടിക്കേണ്ടതില്ല.

മാർതോമ്മാക്രിസ്ത്യാനികൾ: മാന്നാനം ആശ്രമത്തിലെ ഫാദർ ബണ്ണാർദ്’ എന്ന വൈദികൻ എഴുതി 1916-ൽ പാലായിലെ മാർതോമ്മാശ്ലീഹാപ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ‘മാർതോമ്മാ ക്രിസ്ത്യാനികൾ’ ഒന്നാംഭാഗം. തോമാശ്ലീഹ കേരളത്തിൽ വന്നതുമുതൽ ചില പൂർവ്വദേവാലയങ്ങളുടേയും മറ്റും സ്ഥാപനംവരെയുള്ള സംഭവങ്ങൾ 13 അദ്ധ്യായങ്ങളിലായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഡെമ്മി സൈസിൽ 391 പേജുകളാണു് ഇതിലുള്ളതു്. മാർതോമ്മാക്രിസ്ത്യാനികൾ രണ്ടാം പുസ്തകം 1921-ൽ മാന്നാനത്തുനിന്നു് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഉദയംപേരൂർ സൂനഹദോസു മുതൽ 1987 വരെയുള്ള സഭാചരിത്രങ്ങൾ 14 മുതൽ 17 വരെയുള്ള നാലദ്ധ്യായങ്ങളിലായി ഇതിൽ വിവരിച്ചിരിക്കുന്നു,

കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ: ക്രൈസ്തവസഭയിലെ വിവിധ സമുദായ വിഭാഗങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ആരംഭിച്ച ആധുനിക കാലംവരെയുള്ള ലത്തീൻക്രിസ്ത്യാനികളുടെ ചരിത്രം ഇതിൽ സംഗ്രഹിച്ചിരിക്കുന്നു. മഞ്ഞുമേൽ ആശ്രമത്തിലെ റവ: ലിയോപ്പോൾഡാണ് ഈ കൃതിയുടെ പ്രണേതാവു്.

സാമുദായിക കൃതികൾ ഇനിയും: പള്ളിവീട്ടിൽ കുര്യൻ എഴുതിയിട്ടുള്ള ‘മാർതോമാനസ്രാണികളുടെ വിശ്വാസം’, ജോസഫ് ചാഴിക്കാടൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം’, പുലിക്കോട്ടിൽ യൗസേഫ് റമ്പാൻ, ചേപ്പാട്ട് പീലിപ്പോസുറമ്പാൻ എന്നിവരുടെ കൃതിയായ മലങ്കരസഭയുടെ കുഴൽക്കണ്ണാടി (രണ്ടുഭാഗങ്ങൾ). ടി. കെ. ജോസഫിൻ്റെ ‘പ്രാചീന ഇന്ത്യയിലെ ക്രിസ്തുമതം’, ഫാദർ തോമസ് ഇഞ്ചക്കലോടിയുടെ ‘കേരളത്തിലെ ക്രൈസ്തവസഭകൾ’, എൻ. ജെ. ജോസഫിൻ്റെ ‘ദീപാർച്ചന’, കെ. ഇ. ജോബിൻ്റെ ‘കേര ളത്തിലെ ക്രിസ്തുമതം’, റവ: സി. ഇ. എബ്രഹാമിൻ്റെ ‘സഭാചരിത്രം സംഗ്രഹം’ എന്നിങ്ങനെ ഒട്ടേറെ കൃതികളെപ്പറ്റി ഇനിയും പറയുവാനുണ്ട്, പക്ഷേ, ഒരുകാര്യം ഇവിടെ തുറന്നുപറയാതെ തരമില്ല. മറ്റൊന്നുമല്ല; പല എഴുത്തുകാരും സത്യദീക്ഷയേക്കാൾ ലക്ഷ്യദീക്ഷയെ പ്രമാണീകരിച്ചിട്ടുള്ളതിനാൽ സമുദായങ്ങളുടെ ഉൽഗ്രഥനത്തേക്കാൾ അപഗ്രഥനത്തിനാണു മിക്ക ചരിത്രങ്ങളും വഴിതെളിച്ചിട്ടുള്ളതെന്ന വസ്തുതയാണതു്.

നമ്പൂതിരിമാരും പെരുമാക്കന്മാരും: ഇതിൽ നമ്പൂതിരിമാരുടെ സാഹിത്യം, ഗ്രാമങ്ങൾ, ജീവിതസമ്പ്രദായം, കുടുംബഭരണം എന്നു തുടങ്ങി നമ്പൂതിരിസമുദായത്തിൻ്റെ ചരിത്രത്തെ പ്രകാശിപ്പിക്കുന്ന എട്ടു പ്രബന്ധങ്ങൾ അടങ്ങിയിരിക്കുന്നു. ചിറയ്ക്കൽ വലിയരാജാ, എ. ആർ. രാജരാജവർമ്മ മുതലായവരാണു പ്രബന്ധകത്താക്കൾ.

മുസ്ലീംചരിത്രം: പേരുകൊണ്ടുതന്നെ ഇതൊരു സമുദായചരിത്രമാണെന്നു സ്പഷ്ടമാണല്ലോ. ഒരു ചരിത്രകാരനെന്ന നിലയിൽ പേരു സമ്പാദിച്ചിട്ടുള്ള പി. എ. സെയ്‌ദ് ‌മുഹമ്മദാണു് ഈ കൃതിയുടെ കത്താവു്.

കേരളചരിത്രനിരൂപണം അഥവാ തീയ്യരുടെ പൗരാണികത്വം: ഗ്രന്ഥനാമംകൊണ്ടുതന്നെ വിഷയസ്വഭാവം സ്പഷ്ടമാണല്ലൊ. കാമ്പിൽ അനന്തൻ കണ്ണുരുനിന്നും 1935-ൽ പുറപ്പെടുവിച്ചിട്ടുള്ളതാണു് പ്രസ്തുതകൃതി. സാധകബാധകങ്ങളായ അനേകം യുക്തികളും തെളിവുകളും കലർത്തി കേരളത്തിലെ തീയ്യരുടെ (ഈഴവരുടെ) പുരാതനത്ത്വത്തയും ശ്രേഷ്ഠതയേയും പ്രകാശിപ്പിക്കുവാൻ അനന്തൻ പ്രശംസനീയമായ വിധത്തിൽ ഇതിൽ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ നായന്മാർ, നമ്പൂരിമാർ, തീയ്യർ മുതലായ പ്രബലസമുദായങ്ങൾ ഒരേ വർഗ്ഗത്തിൽപ്പെട്ടവരാണെന്നു സ്ഥാപിക്കുവാൻ ഗ്രന്ഥകാരൻ ചെയ്തിട്ടുള്ള യത്നം ഇവിടത്തെ ദേശീയോൽഗ്രഥനത്തിനു് അത്യന്തം സഹായമായിട്ടുള്ള ഒന്നുതന്നെ. ബ്രാഹ്മണമതത്തിനു (മീമാംസകമതത്തിനു്) ശക്തിയും പ്രചാരവും സിദ്ധിച്ചതോടുകൂടിയാണു് വർണ്ണവ്യത്യാസവും ജാതിവ്യത്യാസവും ഇവിടെ ഉത്ഭവിച്ചതെന്നും, ബ്രാഹ്മണമതം സ്വീകരിച്ചു വർണ്ണവ്യവസ്ഥകൾക്കടിമപ്പെട്ടവരെല്ലാം സവർണ്ണരും അല്ലാത്തവരെല്ലാം അവർണ്ണരുമായിത്തീർന്നതെന്നുമുള്ള അഭിപ്രായം സ്വാഗതാർഹമാണ്. കേരളചരിത്രാന്വേഷകന്മാരെ പുതിയ ചിന്തകളിലേക്കു തിരിച്ചുവിടുവാൻ ഇതിലെ പലപ്രസ്താവങ്ങളും പ്രേരണ നല്കുന്നവയാണെന്ന നിസ്സംശയം പറയാം.

കെ. ദാമോദരൻ ബി. എ.യുടെ ഈഴവ ചരിത്രം, കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിൻ്റെ ‘നായന്മാരുടെ പൂർവ്വചരിത്രം’, കെ. കൊച്ചുകൃഷ്ണൻ നാടാരുടെ ‘നാടാർചരിത്രം’ എന്നുതുടങ്ങി ഈ ഇനത്തിൽ ഒട്ടുവളരെ ചരിത്രങ്ങൾ ഇനിയും പ്രസ്താവയോഗ്യങ്ങളായിട്ടുണ്ട്.

മനോരമ ഈയർബുക്ക്: നൂതനവും പ്രയോജനപ്രദവുമായ ഒരു പ്രസ്ഥാനമാണിതു്. 1959-ലായിരുന്നു. ഇങ്ങനെയൊരു പ്രസിദ്ധീകരണം ആദ്യമായി പുറത്തുവന്നതു്. അവിടവിടെയായി ചിതറിക്കിടക്കുന്ന സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ച് അടുക്കി ഒതുക്കി പ്രതിപാദിക്കുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ലല്ലോ. 1961-ൽ പ്രസിദ്ധപ്പെടുത്തിയ ഈയർബുക്കിൽ മൂന്നു ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഒന്നാം ഭാഗം ലോകത്തെപ്പറ്റിയുള്ളതാണു്. പ്രപഞ്ചം, ലോകരാഷ്ട്രങ്ങൾ, ലോകസംഘടനകൾ, ലോകചരിത്രം മുതലായ ഒട്ടുവളരെ വിഷയങ്ങൾ അതിൽ ഉള്ളടക്കിയിരിക്കുന്നു. രണ്ടാംഭാഗം, ഇന്ത്യയെപ്പറ്റിയുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ചു സാമാന്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മിക്കവയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാംഭാഗത്തിൽ കേരളത്തെപ്പറ്റി പ്രത്യേകമായി പ്രതിപാദിക്കുന്നു. ഈ ഭാഗത്തു് വിശേഷവിധിയായി മുന്നൂറോളം മൺമറഞ്ഞ സാഹിത്യകാരന്മാരുടെ ജീവചരിത്രക്കുറിപ്പുകളും ചേർത്തിട്ടുണ്ടു്. ഒരു സർവ്വവിജ്ഞാനകോശത്തിനുതുല്യം മലയാളത്തിനു് അഭിമാനിക്കത്തക്ക ഒരു റഫറൻസ്ബുക്കായിത്തീർന്നിട്ടുണ്ട് മലയാളമനോരമയുടെ ഈ പ്രസിദ്ധീകരണം എന്നുതന്നെ പറയാം. ഇന്ത്യൻ ഭാഷകളിൽ ഇത്തരത്തിൽ ഒരു പ്രസ്ഥാനം ആദ്യമുണ്ടായിട്ടുള്ളതു മലയാളത്തിലാണെന്നും അതു കോട്ടയം മനോരമപ്രവർത്ത‌കരുടെ ഉത്സാഹത്താലാണെന്നും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. 1963 വരെ അഞ്ചു പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോന്നും ഓരോതരത്തിൽ മെച്ചമേറിയതുതന്നെ.