ചരിത്രവിജ്‌ഞാനീയം
കൊച്ചിരാജ്യചരിത്രം–ഒന്നും രണ്ടും ഭാഗങ്ങൾ: കേരള ചരിത്രകാരന്മാരിൽ ഏതുകൊണ്ടും പ്രഥമഗണനീയനായ ഒരാളാണു് കൊച്ചി രാജ്യചരിത്രകർത്താവായ കെ. പി. പത്മനാഭമേനോൻ. പോർട്ടുഗീസുകാർ, ഡച്ചുകാർ എന്നീ വൈദേശികരുടെ കേരളപ്രവേശനകാലത്തു കേരളത്തിൽ പൊതുവേയും, പെരുമ്പടപ്പിൽ പ്രത്യേകമായും നടന്ന ചരിത്ര വസ്തുതകളാണു്, 1087-ലും 1089-ലുമായി അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങളിൽ അടങ്ങിയിട്ടുള്ളത്. കേരളത്തിൻ്റെ ക്രമാനുഗതമായ ഒരു ചരിത്രം എന്നു പറയുവാൻ തരമില്ലെങ്കിലും, കിട്ടാവുന്നിടത്തോളം രേഖകൾ തേടിപ്പിടിച്ച് അലബ്ദങ്ങളും അജ്ഞാതങ്ങളുമായിത്തീരുമായിരുന്ന ഒട്ടനേകം ചരിത്ര വസ്തുതകളെ പ്രസ്തുതകൃതിയിൽ ഗ്രന്ഥകാരൻ നിബന്ധിച്ചിരിക്കുന്നു. കേരളചരിത്രസംബന്ധമായി പല കൃതികൾ സ്വഭാഷയിൽ നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും പത്മനാഭമേനോൻ ചരിത്രത്തോടു തുലനം ചെയ്യുമ്പോൾ മറ്റുള്ളവയെല്ലാം പിന്നണിയിലേക്കു നീങ്ങുകതന്നെ ചെയ്യും.
മേല്പറഞ്ഞ ചരിത്രഗ്രന്ഥത്തെ പുരാതനകാലത്തേതു്, പോർട്ടുഗീസുകാരുടെ കാലത്തേത്, ഡച്ചുകാരുടെ കാലത്തേതു്, ബ്രിട്ടീഷുകാരുടെ കാലത്തേതു് എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചിട്ടുള്ളതിൽ. ആദ്യത്തെ രണ്ടു ഭാഗങ്ങൾ ഒന്നാം പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മറ്റു രണ്ടു ഭാഗങ്ങൾ, രണ്ടാം പുസ്തകത്തിലും. പുരാതനകാലത്തെ കുറിക്കുന്നതായി ഒന്നു മുതൽ പത്തദ്ധ്യായങ്ങളും പോർട്ടുഗീസുകാരുടെ കാലത്തെ കുറിക്കുന്നതായി 11 മുതൽ 24 വരെ അദ്ധ്യായങ്ങളുമാണു് ഒന്നാം പുസ്തകത്തിൽ അടങ്ങിയിട്ടുള്ളതു്.
രണ്ടാം പുസ്തകത്തിൽ, 19 അദ്ധ്യായങ്ങൾ ഡച്ചുകാരുടെ കാലത്തെ സംബന്ധിക്കുന്നതായും, 19 മുതൽ 24 വരെ ആറദ്ധ്യായങ്ങൾ ഇംഗ്ലീഷുകാരുടെ കാലത്തെ സംബന്ധിക്കുന്നതായും അടങ്ങിയിരിക്കുന്നു. പോർട്ടുഗീസുകാരുടേയും ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും അധികാരകാലങ്ങളിലെ ജനസമുദായസ്ഥിതി, ഭാഷയും സാഹിത്യവും, എന്നീ ശീർഷകങ്ങളിലുള്ള അദ്ധ്യായങ്ങൾ സാഹിത്യ ഗവേഷകന്മാർക്കു കൂടുതൽ ഉപകാരച്ചദങ്ങളത്രേ.
വിശദമായ വിഷയാനുക്രമണിക രണ്ടുപുസ്തകത്തിലും ആരംഭത്തിൽ കൊടുത്തിട്ടുള്ളതു ചരിത്രപഠിതാക്കൾക്ക് വളരെ പ്രയോജനകരമായിത്തീരുന്നു. ഈ ബൃഹൽഗ്രന്ഥത്തെ നിർമ്മിക്കുന്നതിനു് ആവശ്യമായ ഏകാഗ്രതയും ക്ഷമയും അതിയത്നവും ആചരിച്ച പത്മനാഭമേനോൻ കേരളീയരുടെ അഭിനന്ദനത്തെ എന്നും അർഹിക്കുകതന്നെ ചെയ്യും. പത്മനാഭമേനവൻ്റെ കേരള ചരിത്രം (History of Kerala) എന്ന കൃതിയും ഈയവസരത്തിൽ അനുസ്മരിക്കപ്പെടേണ്ട ഒന്നുതന്നെ.
