ഗദ്യസാഹിത്യചരിത്രം. ഇരുപതാമദ്ധ്യായം

ചരിത്രവിജ്‌ഞാനീയം

കേരളചരിതം (ഒന്നാംഭാഗം): ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ഈ കൃതിയിൽ കേരളത്തിൻ്റെ പുരാതന ചരിത്രത്തെപ്പറ്റിയാണു് പ്രസ്താവിക്കുന്നത്. അഞ്ചദ്ധ്യായങ്ങളുള്ള പ്രസ്തുതഗ്രന്ഥത്തിൽ ചരിത്രലക്ഷ്യ സ്വഭാവം, സമുദായവും നായകനും, സമുദായഭരണം, പെരുമാൾവാഴ്ച, പെരുമാൾ വാഴ്ചക്കാലത്തെ ഭരണരിതി എന്നീ വിഷയങ്ങളെപ്പറ്റി യഥാക്രമം പ്രതിപാദിച്ചിരിക്കുന്നു. ഒടുവിലത്തെ മൂന്നദ്ധ്യായങ്ങളാണു് കൂടുതൽ ശ്രദ്ധേയമായി തോന്നുന്നതു്. പുരാതന കേരള ചരിത്ര സംബന്ധമായി വിന്താർഹങ്ങളായ പലതും അവയിൽ പ്രതിപാദിച്ചിട്ടുണ്ടു്.

മലബാർ ഗസറ്റിയർ: കെ. സി മാനവിക്രമരാജാ ഗവർമെൻ്റിനു വാദത്തോടുകൂടി വിവർത്തനംചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒന്നാണിതു്. മലയാളത്തിൻ്റെ പ്രകൃതിവൈഭവവും ചരിത്രവും ഒന്നാം ഭാഗത്തിലും, ജനങ്ങളുടെ ആചാരനടപടികൾ രണ്ടാം ഭാഗത്തിലും, സാമ്പത്തികമായും ഭൂമിസംബന്ധമായും ഉള്ള വിവരങ്ങളെല്ലാം മൂന്നാം പുസ്തകത്തിലും, നീതിന്യായസംബന്ധമായും ഭരണസംബന്ധമായും ഉള്ള വിവരങ്ങളും മലബാറിലെ പ്രധാന നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും ക്ഷേത്രങ്ങളുടേയും മറ്റു സ്ഥലങ്ങളുടേയും ചരിത്ര സംബന്ധമായും വ്യാപാര സംബന്ധമായും ഉള്ള വിവരങ്ങൾ നാലാം പുസ്തകത്തിലും അടങ്ങിയിരിക്കുന്നു.