ചരിത്രവിജ്‌ഞാനീയം
കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ: അജ്ഞാതമായ കേരളത്തിൻ്റെ പൂർവ്വകാലചരിത്രത്തെ വെളിച്ചത്തു കൊണ്ടുവരുവാൻ സഹായിക്കുന്ന ഏതാനും പ്രബന്ധങ്ങളാണു് ഇളംകുളത്തിൻ്റെ പ്രസ്തുത കൃതിയിൽ അടങ്ങിയിട്ടുള്ളതു്. തമിഴകത്തിൻ്റെ അതിർത്തി, സംഘകാലകേരളം എന്നീ പ്രബന്ധങ്ങൾ കൂടുതൽ ശ്രദ്ധേയങ്ങളാകുന്നു. പഴയ കേരളചരിത്രത്തിൻ്റെ ആദ്യരംഗങ്ങളെയാണു് – ദുരൂഹഘട്ടങ്ങളെയാണു് – അവയിൽക്കൂടി പ്രകാശിപ്പിക്കുന്നതു്. കേരളം ചാതുർവ്വണ്യത്തിൻ്റെ പിടിയിൽ എന്ന അദ്ധ്യായവും ചിന്താർഹമായ ഒന്നു തന്നെ. ചില കേരളചരിത്രപ്രശ്നങ്ങൾ, അന്നത്തെ കേരളം, ചരിത്രത്തിൻ്റെ പശ്ചാത്തലത്തിൽ, ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ എന്നീ കൃതികളും ഇളംകുളം നമ്മുടെ ചരിത്രശാഖയ്ക്കു നല്കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളാണു്. ശിലാശാസനങ്ങൾ, താമ്രശാസനങ്ങൾ, തമിഴിലെ സംഘസാഹിത്യം മുതലായ പ്രാചീനരേഖകൾ പരിശോധിച്ച് കേരളചരിത്രത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങൾ, പോർട്ടുഗീസുകാരുടെ വരവിനുമുമ്പുള്ള കേരളചരിത്രത്തിൻ്റെ ഇരുളടഞ്ഞ ഏടുകൾ പലതും പ്രകാശമാനമാക്കുന്നവയാണെന്നുള്ളതു നിസ്സംശയംതന്നെ. പെരുമാൾഭരണം തുടങ്ങിയ ചിലതിനെപ്പറ്റി പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങൾ സിദ്ധാന്തദശയിൽ എത്തിയിട്ടുള്ളവയല്ലെങ്കിലും വിപ്ലവാത്മകങ്ങളാണു്. ചിലതു് ഉപരിഗവേഷണം അർഹിക്കുന്നവയുമാണു്. ഇങ്ങനെയൊക്കെയാണെങ്കിലും കെ. പി. പത്മനാഭമേനോൻ തുടങ്ങിയ വമ്പന്മാരായ ചില കേരള ചരിത്രകാരന്മാരോടൊപ്പം മുമ്പന്തിയിൽത്തന്നെ കടന്നിരിക്കത്തക്കവണ്ണം ഇളംകുളത്തിൻ്റെ ചരിത്രഗവേഷണവും അഭിപ്രായധീരതയും വളർന്നുകഴിഞ്ഞിട്ടുണ്ടെന്നു പറയുവാൻ നിഷ്പക്ഷബുദ്ധികൾ ആരും മടിക്കുമെന്നു തോന്നുന്നില്ല.
