ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

എ. ജീവചരിത്രങ്ങൾ

നോവലുകളേയും ചെറുകഥകളേയും പോലെതനെ സാഹിത്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ശാഖയാണു് ജീവചരിത്രം. ചില വ്യക്തികൾ അസാധാരണമായ പ്രത്യേകതകളാൽ മായാത്ത ചില സ്മരണകൾ സമകാലീനന്മാരുടെ ഇടയിൽ വളർത്തിക്കൊണ്ടിരിക്കാറുണ്ടു്. അനന്യസാധാരണമായ പ്രതിഭാവിലാസം, രണവീരത, കർമ്മകുശലത, സേവനസന്നദ്ധത, ജീവിതശുദ്ധി എന്നു തുടങ്ങിയ ഗുണവിശേഷങ്ങൾകൊണ്ടു് അവർ മറ്റുള്ളവർക്ക് അനുകരണീയരോ അഭിനന്ദനീയരോ ആയും തീരുന്നു. കാലമാകുന്ന പെരുമ്പാമ്പിനു കഴുകനെന്നും കപോതമെന്നും ഭേദമില്ലല്ലോ. എല്ലാറ്റിനേയും ആവശ്യവും അവസരവുംനോക്കി അതുഗ്രസിക്കുന്നു. പക്ഷേ, മുമ്പറഞ്ഞവിധത്തിലുള്ള വ്യക്തികളെ കാലം ഗ്രസിച്ചാലും കലാകാരന്മാർക്ക് അവരെ യശശ്ശരീരന്മാരാക്കി പ്രകാശിപ്പിക്കുവാൻ സാധിക്കും. അവർ അവരുടെ വിദഗ്ദ്ധമായ തൂലികകൊണ്ടു് അത്തരം വ്യക്തികളുടെ സജീവരൂപങ്ങൾ വരയ്ക്കുന്നു. പ്രസ്തുത ചിത്രീകരണത്തിനാണ് ജീവചരിത്ര കലയെന്നോ ജീവചരിത്ര സാഹിത്യമെന്നോ പറയുന്നതു്.

മലയാളത്തിൽ ഈ കലാപ്രസ്ഥാനം പാശ്ചാത്യ സാഹിത്യത്തെ അനുകരിച്ചുണ്ടായിട്ടുള്ളതാണു്. ബാണഭട്ടൻ്റെ ഹർഷചരിതം തുടങ്ങിയ ചില ജീവചരിത്ര കൃതികളെ ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ അവയിലൊന്നിലും കഥാനായകൻ്റെ വ്യക്തിത്വത്തെ വ്യക്തമാക്കുവാനല്ല, ചില സംഭവങ്ങളെയോ സന്ദർഭങ്ങളെയോ ആസ്പദമാക്കി ഗ്രന്ഥകാരന്മാരുടെ വർണ്ണനാവൈഭവം തുടങ്ങിയ കഴിവുകളെ വെളിപ്പെടുത്തുവാനാണു് യത്നിച്ചിട്ടുള്ളതു്. നേരേമറിച്ചു്, പാശ്ചാത്യ ജീവചരിത്രങ്ങൾ സത്യ ദീക്ഷയോടുകൂടിയ തെളിവുകളെ ആസ്പദമാക്കി നായകൻ എങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു എന്നു വ്യക്തമാക്കുവാൻ ശ്രമിക്കുന്നു. അങ്ങനെയുള്ള പല ജീവചരിത്രങ്ങളും ആ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്. ഡോക്ടർ ജോൺസൺ എഴുതിയിട്ടുള്ള ‘കവികളുടെ ജീവചരിത്രങ്ങൾ’, ഡോക്ടർ ജോൺസനെപ്പറ്റി ബോസ്‌വെൽ എഴുതിയിട്ടുള്ള ജീവചരിത്രം, കാർലൈലും മെക്കോളയും എഴുതിയിട്ടുള്ള ജീവചരിത്രങ്ങൾ, ലിട്ടൺ സ്റ്റ്റാച്ചിയുടെ ‘എമിനൻ്റെ് വിക്ടോറിയൻസ്”, ക്വീൻ വിക്ടോറിയ എന്നുതുടങ്ങി പ്രസിദ്ധങ്ങളും പ്രാമാണികങ്ങളുമായ ഒട്ടുവളരെ ജീവചരിത്ര ഗ്രന്ഥങ്ങൾ ആ ഭാഷയിൽ പ്രകാശിതങ്ങളായിട്ടുണ്ടു്. പ്രസ്തുത കൃതികളെയാണു് മലയാളത്തിലെ ജീവചരിത്രകാരന്മാർ പ്രായേണ മാതൃകയായി സ്വീകരിച്ചിട്ടുള്ളതു്.