ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
തൂലികാചിത്രങ്ങളും ആത്മകഥകളും
ജീവചരിത്രത്തിൽനിന്നുതന്നെ ജന്മമെടുത്തിട്ടുള്ള മറ്റൊരു സാഹിത്യപ്രസ്ഥാനമാണു് തൂലികാചിത്രങ്ങൾ (Pen-Pictures), ജീവചരിത്രകാരൻ വ്യക്തികളുടെ വ്യക്തിപ്രഭാവത്തെ സത്യസന്ധതയോടുകൂടി വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു. തൂലികാചിത്രകാരൻ ആവിഷ്ക്കരണപാടവത്തോടും വിമർശകൻ്റെ നിഷ്പക്ഷതയോടും കൂടി അവരുടെ വ്യക്തിത്വത്തെ വ്യാഖ്യാനിച്ചു കാണിക്കുന്നു. വ്യക്തികളുടെ ശീലവിശേഷങ്ങളും വിഡ്ഢിത്തങ്ങളും ആകൃതിവിശേഷങ്ങളും ഒട്ടൊക്കെ അതിൽ നിഴലിച്ചിരിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു ചലച്ചിത്രത്തിലെന്നപോലെ ഒരു വ്യക്തിയെ നമ്മുടെ മുമ്പിലേക്കാനയിക്കയാണു് തൂലികാചിത്രകാരൻ ചെയ്യുന്നതു്. ചിത്രകാരൻ ചില വരകളും കുറികളും കൊണ്ടു് ഒരു ചിത്രം മുമ്പിൽ പ്രദർശിപ്പിക്കുന്നുവെങ്കിൽ, തൂലികാചിത്രകാരൻ ഉചിതമായ വർണ്ണനകളും സംഭവ വിവരണങ്ങളും കൊണ്ടു് ആ വ്യക്തിയുടെ രൂപവും ഭാവവും വായനക്കാരുടെ മുമ്പിൽ പ്രത്യക്ഷീകരിക്കുന്നു. സൂക്ഷ്മമായ വ്യക്തിവിവേകം, നിഷ്പക്ഷത, വിമർശന ബോധം, ഏകാഗ്രത തുടങ്ങിയ വിശിഷ്ട സിദ്ധികൾ ഉള്ളവർക്കേ ഈ കലയിൽ വിജയം നേടുവാൻ സാധിക്കുകയുള്ളു. എ. ജി. ഗാർഡിനെർ തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരാണു് ഈ പ്രസ്ഥാനത്തിലും കേരളീയർക്ക് മാതൃക നല്കിയിട്ടുള്ളതു്.
തൂലികാചിത്രങ്ങൾ: മലയാളത്തിൽ പുസ്തകാകൃതിയിൽ ആദ്യമായി പ്രകാശിപ്പിച്ചതു പ്രസിദ്ധ ലേഖകനായ വക്കം അബ്ദുൽ ഖാദറാണെന്ന് തോന്നുന്നു. വ്യക്തിവിവേകം തുടങ്ങി ഒരു തൂലികാചിത്രകാരനു വേണ്ട പല ഗുണങ്ങളും അബ്‌ദുൽ ഖാദറിൽ ഇണങ്ങിച്ചേർന്നിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ തൂലികാചിത്രങ്ങൾക്ക് അത്രത്തോളം തെളിവും മിഴിവും കൈവന്നിട്ടുമുണ്ടു്. എ. ബാലകൃഷ്ണപിള്ള, ജി. ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദു ബഷീർ, ചങ്ങമ്പുഴ കൃഷ്ണപിള്ള, എസ്. കെ. പൊറ്റെക്കാട്ട്, പി. കേശവദേവ്, എം.പി. പോൾ എന്നീ കലാപ്രണയികളെയാണു് അബ്‌ദുൽ ഖാദരുടെ ആദ്യത്തെ തൂലികാചിത്രങ്ങളിൽക്കൂടി നാം കാണുന്നതു്. ഓരോ ചിത്രവും അതാതിൻ്റെ സാക്ഷാൽക്കാരം തന്നെയാണു പ്രദർശിപ്പിക്കുന്നതെന്നു പ്രസ്തുത വ്യക്തികളുമായി അടുത്തു പരിചയമുള്ളവർ തലകുലുക്കി സമ്മതിക്കാതിരിക്കുകയില്ല, അത്രമാത്രം സൂക്ഷ്മ നിരീക്ഷണ പാടവം ഓരോന്നിലും സ്പഷ്ടമാണു്. കഴിയുന്നതും പക്ഷപാതരഹിതമായി ഓരോ വ്യക്തിയേയും അപഗ്രഥിച്ചു കാണിക്കുവാൻ ഗ്രന്ഥകർത്താവു ശ്രമിച്ചിട്ടുമുണ്ടു്.