ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
കഴിഞ്ഞകാലം: കേശവമേനോൻ്റെ ആത്മകഥാചരിതങ്ങളിൽ അവിസ്മരണീയമായ കൃതിയാണു് ‘കഴിഞ്ഞകാലം’. 1957-ൽ പ്രസിദ്ധീകൃതമായ പ്രസ്തുത കൃതിയിൽ സ്മര്യപുരുഷൻ്റെ ജനനം മുതൽ (1886 സെപ്തംബർ 1-ാം തീയതിയാണു് കേശവമേനോൻ ജനിച്ചതു്) 1956 വരെ കഴിഞ്ഞ തൻ്റെ 70 സംവത്സരങ്ങളിലെ ജീവതാനുഭവങ്ങളുടെ അകൃത്രിമവും സത്യസന്ധവുമായ ഒരു ചിത്രീകരണത്തിനാണ് കഥാപുരുഷൻ ഇതിൽ യത്നിച്ചിട്ടുള്ളതു്. 46 അദ്ധ്യായങ്ങളിലായി ആ കൃത്യം ഭംഗിയായി അദ്ദേഹം നിർവ്വഹിക്കയും ചെയ്തിരിക്കുന്നു. “ഉള്ളിൽനിന്നു കേൾക്കുന്ന നിർദ്ദേശമനുസരിച്ചു മുന്നിൽക്കാണുന്ന വെളിച്ചത്തിൽക്കൂടി പുരോഗമിക്കുമ്പോൾ തെറ്റുപറ്റാൻ തരമില്ല. ഒരുസമയം തെറ്റുപറ്റിയാൽത്തന്നെ നമുക്കു സമാധാനിക്കാൻ വഴിയുണ്ടാകും.” കേശവമേനോൻ്റെ ജീവിതത്തിൽ ഈ തത്വം മുറുകെപ്പിടിച്ചിരുന്നുവെന്ന് ഈ ആത്മകഥ വ്യക്തമാക്കുന്നു.
അഗാധമായ ജീവിതാനുഭൂതികളിൽനിന്നു് ഉറവെടുത്തിട്ടുള്ളതാണു് ഈ ആത്മകഥ. ഇതുപോലെ സംഭവബഹുലവും ബഹുമുഖവുമായ ഒരു ജീവിതം കേരളീയരിൽ മറ്റൊരു പുരുഷനു് ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. തൻ്റെ ജീവിതാനുഭവങ്ങളെ അത്യുക്തികൂടാതെ സത്യസന്ധമായും ആത്മാർത്ഥമായും പ്രകാശിപ്പിക്കുവാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഈ ഗ്രന്ഥത്തിൻ്റെ വിജയവും. ഭാവിതലമുറയ്ക്കു നേർവഴി കാണിക്കുവാൻ ഈ ഗ്രന്ഥം പലവിധത്തിലും പ്രയോജനപ്പെടും. ‘വിചാരവേദിയിൽ’ എന്ന ഒടുവിലത്തെ അദ്ധ്യായം അനുഭവസമ്പന്നനായ ഒരു പക്വബുദ്ധിയുടെ ചിന്താസന്താനങ്ങൾ നിറഞ്ഞുള്ളവയാണു്.* (ഈ ഗ്രന്ഥകാരൻ്റെ ‘വിചാരലീല’യിൽ ഈ കൃതിയെപ്പറ്റി പ്രത്യേകം നിരൂപണം ചെയ്തിട്ടുണ്ട്.) 1958-ൽ കേന്ദ്രസാഹിത്യ അക്കാദമിയിൽ നിന്നു ‘കഴിഞ്ഞകാലത്തിനു്” അവാർഡ് നേടുവാൻ കഴിഞ്ഞു എന്ന വസ്തുതയും ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.
