ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

സ്മരണകൾ: അദ്ധ്യാപക ശ്രേഷ്ഠനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ആർ. ഈശ്വരപിള്ള പലപ്പോഴായി ‘ഗുരുനാഥനി’ൽ എഴുതിയിരുന്ന ഓർമ്മക്കുറിപ്പുകളാണു് ഇതിലുള്ളതു്. സ്മരണകൾ പൂർണ്ണമല്ലെങ്കിലും നമ്മുടെ ആത്മകഥാ സാഹിത്യത്തിനു് ഇതും ഒരു മുതൽക്കൂട്ടുതന്നെയാണു്. കുടുംബസ്മരണകൾ, ബാല്യസ്മരണകൾ, എൻ്റെ വിദ്യാഭ്യാസം, ഔദ്യോഗിക ജീവിത സ്മരണകൾ, വിച്ഛിന്ന സ്മരണകൾ, ഉദ്യോഗാനന്തര സ്മരണകൾ, അനന്തര സ്മരണകൾ തുടങ്ങി എട്ടു സ്മരണകളാണു് ഉള്ളടക്കം. വളർന്നുവരുന്ന തലമുറ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഇതിലുണ്ട്.

ജീവിതസ്മരണകൾ ( 2 ഭാഗങ്ങൾ), ഈ പ്രസ്ഥാനത്തിലെ ഒരു മുഖ്യകൃതിയാകുന്നു. അധികം ഒളിവും മറവും കൂടാതെയാണു് ഇ. വി. ഈ ആത്മകഥയെഴുതിയിട്ടുള്ളതു്. തൻ്റെ നിലയെ ചിലേടത്തു് താഴ്ത്തിക്കാണിക്കുവാൻ അദ്ദേഹം യത്നിക്കുന്നുണ്ടോ എന്നേ സംശയമുള്ളു. സ്വന്തം കാര്യം ഒരാത്മമിത്രത്തോടു തുറന്നുപറയുന്ന വിധത്തിലാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. കഥാനായകൻ്റെ ജീവിത കാലഘട്ടത്തിലെ മാനസിക വ്യാപാരങ്ങൾ ഒരു കണ്ണാടിയിലെന്നപോലെ പ്രസ്തുത കൃതിയിൽ തെളിഞ്ഞുകാണാം. പാമരന്മാരെയും രസിപ്പിക്കുന്ന ആശയഗതിയും പ്രതിപാദനരീതിയുംകൊണ്ടു് ജീവിത സ്മരണകൾ, കേരളിയ ജനസാമാന്യത്തെ ഏറ്റവും ആകർഷിക്കുവാൻ പര്യാപ്തമായ ഒരു കൃതിയത്രെ.

സ്മരണമണ്ഡലം: പി. കെ.യുടെ ഒരാത്മചരിതമാണു് സ്മരണമണ്ഡലം. സമഗ്രമല്ല, കഥാനായകൻ്റെ 30 വയസ്സുവരെയുള്ള ജീവിതവും, ആ ജീവിതത്തോടു ബന്ധിച്ച ചില കാര്യങ്ങളും ഇതിൽ വിശദമാക്കിയിരിക്കുന്നു. അന്യന്മാരുടെ യശോഭൂമാവിൽ പുച്ഛം നടിക്കുന്ന ഒരു മനോഭാവം ചരിത്രകാരനിൽ തെളിഞ്ഞുകാണുന്നുണ്ട്. കെ. രാമകൃഷ്ണപിള്ളയെസ്സംബന്ധിച്ചു പ്രസ്തുതകൃതിയിൽ ചെയ്തിട്ടുള്ള പരാമർശങ്ങൾതന്നെ അതിന് ധാരാളം തെളിവുനല്കുന്നു. സ്വാനുഭവങ്ങളുടെ ആത്മാർത്ഥമായ പ്രകാശനത്തിനു് ഇ.വി.യെപ്പോലെ പി.കെ. പ്രാപ്തനല്ല. ഇ.വി. സ്വതേ രസികനാണു്. അതുകൊണ്ടു തന്നെ അദ്ദേഹം പരിഹാസചതുരനുമാണു്. പി. കെ. ചിന്താരസികൻ. ചിന്തയിൽക്കൂടിയുള്ള ഫലിതങ്ങളുമാണു് അദ്ദേഹത്തിനുള്ളതു്. ഗ്രന്ഥനിർമ്മാണത്തിലും ആ നർമ്മബുദ്ധിയുടെ വളവും തെളിവും പ്രകടമയിക്കാണാം. സ്മരണമണ്ഡലവും ജീവിതസ്മരണകളും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ വക്രോക്തിസുന്ദരമാണ് സ്മരണമണ്ഡലം.