ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
തല ഉയർത്തി നടക്കുന്നതിനുള്ള സമരത്തിലെല്ലാം കഥാനായകൻ വഹിച്ച പങ്ക് കുറെ കടന്നകൈയായിരുന്നുവെന്നു ചിലർക്കു തോന്നുമെന്നുള്ളതു തീർച്ചതന്നെ. ‘വാസ്തവത്തിൽ കുറെയൊക്കെ ധാർഷ്ട്യം, ധിക്കാരം ഈ ജീവിതസമരത്തിൽ നമുക്കൊക്കെ വേണ്ടതാണെന്നും തോന്നുന്നു. അല്ലെങ്കിലുണ്ടോ പല സന്ദർഭങ്ങളിലും നമുക്കു ഗതിയുണ്ടാകാൻ പോകുന്നു? നമ്മെ മതിലിൽച്ചേർത്തു ഞെരിച്ചുകളയും മറ്റുള്ളവർ’ എന്നു കഥാനായകൻ പുറപ്പെടുവിക്കുന്ന അഭിപ്രായം ചിന്തനീയമാണു്. പ്രതിപാദനത്തിലെ ആത്മാർത്ഥതയും ആർജ്ജവ ശീലവും ഈ കൃതിയെ ഏററവും ആകർഷകമാക്കി തീർത്തിരിക്കുന്നു. ഭാഷയും സുലളിതമാണു്. പല ചരിത്രരേഖകൾ ഉദ്ധരിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ള 23-ാം അദ്ധ്യായം ചരിത്ര ഗവേഷകന്മാർക്കു കൂടുതൽ രസപ്രദമായിരിക്കും.
ജീവിതസമരം രണ്ടാംവാള്യം: കേശവൻ 1917-ൽ പാലക്കാട്ട് ഒരദ്ധ്യാപകനായിത്തീർന്നതു മുതൽ 1933 വരെയുള്ള പതിനാറു വഷത്തെ ജീവിത സംഭവങ്ങളാണു് 1955-ൽ പ്രസിദ്ധപ്പെടുത്തിയ രണ്ടാംവാള്യത്തിൽ 45 മുതൽ 82 വരെയുള്ള ഖണ്ഡികകളിലായി വിവരിച്ചിട്ടുള്ളതു്. കഥാപുരുഷൻ്റെ തൻ്റേടവും തകർപ്പും ഈ ഭാഗങ്ങളിൽ വേണ്ടതിലധികം വ്യക്തമാണു്.
