ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

കെ. എം. പണിക്കരുടെ ആത്മകഥ: വിവിധ നിലകളിൽ അഖിലലോക പ്രശസ്തനായിക്കഴിഞ്ഞിട്ടുള്ള ഒരു കേരളീയ മഹാപുരുഷനാണല്ലൊ സർദാർ പണിക്കർ. സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ആത്മ കഥ ഓരോ കേരളീയനും വായിച്ചിരിക്കേണ്ടതാണു്. ഈ ഗ്രന്ഥത്തിൻ്റെ ആദ്യഭാഗങ്ങൾ ‘സ്മരണദർപ്പണ’മെന്നപേരിൽ 1951-ൽ തിരുവനന്തപുര ത്തുനിന്നു പ്രസിദ്ധപ്പെടുത്തുകയാണുണ്ടായതു്. അതു് അല്പമൊന്നു പരിഷ്ക്കരിച്ചു വിപുലപ്പെടുത്തിയും, മൂന്നാംഭാഗം കൂടി കൂട്ടിച്ചേർത്തുമാണു് 1953-ൽ ഈ ‘ആത്മകഥ’ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

ഒന്നാം ഭാഗത്തിൽ കഥാനായകൻ 1895-ൽ കാവാലത്തു ജനിച്ചതു മുതൽ, കാശ്മീരിൽ ഉദ്യോഗം ലഭിച്ചതുവരെയുള്ള 32 വർഷക്കാലത്തെ ചരിത്രം എട്ടദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. കാശ്മീരിലെ ഉദ്യോഗം, നരേന്ദ്രമണ്ഡലത്തിൻ്റെ സിക്രട്ടറി എന്ന നിലയിൽ പാട്ട്യാലയിലെ ജീവിതം തുടങ്ങി 1929 മുതൽ 1938 വരെയുണ്ടായ സംഭവവികാസങ്ങൾ രണ്ടാം ഭാഗത്തിൽ മൂന്നദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. 1939-ൽ ബിക്കാനീർ രാജാവിൻ്റെ മന്ത്രിയായിത്തീർന്നതു മുതൽ 1947-ൽ ഇൻഡ്യൻ യൂണിയൻ ഉടലെടുത്തതുവരെയുള്ള വിവിധ കാര്യങ്ങൾ മൂന്നാം ഭാഗത്തിൽ പന്ത്രണ്ടദ്ധ്യായങ്ങളിലായും വിവരിച്ചിരിക്കുന്നു.