ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
കഥാനായകൻ്റെ വിദ്യാഭ്യാസം, പ്രഫ്‌സർ ഉദ്യോഗം, പത്രപ്രവർത്തനം, ദേശസഞ്ചാരം, മഹാന്മാരുമായുള്ള സമ്പർക്കം. നാനാമുഖമായ ലോകപരിചയം, കാശ്മീർ, പാട്ട്യാല, ബിക്കാനീർ എന്നിരാജ്യങ്ങളിലെ ഉദ്യോഗജീവിതം, രാഷ്ട്രീയ രംഗങ്ങളിലെ പലവിധ സേവനങ്ങൾ, അവയിൽ ഓരോന്നിലുമുണ്ടായ വിജയങ്ങൾ, ‘ഭോപാൽ’ പ്രഭൃതികളുടെ എതിർപ്പിനെ തകർത്തുകൊണ്ടു കോണസംബ്ലിയെ വിജയിപ്പിക്കാൻ ചെയ്ത യത്നങ്ങൾ എന്നു തുടങ്ങിയവയെല്ലാം നമ്മുടെ ശ്രദ്ധയെ സവിശേഷം അർഹിക്കുന്നവയും, അവയിൽത്തന്നെ ചിലതു നമ്മെ അത്ഭുതപരതന്ത്രരാക്കിത്തീർക്കുവാൻ പോരുന്നവയുമായ സംഭവ പരമ്പരകളുമത്രെ. എന്നാൽ നമ്മുടെ ശ്രദ്ധയെ കൂടുതൽ ആകർഷിക്കുന്നതു്, കർമ്മനിരതമായ ഈ ജീവിതത്തിനിടയിൽ അമൂല്യങ്ങളായ അനവധി ഗ്രന്ഥതല്ലജങ്ങൾ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചു എന്നുള്ളതാണു്. മലയാള ഭാഷയോടു യാതൊരു ബന്ധവുമില്ലാത്ത പ്രദേശങ്ങളിൽ ജീവിച്ചുകൊണ്ടു മലയാള സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങളിൽ അനേകം കൃതികൾ ചമച്ച സർദാറിൻ്റെ പ്രതിഭാവിലാസവും പരിശ്രമശീലവും ഭാഷാഭിമാനവും വിസ്മയജനകമായിരിക്കുന്നു. കഥാപുരുഷൻ തൻ്റെ സാഹിതീസമുദ്യമങ്ങളെപ്പറ്റി ഇതിൽ പലേടത്തും വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
‘പങ്കീപരിണയ’ത്തിൽ ഉള്ളൂരിനെ അപഹസിച്ചുള്ള “അമ്യാരുണ്ടാക്കിനൽകും…. പട്ടർതൻ പത്നിയായാൽ” എന്ന പദ്യം പണിക്കരുടേതായിട്ടാണല്ലോ നാമിന്നോളം ഗ്രഹിച്ചിരുന്നതു്. എന്നാൽ പ്രസ്തുത പദ്യത്തിൻ്റെ ഉടമസ്ഥാവകാശം വള്ളത്തോളിലാണു വർത്തിക്കുന്നതെന്നുള്ള വസ്തുത ഈ ആത്മകഥ വ്യക്തമാക്കിയിരിക്കുന്നു. കഥാപുരുഷൻ്റെ കുടുംബ ജീവിതത്തെക്കൂടി ഇതിൽ കുറെയൊക്കെ വിശദമാക്കാമായിരുന്നുവെന്ന് ഈ ആത്മകഥ വായിക്കുമ്പോൾ ചിലർക്കു തോന്നിയേക്കാം. ഉൽക്കർഷേച്ഛുക്കൾ വായിച്ചിരിക്കേണ്ട ഒരു കൃതിയാണു് ഈ ആത്മകഥ.
പണിക്കരുടെ ആത്മകഥയുടെ അനന്തരഭാഗം ഇപ്പോൾ മംഗളോദയത്തിൽ അച്ചടിച്ചു വരുന്നതായി അറിയുന്നു.
