ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
കാഴ്ചപ്പാടുകൾ: പുത്തേഴത്തു രാമമേനോൻ്റെ സപ്തതിസ്മാരകഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ‘കാഴ്ചപ്പാടുകൾ’. ഇതിൽ സ്വകീയമെന്നും പരകീയമെന്നും രണ്ടു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാം ഭാഗമാണു് ആത്മകഥ. ‘ആദ്യത്തെ ഓർമ്മകളി’ൽ കടന്നു് വിദ്യാലയത്തിലും വിവാഹത്തിലും പൊതുപ്രവർത്തനങ്ങളിലും പ്രവേശിച്ചു്, കൊട്ടാരം സർവ്വാധികാര്യക്കാരായി, ന്യായാധിപനായി, ആത്മപരിശോധനയ്ക്കുശേഷം പൂർണ്ണകാമനായിവർത്തിക്കുന്ന പുത്തേഴൻ്റെ ആ ജീവിതകഥ വായിക്കുന്നവർക്കു ആനന്ദവും ആവേശവും സ്വയം വന്നുകൂടുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഹൃദയഹാരിയായ ആ വാണീവിലാസത്തിൻ്റെ കഥ പറയേണ്ടതുമില്ലല്ലൊ.
രണ്ടാം ഭാഗത്തിൽ മറ്റുള്ളവർ എഴുതിയിട്ടുള്ള ആശിസ്സുകൾ, നിരൂപണങ്ങൾ, അനുമോദനങ്ങൾ, അനുസ്മരണകൾ, അഭിവാദ്യങ്ങൾ, ആശംസകൾ എന്നിവ നിറഞ്ഞിരിക്കുന്നു. ഈ അംശത്തിൽ അധികഭാഗവും തൂലികാചിത്രങ്ങളിലോ അനുസ്മരണകളിലോ ഉൾപ്പെടുത്താവുന്നതാണ്. പൊതുവേ പറഞ്ഞാൽ, കാഴ്ചപ്പാടുകളിൽ ആദ്യഭാഗം പുത്തേഴൻ്റെ ആത്മകഥയും, അനന്തരഭാഗം, അദ്ദേഹത്തെ സംബന്ധിച്ചു് മറ്റുള്ളവർ കുറിച്ചിട്ടുള്ള അനുസ്മരണകളുമാണു് അടങ്ങിയിട്ടുള്ളതു്. അഥവാ ആത്മകഥയും അനുസ്മരണകളും സമ്മേളിച്ച അസാധാരണമായ ഒരു സരസവാങ്‌മയമാണു് പുത്തേഴൻ്റെ കാഴ്ചപ്പാടുകൾ.
സ്മൃതിമാധുര്യം: ജീവിതത്തിൻ്റെ സായംകാലത്തിൽ അതിൻ്റെ ഭൂതകാലാകാശവീഥിയിലേക്ക് ഒന്നു കണ്ണോടിക്കുക. ധാരാളം ജീവിതാനുഭവങ്ങളോടുകൂടി മുന്നോട്ടു നീങ്ങിയിട്ടുള്ള ഒരു കവിയുടെയും സഹൃദയൻ്റെയും നോട്ടമായാലോ, അതിൻ്റെ മധുരിമ പറയാനുമില്ല. കെ. കെ. രാജാവിൻ്റെ സ്മൃതിമാധുര്യം അത്തരം അനുഭൂതികളെയാണ് അനുവാചകരിൽ അങ്കുരിപ്പിക്കുന്നതു്.
കവിയുടെ ജീവിതം മിക്കവാറും സഹൃദയസമ്പർക്കത്തിലും, കാവ്യരസാസ്വാദനത്തിലുമായി കഴിഞ്ഞുകൂടുകയാണുണ്ടായതു്. അതിനാൽ സ്മൃതിമാധുര്യം ഗ്രന്ഥകാരൻ്റെ സാഹിത്യപരിചയത്തിൻ്റെ ഒരു ചരിത്രമാണെന്നു പറയാം. ഇതിൽ തനിക്കു പരിചയപ്പെട്ടവരും പ്രിയപ്പെട്ടവരുമായ ഒട്ടനേകം കവികളേയും സാഹിത്യകാരന്മാരേയും കുറിച്ചുള്ള മധുര സ്മരണകൾ നിറഞ്ഞിരിക്കുന്നു. അവരിൽ ചിലരുടെ ഒന്നാന്തരം തൂലികാചിത്രങ്ങളും ഇടയ്ക്കു കൊടുത്തിട്ടുണ്ടു്. കാവ്യരസാസ്വാദനത്തിൻ്റെ ആഹ്ളാദത്തിനിടയിൽ ഒന്നാന്തരം വിമർശങ്ങളും! എല്ലാം പരിമിതപരിധിക്കുള്ളിലാണെന്നുള്ളതു വിശേഷിച്ചവധാര്യവുമാണു്.
