ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
ജീവിത സ്മരണകൾ: മഹാപണ്ഡിതനായ ഐ. സി. ചാക്കോ’ദീപിക’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ചില സ്മരണകളുടെ സമാഹാരമാണു് ജീവിതസ്മരണകൾ. വിവിധമേഖലകളിൽ വ്യാപരിച്ചിരുന്ന കഥാപുരുഷൻ്റെ ദീർഘകാലാനുഭവങ്ങൾ പലതും സ്മരണകളിൽക്കൂടി പ്രവഹിക്കുന്നതു കാണാം.
എൻ്റെ ഹൃദയേശ്വരി: സഹൃദയനും പണ്ഡിതനുമായ വി. ആർ. പരമേശ്വരൻപിള്ളയുടെ ഒരു കൃതിയാണിതു്. പത്നീവിയോഗഖിന്നനായ ഗ്രന്ഥകാരൻ സ്വപ്രേയസിയുടെ ഗുണഗണങ്ങളെ അനുസ്മരിക്കുന്നു. 22 വർഷക്കാലത്തെ ദാമ്പത്യ ജീവിതത്തിൽ ആ സൗശീല്യധാമത്തിൻ്റെ നേരെ തനിക്കുള്ള കടപ്പാടിനെ ഹൃദയഹാരികളായ വാക്കുകളിൽ പരമേശ്വരൻപിള്ള ഇതിൽ പ്രകാശിപ്പിച്ചിരിക്കുന്നു.
കൊഴിഞ്ഞ ഇലകൾ: വായിക്കുവാൻ രസവും ചിന്തിക്കുവാൻ വകയുമുള്ള ഒരാത്മകഥയാണു് മുണ്ടശ്ശേരിയുടെ ‘കൊഴിഞ്ഞ ഇലകൾ’. സ്മര്യപുരുഷൻ്റെ ഓർമ്മയിൽ തങ്ങിനില്ക്കുന്ന കുറെ അനുഭവങ്ങളുടെ ഒരനുസ്മരണമാണിതെന്നു പറഞ്ഞാലും അധികം തെററില്ല. മുണ്ടശ്ശേരിയുടെ ജനനംമുതൽ 1952-ൽ തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽനിന്നു പിരിച്ചുവിടുന്നതുവരെയുള്ള ജീവിതാനുഭവങ്ങളെ ക്രമാനുഗതമായ വിധത്തിൽ ‘ഇലകളിൽ’ ചിത്രീകരിച്ചിരിക്കുന്നു. പഠിക്കുന്ന കാലത്തെ ജീവിതാനുഭവങ്ങൾ ആരെയും കരുണാർദ്ര ചിത്തരാക്കാൻ പോരുന്നവയാണു്. മുണ്ടശ്ശേരിയുടെ മറെറാരു കൃതിയായ ‘മങ്ങാത്ത ഓർമ്മക’ളും ഈയവസരത്തിൽ സ്മരണയിൽ വന്നുചേരുന്നു.
എതിർപ്പ്: ഒരു നോവലിൻ്റെ രൂപത്തിൽ പി. കേശവദേവ് എഴുതിയിട്ടുള്ള ഒരാത്മകഥയാണു് ‘എതിർപ്പ്’ ഒന്നും രണ്ടും ഭാഗങ്ങൾ. ദേവിൻ്റെ ജീവിതം മുഴുവൻ എതിർപ്പിൻ്റെ കഥയാണു്. ഒന്നിലും അടിയുറച്ചു നില്ക്കാത്ത ഒരു സ്വഭാവമാണു് എതിർപ്പുകാരനായ ദേവിൽ കാണുന്നതു്. ഗൃഹത്തോടെതിർപ്പ്, മതത്തോടെതിർപ്പു്, സമുദായത്തോടെതിർപ്പു്, നിലവിലുള്ള അസമത്വങ്ങളോടും സാമൂഹ്യ വ്യവസ്ഥിതികളോടും എല്ലാററിനോടും എതിർപ്പു്. അങ്ങനെയുള്ള ഈ എതിർപ്പുകാരൻ പത്രപ്രവത്തനത്തിലും സാഹിത്യത്തിലും കടന്നുകൂടുന്നതോടുകൂടി 2-ാം ഭാഗം അവസാനിക്കുന്നു. ചൈതന്യസമുജ്ജ്വലമായ ദേവിൻ്റെ ശൈലി എതിർപ്പിലും ഉടനീളം പ്രകാശിക്കുന്നു.