ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

ചിത്രദർശിനി, അബ്‌ദുൽഖാദരുടെ മറ്റൊരു കൃതിയാണു്. ഇ. എം. ശങ്കരൻനമ്പൂതിരിപ്പാടു്, മുണ്ടശ്ശേരി, ബോധേശ്വരൻ, എ. ഡി. ഹരിശർമ്മ, കെ. രാമകൃഷ്ണപിള്ള കുട്ടിക്കൃഷ്ണമാരാർ, പൊൻകുന്നം വർക്കി, സി. നാരായണപിള്ള, ലളിതാംബിക അന്തർജ്ജനം ഇങ്ങനെ ഒൻപതു വ്യക്തികളുടെ ചിത്രങ്ങളാണ് ഇതിലുള്ളതു്. വെറും ബാഹ്യരൂപംമാത്രമല്ല, അന്തശ്ശക്തിയും ഇതിലെ ഓരോ വ്യക്തിയുടേയും ചിത്രങ്ങൾ വരച്ചിട്ടുള്ള രേഖകളിൽക്കൂടി കാഴ്ചക്കാരെ ദർശിപ്പിക്കുന്നുണ്ട് . ചിത്രദർശിനിയിൽ കൂടുതൽ മിഴിവ് മുണ്ടശ്ശേരിയുടെ ചിത്രത്തിനാണെന്നു പറയേണ്ടിയിരിക്കുന്നു. വ്യക്തിവിദ്വേഷമില്ലാത്ത നിഷ്പക്ഷ മനോഭാവത്തിൽ നിന്നുമാണു് അബ്‌ദുൽഖാദരുടെ ചിത്രങ്ങൾ ഉടലെടുത്തിട്ടുള്ളത്.

ജൂലിയൻ: കോട്ടയത്തു നിന്നും കുറെക്കാലം പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ചക്രവാളം’ എന്ന വാരികയിൽ പി. ദാമോദരൻപിള്ള ‘ജൂലിയൻ’ എന്ന കൃത്രിമ നാമധേയത്തിൽ എഴുതിയിരുന്ന തൂലികാചിത്രങ്ങളുടെ സമാഹാരമാണു് പ്രസ്തുത കൃതി. പുന്നശ്ശേരി, ശ്രീനാരായണഗുരു, കെ. ജി. ശങ്കർ, സി. വി. കുഞ്ഞുരാമൻ, ഇ. വി., മള്ളൂർ, വള്ളത്തോൾ, മുണ്ടശ്ശേരി, നന്ത്യാരുവീടൻ എന്നീ കേരളീയരുടേയും ഹരീന്ദ്രനാഥൻ, ചർച്ചിൽ എന്നി രണ്ടു് അകേരളീയരുടേയും ചിത്രങ്ങളാണു് ജൂലിയനിൽ പ്രദർശിപ്പിക്കുന്നതു്. ചിത്രങ്ങളിലെ രേഖകൾക്കു വേണ്ടത്ര തെളിവും മിഴിവും വന്നിട്ടുണ്ടു്. ശ്രീനാരായണഗുരുവിനെ അതിമാനുഷത്വത്തിലേക്കു് ഉയർത്താതെ തന്നെ ആരും ബഹുമാനിക്കുന്നതാണു്. തൂലികാചിത്രകാരൻ മാനുഷികത്വത്തിലേക്കുമാത്രം അദ്ദേഹത്തെ ഉയർത്തിയാൽ മതിയായിരുന്നു. മുണ്ടശ്ശരിയുടെ ചിത്രം വരച്ച രേഖകളിൽ കറുപ്പുചായം കുറെ കൂടുതലായിപ്പോയിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. അതു നിഷ്പക്ഷതയ്ക്ക് അല്പം ഭംഗമായിട്ടുമുണ്ട്.

രംഗമണ്ഡപം: 1949-ൽ വള്ളത്തോൾ വാസുമേനോൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തൂലികാചിത്രങ്ങളുടെ സമാഹാരമാണു രംഗമണ്ഡപം. ചങ്ങമ്പുഴ, അബ്‌ദുൾഖാദർ, പൊറ്റെക്കാട്ട്, മാരാർ, ഉള്ളൂർ, നാലപ്പാട്, ശങ്കരക്കുറുപ്പ്, സി. എസ്. നായർ എന്നിവരെയാണു് രംഗമണ്ഡപത്തിൽ നിരത്തിയിരിക്കുന്നതു്. വി. വി.യുടെ തൂലിക കർക്കശമല്ല, കടുത്ത ചായം ആരിലും കോരിയൊഴിക്കുന്നതുമല്ല. പ്രശാന്തമായി അത് അതിൻ്റെ കൃത്യം നിർവ്വഹിച്ചുപോകുന്നു.

മാരാരും കൂട്ടരും: വി. വി. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തൂലികാചിത്രങ്ങളുടെ മറ്റൊരു സമാഹാരമാണിതു്. രംഗമണ്ഡപത്തിൽ ചിത്രീകരിച്ചിട്ടുള്ളവരെത്തന്നെയാണു് ഇതിൽ ആവർത്തിച്ചിട്ടുള്ളത്. വിശേഷാൽ ചേലനാടൻ, വൈലോപ്പിള്ളി, സഞ്ജയൻ, മുകുന്ദരാജാവു് എന്നിവർ കൂടുതലായുണ്ടു്. ഈ സമാഹാരത്തിലെ ആദ്യ ഭാഗം തൂലികാചിത്രങ്ങളും, രണ്ടാമത്തെ ഭാഗം ചില നിരൂപണങ്ങളുമാണു്.