ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
തിരിഞ്ഞുനോട്ടം: കേശവദേവിൻ്റെ മറെറാരാത്മകഥയാണു് “തിരിഞ്ഞുനോട്ടം’. പന്ത്രണ്ടുവയസ്സു മുതല്ക്കുള്ള കഥയാണിതിലുള്ളതു്. താൻ പട്ടിണിയായി പലപ്പോഴും കഴിഞ്ഞുകൂടിയിട്ടുള്ളതും, പറമ്പിൽ നിന്നു നാളികേരം കട്ടെടുത്തതും, കഞ്ചാവുവലിച്ചു തലതിരിഞ്ഞുനടന്നതും, വിവാഹം കഴിഞ്ഞു മധുവിധു കാലത്തു താനും ഭാര്യയും പട്ടിണിയായി കഴിയുന്നതും മററും അവയുടെ തന്മയീഭാവത്തിൽത്തന്നെ ചിത്രീകരിക്കുവാൻ ദേവിനു ഇതിൽ സാധിച്ചിട്ടുണ്ടു്. ദേവിൻ്റെ ധീരോദാത്തമായ സ്വരം ഇതിലും ഉടനീളം വ്യാപിച്ചിട്ടുണ്ടു്.
എൻ്റെ വഴിത്തിരിവും: പ്രസിദ്ധ കഥാകൃത്തും നാടകകൃത്തുമായ പൊൻകുന്നം വർക്കിയുടെ ആത്മകഥയുടെ ഒരു ഭാഗമാണു് ‘എൻ്റെ വഴിത്തിരിവു്’. ജയിൽ ജീവിതത്തിൽ നിന്നുമാണത്രെ അദ്ദേഹത്തിനു ശരിയായ വഴിത്തിരിവുണ്ടായതെന്നു് ഇതിൽ പ്രസ്താവിച്ചിരിക്കുന്നു. സരസമായ ഈ ആത്മകഥയുടെ അനന്തരഭാഗങ്ങൾ പുറപ്പെടാനിരിക്കുന്നതേയുള്ളൂ.
എം. പി. പോൾ: ബി. കല്യാണിയമ്മ വ്യാഴവട്ടസ്മരണകളെഴുതി മിസ്സിസ് എം. പി. പോൾ, എം. പി. പോളിനെപ്പറ്റിയും. രണ്ടും ശോകമധുരമായ സ്മരണകൾ. രണ്ടുപേരുടേയും കഥാനായകന്മാർ കേരളത്തിലെ കേളിപെട്ട രണ്ടു നിരൂപകന്മാരും, പോളിനെ മിസ്സിസ് ഏതേതുരൂപത്തിൽ കണ്ടിരുന്നുവോ അതിൻ്റെയെല്ലാം കലർപ്പില്ലാത്ത ഒരു ചിത്രം ഈ മധുരസ്മരണയിൽ കുറിച്ചിരിക്കുന്നു. വേദന നിറഞ്ഞ ഒരു ഹൃദയത്തിൻ്റെ തുടിപ്പുകൾ അതിലെ ശബ്ദങ്ങൾക്കിടയിൽനിന്ന് ഉയർന്നുകൊണ്ടുമിരിക്കുന്നു. സർവ്വഥാ നൈസർഗ്ഗീകലാവണ്യം പൂണ്ട ഒരനുസ്മരണ!
