ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

അടുക്കളയിൽനിന്നു പാർലമെൻ്റിലേക്കും: പേരു കേൾക്കുമ്പോൾ വി. ടി. ഭട്ടതിരിയുടെ അടുക്കളയിൽനിന്നു് അരങ്ങത്തേക്ക് എന്ന സാമൂഹ്യ നാടകം പോലെയുള്ള ഒന്നാണെന്നു തോന്നിപ്പോകാം. എന്നാൽ ഇതു് ഭാരതി ഉദയഭാനു എം. പി.യുടെ ചില സ്മരണകളാണു്. 1936-ൽ കോളേജു വിട്ടശേഷം 17 വർഷം അടുക്കളയിൽ കഴിഞ്ഞുകൂടിയിരുന്ന ഭാരതി, ഒരു സുപ്രഭാതത്തിൽ പാർലമെൻ്റു മെമ്പറായിത്തിരുന്നു. ഡെൽഹി പാർലമെൻ്റിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും സഞ്ചരിച്ചപ്പോഴുണ്ടായ സ്വാനുഭവങ്ങളാണു് അവർ ഇതിൽ വിവരിക്കുന്നതു്. വിവരണങ്ങൾ മുഷിച്ചിൽ കൂടാതെ വായിക്കുവാൻ കഴിയും. പ്രസ്തുത കൃതി രണ്ടു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഒന്നാം ഭാഗത്തിനു കേരള സാഹിത്യ അക്കാദമിയിൽനിന്നു 1961-ൽ ഗ്രന്ഥകർത്രിക്കു സമ്മാനം നല്കുകയുണ്ടായി എന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.

കൃഷ്ണൻകുട്ടിയുടെ ആത്മകഥ (നെടുവീർപ്പു്): സി. എ. കിട്ടുണ്ണിയുടെ ആത്മകഥയാണിതു്. മറ്റു ചില ആത്മകഥകൾക്കുള്ള വമ്പും പ്രതാപവും ഇതിൽ കുറയുമെങ്കിലും അനുവാചക ഹൃദയത്തെ അലിയിക്കുന്ന ഒരു ശക്തിവിശേഷം നെടുവീർപ്പിനുണ്ട്. ആത്മകഥയ്ക്കുണ്ടായിരിക്കേണ്ട മഹനീയമായ ഒരു ഗുണവുമാണതു്. അതൊന്നുകൊണ്ടുതന്നെ കിട്ടുണ്ണിയുടെ ആത്മകഥ മലയാളത്തിലെ ആത്മകഥകളിൽ ഒരു ഉന്നത സ്ഥാനം അർഹിക്കുന്നതായിത്തീർന്നിരിക്കുന്നു.