ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

മറ്റുചില ആത്മകഥകൾ: സി. ഐ. രാമൻനായരുടെ ‘ഇ.വി. സ്മരണകൾ’, ഉള്ളൂരിൻ്റെ ‘സ്മരണമാധുരി’, എൻ. ശ്രീകണ്ഠൻനായരുടെ ‘കഴിഞ്ഞകാല ചിത്രങ്ങൾ’, സി. കെ. മറ്റത്തിൻ്റെ ‘സ്മരണകിരണങ്ങൾ’, ഇ. എം. കോവൂരിൻ്റെ ‘ഞാൻ കണ്ട ഈ. വി.’ എന്നിവയും ഈ അവസരത്തിൽ പ്രത്യേകം അനുസ്മരിക്കപ്പെടേണ്ടവയാണു്. വി. കെ. ലക്ഷ്മിക്കുട്ടിനേത്യാരമ്മ മലയാളമനോരമ ആഴ്ചപ്പതിപ്പിൽ സ്വാത്മചരിതം ചിലതു കുറിച്ചിരുന്നു. അതു മുഴുവനാക്കുകയോ പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. കെ. സി. മാമ്മൻമാപ്പിളയും മനോരമ ആഴ്ചപ്പതിപ്പിൽ ആത്മചരിതത്തിൻ്റെ ചില ഭാഗങ്ങൾ എഴുതുകയുണ്ടായി. അതു മുഴുവനായിരുന്നെങ്കിൽ, വിപുലമായ ലോകചരിചയം കൊണ്ടും ജീവിതാനുഭവങ്ങൾകൊണ്ടും അദ്ദേഹം നേടിയിരുന്ന ജ്ഞാന വിജ്ഞാന രാശിയിൽ പലതും നമുക്കു ലഭിക്കുമായിരുന്നു. സി വി. കുഞ്ഞുരാമൻ ‘കൗമുദി’യിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന വിവരണങ്ങളും ഇതുപോലെതന്നെ അപൂർണ്ണമായി കലാശിക്കയാണുണ്ടായതു്. തെങ്ങുംമൂട്ടിൽ വറുഗീസ് ‌മാപ്പിള, പി. വി. കൃഷ്ണവാര്യർ എന്നിവർ തങ്ങളുടെ ആത്മചരിതം എഴുതിവരുന്നുണ്ടെന്നു ചില സുഹൃത്തുക്കളിൽനിന്ന് അറിയുവാൻ കഴിഞ്ഞിരുന്നു. എന്നാൽ അവരിരുവരും ഇതിനകം തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. കൈവശക്കാർ വേണ്ടതു ചെയ്യുമെന്നു വിശ്വസിക്കാം. വി. ടി. ഭട്ടതിരിപ്പാട്ട് മാതൃഭൂമിയിൽ പ്രസിദ്ധപ്പെട്ടത്തിയിരുന്ന കുറെ ലേഖനങ്ങളും ഈയവസരത്തിൽ സ്മരണയിൽ വന്നുചേരുന്നു. ആയുഷ്മാന്മാരായ മള്ളൂർ ഗോവിന്ദപ്പിള്ള, പി. ജെ. തോമസ് എന്നു തുടങ്ങിയവർ അവരുടെ ആത്മചരിതം എഴുതുവാൻ സർവ്വപ്രകാരേണയും അർഹതയുള്ളവരാണ്. അവർ സ്വകൃത്യം നിർവ്വഹിക്കുന്നതായാൽ അതു സാഹിത്യത്തിനും സമുദായത്തിനും ഒന്നുപോലെ പ്രയോജന പ്രദമായിരിക്കും.