ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

സി. സ്മാരകഗ്രന്ഥങ്ങൾ

തൂലികാചിത്രങ്ങൾ, ആത്മകഥകൾ, സ്മരണകൾ എന്നിവപോലെ തന്നെ അനുസ്മരിക്കേണ്ട ഒരു വിഭാഗമാണു സ്മാരകഗ്രന്ഥങ്ങൾ. ജീവചരിത്രങ്ങൾ, തൂലികാചിത്രങ്ങൾ, സ്മരണകൾ, നിരൂപണങ്ങൾ, ആശംസകൾ എന്നിങ്ങനെ സാഹിത്യത്തിലെ പല അംശങ്ങളും ഇത്തരം കൃതികളിൽ ഓരോന്നിലും അടങ്ങിയിരിക്കുന്നു. അവയിൽ ചിലതിൻ്റെ പേർ പറഞ്ഞുപോകുവാൻ മാത്രമേ ഇവിടെ മുതിരുന്നുള്ളു.

കുസുമാഞ്ജലി: അപ്പൻതമ്പുരാൻ തിരുമനസ്സിലെ ഷഷ്ടിപൂർത്തി സ്മാരകമായി തൃശ്ശിവപേരൂർ സഹൃദയ സമാജം 1111-ൽ പുറപ്പെടുവിച്ച ഒരു ഗ്രന്ഥമാണിതു്.

സാഹിത്യ ദീപിക: പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തിസ്മാരകമായി പാവറട്ടി സംസ്കൃത കോളേജിൽ നിന്നു 1951-ൽ പുറപ്പെടുവിച്ചതാണു മേല്പറഞ്ഞ കൃതി.

മഹാകവി പള്ളത്തു സ്മാരകോപഹാരം: മഹാകവിയുടെ ചരമാനന്തരം ഫോർട്ടുകൊച്ചിയിൽനിന്നു് 1951-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണിതു്.

കേരളവർമ്മ സ്മാരക ഉപഹാരമാല: വലിയകോയിത്തമ്പുരാൻ്റെ ജന്മശതാബ്ദി പ്രമാണിച്ചു പുറപ്പെടുവിച്ചിട്ടുള്ളതാണു് ഈ ഉപഹാര മാല.

കെ. എം. പണിക്കർ ഷഷ്ടിപൂർത്തി സ്മാരകഗ്രന്ഥം: സർദാർ പണിക്കരുടെ ഷഷ്ടിപൂർത്തി പ്രമാണിച്ചു് 1129-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ഗ്രന്ഥം.

ഹാസ്യപ്രകാശം: എം. ആർ. നായരുടെ ചരമാനന്തരം അദ്ദേഹത്തിൻ്റെ സ്മാരകമായി (സഞ്ജയൻ സ്മാരക ഗ്രന്ഥം) കോഴിക്കോട്ടു മാതൃഭൂമിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണിതു്.