ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

നെഹ്രുവിൻ്റെ ആത്മകഥ: സത്യാവിഷ്ക്കരണത്തിൻ്റെ ഒരു ദർപ്പണം തന്നെയാണു് പ്രസ്തുത കൃതിയും. എന്നാൽ സത്യാന്വേഷണ പരീക്ഷകളിൽ നിന്ന് ഇതിനുള്ള ഒരു വ്യത്യാസം, ഇൻഡ്യയിലെ സമീപകാല സംഭവങ്ങളുടെ ചരിത്രമാണു് സ്വന്തം ജീവചരിത്രത്തേക്കാൾ അധികം മുഴച്ചുനില്ക്കുന്നതെന്നുള്ളതാണു്. ആധുനിക ഭാരതത്തെ അറിയണമെന്നാഗ്രഹിക്കുന്ന ആർക്കും അനുപേക്ഷണീയമായ ഒരു ഗ്രന്ഥമാണിതെന്നു ഹക്സിലി പ്രസ്താവിച്ചിട്ടുള്ളതു് ഇവിടെ അർത്ഥവത്തായിരിക്കുന്നു. തൻ്റെ ജീവിതത്തേക്കാൾ മഹനീയമായി താൻ കരുതിയിരുന്ന ആദർശ സിദ്ധിക്കുവേണ്ടിയുള്ള പരിശ്രമവും, അതിൻ്റെ പ്രവർത്തനപരിപാടികളിൽ വന്നു ചേർന്ന വിജയാപജയങ്ങളും അനുഭവപരമായി പ്രകാശിപ്പിക്കുവാൻ മാത്രമാണു് സ്വാത്മചരിതത്തിൽ നെഹ്റു ശ്രമിച്ചിട്ടുള്ളത്. കഥാപുരുഷൻ 1935-ൽ അൽമോറാ ജയിലിൽ തടവുകാരനായിരുന്നു. അക്കാലത്താണു് പ്രസ്തുത കൃതിയുടെ രചനയും. 68 അദ്ധ്യായങ്ങളുള്ള പ്രസ്തുത ചരിതത്തിൽ, സ്വന്തം കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കുവാൻ 10 അദ്ധ്യായങ്ങളിലധികം അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ഭാരതത്തിൻ്റെ സ്വാതന്ത്ര്യസമരത്തിൽ അവിഭക്തമായി നിലകൊള്ളുന്ന തൻ്റെ ജീവിതത്തെ അതിൽക്കൂടി അല്പാല്പം പ്രകാശിപ്പിക്കുവാൻ മാത്രമേ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുള്ളു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ നെഹ്റുവിനെ പ്രസ്തുത കൃതിയിൽ ഉടനീളം നാം കാണുന്നു. എന്നാൽ കഥാനായകൻ്റെ ജീവിത വളർച്ചയുടെ പുരോഗതി രാഷ്ട്രീയ സംഭവങ്ങളുടെ തിരത്തല്ലലിൽ ചിലേടത്തു നിശ്ശേഷം മറഞ്ഞുപോകുന്നു. അതിനാൽ മഹാത്മജിയുടെ ആത്മകഥയിലെപ്പോലെ, നെഹ്റുവിൻ്റെ ആത്മകഥയിൽ അതിലെ യഥാർത്ഥ നായകനെ പൂർണ്ണമായി നമുക്കു കാണുവാൻ സാധിക്കുന്നില്ല. സി. എച്ച്. കുഞ്ഞപ്പയുടെ വിവർത്തനശൈലി ആകർഷകമാണു്.