ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
തൻ്റെ ആത്മചരിതത്തിൽ നാലു കാലഘട്ടങ്ങളുടെ വികാസ വിവരണം ഉൾക്കൊള്ളിക്കുവാനാണു അദ്ദേഹം നിശ്ചയിച്ചിരുന്നതു്. എന്നാൽ ആദ്യത്തെ മൂന്നു ഭാഗങ്ങളേ ഇതിൽ ഉൾക്കൊള്ളിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളു. ‘എൻ്റെ ശൈശവം’ എന്ന ഒന്നാം ഭാഗം 28 അദ്ധ്യായങ്ങളിലും ‘എൻ്റെ കൗമാരം’ എന്ന രണ്ടാം ഭാഗം 27 അദ്ധ്യായങ്ങളിലും ‘എൻ്റെ യൗവനം’ എന്ന മൂന്നാംഭാഗം 45 അദ്ധ്യായങ്ങളിലുമായി വിഭജിച്ചു ക്രമപ്പെടുത്തി ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു. നാലാം ഭാഗത്തെപ്പറ്റി ഗ്രന്ഥത്തിൻ്റെ അവസാനത്തിൽ പറഞ്ഞിട്ടുള്ളതിങ്ങനെയാണ് – എൻ്റെ സന്തുഷ്ടി സമ്പൂർണ്ണമായ അർദ്ധയൗവന കാലത്തെക്കുറിച്ചു വിവരിക്കുമ്പോൾ ഞാൻ പ്രസ്താവിക്കാം. പക്ഷേ, ആ സങ്കല്പം ഗ്രന്ഥകാരനു സഫലമാക്കാൻ സാധിച്ചില്ലെന്നു തോന്നുന്നു. ടോൾസ്റ്റോയിയുടെ ഈ ആത്മകഥ പുതുപ്പള്ളി രാഘവനാണു് വിവർത്തനം ചെയ്തിട്ടുള്ളത്. പ്രസ്തുത കൃതി കൈരളിക്ക് അനർഘമായ ഒരു നേട്ടംതന്നെ.
ലെനിൻ സ്മരണകൾ: വിപ്ലവാചാര്യനായ ലെനിനെക്കുറിച്ചു അദ്ദേഹത്തിൻ്റെ സഹധർമ്മിണിയും സന്തത സഹചാരിണിയുമായ എൻ.കെ. ക്രൂപ്‌സ്കായ എഴുതിയിട്ടുള്ള സ്മരണകളാണു് ഈ ബൃഹൽഗ്രന്ഥത്തിലുള്ളതു്. സ്മരണകൾ മൂന്നു ഭാഗങ്ങളായി വിഭജിച്ചു് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഒരു മഹാപുരുഷൻ്റെ ജീവിതത്തെയും ജീവിത സംഭവങ്ങളെയും കുറിച്ചെഴുതുക വളരെ ക്ലേശമുള്ള കാര്യമല്ല. എന്നാൽ അദ്ദേഹത്തിൻ്റെ ചിന്തയുടെ ഗതിവിഗതികളെ ചിത്രീകരിക്കുക അത്ര സുഖകരമോ ക്ഷിപ്രസാദ്ധ്യമോ ആയ ഒരു കൃത്യമല്ല. ആ പ്രയാസമേറിയ കൃത്യമാണു് ലെനിൻ സ്മരണകളിൽ അദ്ദേഹത്തിൻ്റെ ധർമ്മപത്നി നിർവ്വഹിച്ചിട്ടുള്ളത്. അതോടൊപ്പം ഒരു വിപ്ലവ പ്രസ്ഥാനത്തിൻ്റെ വളർച്ചയും ഈ ഗ്രന്ഥത്തിൽ നമുക്കു കാണാം. മലയാള സാഹിത്യത്തിനു വിലയേറിയ ഒരു മുതൽക്കൂട്ടായ ഈ ബൃഹൽഗ്രന്ഥം പരിഭാഷപ്പെടുത്തിയിട്ടുള്ളതു് സി. വി. പാപ്പച്ചനാണു്.
എൻ്റെ ജയിൽ ജീവിതങ്ങൾ: വിജയലക്ഷ്മി പണ്ഡിറ്റ് എഴുതിയിട്ടുള്ള ഒരാത്മകഥയാണിതു്. ജയിൽവാതിലിന്നു പിന്നിൽ എന്തെല്ലാം നടക്കുന്നുവെന്നറിയുവാൻ പ്രസ്തുത കൃതി വളരെ പ്രയോജനപ്പെടും. ഒ. കെ. നമ്പൂതിരിപ്പാടു് ബി. എസ്സി.യാണു് ഇതു വിവർത്തനം ചെയ്തിട്ടുള്ളതു്.
