ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

ഹിമവ്യാഘ്രം: എവറസ്റ്റാരോഹകരിൽ ഭാരതീയർക്കു് അഭിമാനിക്കാവുന്ന ഒരു വ്യക്തിയാണു് ടെൻസിംഗ്. 1953 മെയ് 29-ാം തീയതി അദ്ദേഹത്തിൻ്റെ ജീവിതത്തിൽ സുസ്മരണീയമായ ഒരു ദിനമാകുന്നു. അന്നേവരെ ദുഷ്പ്രാപമെന്നോ അജയ്യമെന്നോ കരുതിയിരുന്ന ഹിമവൽ ശിഖരത്തിൽ എത്തി അദ്ദേഹം തൻ്റെ വിജയപതാക പറപ്പിച്ചതു് അന്നാണു്. വീരപുരുഷനായ ആ ടെൻസിംഗിൻ്റെ ആത്മകഥ പ്രഫ്സർ എം. എം. മാണി എം. എ. മനോജ്ഞമായി വിവർത്തനം ചെയ്തിട്ടുള്ളതാണു് ‘ഹിമവ്യാഘ്രം’.

നവമാലിക : ഫ്രാൻസിലെ ലിസ്യു എന്ന ചെറിയ പട്ടണത്തിലെ ഒരു കന്യാമഠത്തിൽ ജീവിച്ചു നിര്യാതയായ ഒരു വിശുദ്ധയാണു് കൊച്ചുത്രേസ്യ. ആ മഹതി എഴുതിയ ആത്മചരിതം ഇംഗ്ലീഷിൽ പകർത്തിയതിൻ്റെ ഒരു പകർപ്പാണു്’ ‘നവമാലിക’ എന്ന പേരിൽ ജോസഫ് തളിയത്ത് എം. എ., ബാർ-അററ്-ലാ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതി. നായികയെ സംബന്ധിച്ച 14 അദ്ധ്യായങ്ങൾക്കുപുറമെ, കുടുംബചരിതം എന്നൊരു ഭാഗം പ്രത്യേകമായും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പരിഭാഷ, ഭാഷാപ്രയോഗകലയിൽ വിവിധ നിലകളിലുള്ള എട്ടുപത്തുപേർ കൂടി നിർവ്വഹിച്ചിട്ടുള്ളതാകയാൽ ചില സ്ഖാലിത്യങ്ങൾ ഗ്രന്ഥത്തിൽ അവിടവിടെ കടന്നുകൂടാതിരുന്നിട്ടില്ല.

ഇനിയും ഈ ഇനത്തിൽ ചിലതുകൂടി പ്രസ്താവിക്കുവാനുണ്ടു്. രവീന്ദ്രനാഥടാഗോറിൻ്റെ ‘ജീവിതസ്മൃതികൾ’, മിസ്സിസ് റൂസുവെൽട്ടിൻ്റെ ‘ഇതു ഞാനോർക്കുന്നു’, ഹെലൻ കെല്ലറുടെ ‘എൻ്റെ ജീവിതകഥ’, ടോൾസ്റ്റോയിയുടെ ‘കുറ്റസമ്മതം’, യൂയിസ് ബുഡെൻസിൻ്റെ ‘ഇതാണു എൻ്റെ കഥ’. ഹെർബർട്ട് ഫിൽബ്രിക്കിൻ്റെ ‘എൻ്റെ ത്രിവിധജീവിതം’, കെ. എ. അബ്ബാസിൻ്റെ ‘ഞാൻ കണ്ട ക്രൂഷേവ്’ മാക്സിംഗോർക്കിയുടെ ‘കുട്ടിക്കാലം’, ‘പരിശീലനം’, ‘സർവ്വകലാശാലകൾ’, കാകാകലേല്ക്കരുടെ ‘ബാപ്പു സ്മരണകൾ’ തുടങ്ങിയവ അവയിലുൾപ്പെടുന്നു.