ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

മൺമറഞ്ഞവർ: പുത്തേഴൻ്റെ പ്രഗത്ഭതൂലികയുടെ സ്വതന്ത്ര വിഹാരമാണ് ‘മൺമറഞ്ഞവർ’. പരേതരായ പലരേക്കുറിച്ചും ഇതിൽ കുറിച്ചിട്ടുണ്ടു്. എന്നാൽ സുപ്രസിദ്ധ കലാകോവിദന്മാരെ സംബന്ധിച്ചുള്ള ഹൃദയസ്പർശികളായ ചിത്രങ്ങളുടെ പ്രദർശനശാലയാണു് ‘മൺമറഞ്ഞവർ’ എന്നു പറയുന്നതായിരിക്കും ഏറ്റവും ശരിയായിരിക്കുക. വലിയ കോയിത്തമ്പുരാൻ, കെ. സി. നാരായണൻ നമ്പ്യാർ, കുണ്ടൂർ, നാലപ്പാടൻ, ടി. കെ. കൃഷ്ണമേനോൻ തുടങ്ങിയവരാണു് മൺമറഞ്ഞവരിൽ പ്രശോഭിക്കുന്ന സുപ്രസിദ്ധ സാഹിത്യകാരന്മാർ, മൺമറഞ്ഞ ആ മഹാപുരുഷന്മാരുടെ നേരെ എഴുത്തുകാരനുള്ള ആദരാഭിനന്ദനങ്ങൾ ഇതിലെ ഓരോ പദവാക്യങ്ങളിലും തെളിഞ്ഞുകാണാം.

ടാറ്റാപുരത്തിൻ്റെ തൂലികാചിത്രങ്ങൾ: മുപ്പതിലേറെ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സതതോദ്യമശാലിയായ ഒരു കലാകാരനാണ് ടാറ്റാപുരം സുകുമാരൻ. പത്തു കഥാകാരന്മാർ, പത്തു കവികൾ, പത്തു ഗദ്യകാരന്മാർ എന്നിവ അദ്ദേഹം എഴുതിയിട്ടുള്ള തൂലികാചിത്രങ്ങളുടെ സമാഹാരങ്ങളാണു്. ഇവയിൽ ‘പത്തു കഥാകാരന്മാരാ’ണ് ആദ്യത്തെ സമാഹാരം. രണ്ടാമത്തെ സമാഹാരത്തിൽ വൈലോപ്പിള്ളി, ഒളപ്പമണ്ണ, പാലാ, ഇടശ്ശേരി, ശങ്കരക്കുറുപ്പു്, വയലാർ, അക്കിത്തം, കെടാമംഗലം, കുഞ്ഞിരാമൻനായർ, എൻ. വി. കൃഷ്ണവാര്യർ എന്നീ പത്തു കവികളെ ചിത്രീകരിക്കുന്നു. ഹരിശർമ്മ, കെ. പി. കേശവമേനോൻ, ടി. എം. ചുമ്മാർ, ഗോവിന്ദൻകുട്ടിനായർ, കുട്ടിക്കൃഷ്ണമാരാർ, പി. കെ. പരമേശ്വരൻനായർ, മുണ്ടശ്ശേരി, കെ. ദാമോദരൻ, കുററിപ്പുഴ, ഗുപ്തൻ നായർ എന്നിവരുടെ ജീവിതത്തിൻ്റെയും പ്രവർത്തനങ്ങളുടെയും ചിത്രങ്ങളാണു ‘പത്തു ഗദ്യകാരന്മാരി’ൽ പ്രകാശിപ്പിക്കുന്നതു്. ഓരോ വിഭാഗത്തിലും ഉൾപ്പെട്ട ഓരോ വ്യക്തിയുടെയും ഭാവരൂപങ്ങളെ നേരിട്ടും കൃതികളിൽക്കൂടിയും സൂക്ഷ്മ നിരീക്ഷണം ചെയ്തു സ്വന്തം ഭാവനാശക്തിയുടെ സഹായത്തോടുകൂടി പ്രദർശിപ്പിച്ചിട്ടുള്ളവയാണു് ഈ തൂലികാചിത്രങ്ങൾ ഓരോന്നും. ഈ പ്രസ്ഥാനത്തിൽ ഉടലെടുത്തിട്ടുള്ള കൃതികളിൽവച്ച് കൂടുതൽ മിഴിവേറിയവയും സുകുമാരൻ്റെ ചിത്രങ്ങൾതന്നെയാണെന്നു തോന്നുന്നു.

പൊറ്റെക്കാട്ടിൻ്റെ വ്യക്തിമുദ്രകൾ: ഭാരതീയരായ 12 പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങളാണു സുകുമാർ പൊറ്റെക്കാട്ട് ‘വ്യക്തിമുദ്രകളി’ൽ പ്രദർശിപ്പിക്കുന്നതു്. രാധാകൃഷ്ണൻ, കെ. എം. പണിക്കർ, രാജഗോപാലാചാരി, പട്ടാഭി സീതാരാമയ്യ, കാരിയപ്പ, എസ്. കെ. പട്ടീൽ, ബി. സി. റോയി, ജഗജ്ജീവൻറാം, കമലാദേവി, ജോൺ മത്തായി, ആസാദ്, നെഹ്റു എന്നിവരാണ് ഇതിലെ പ്രശസ്ത വ്യക്തികൾ. ഓരോ വ്യക്തിയുടെയും വ്യക്തിപ്രഭാവത്തെ പ്രകാശിപ്പിക്കുന്ന മുദ്രകൾ സ്വന്തം ഭാവനയിൽക്കൂടി പ്രദർശിപ്പിക്കുവാൻ പൊറ്റെക്കാടിൻ്റെ വിദഗ്ദ്ധ തുലികയ്ക്കു സാധിച്ചിട്ടുണ്ടു്.