ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
പോയ തലമുറ: സി. വി. കുഞ്ഞുരാമൻ, ഈ. സുബ്രഹ്മണ്യയ്യർ, മന്നം, മാമ്മൻ മാപ്പിള, പട്ടം തുടങ്ങിയ എട്ടുപേരുടെ ചിത്രങ്ങളാണു് സി. നാരായണപിള്ളയുടെ ‘പോയ തലമുറ’യിൽ ഉള്ളതു്. ഗ്രന്ഥകർത്താവ് ഓരോ വ്യക്തിയേയും നേരിട്ടറിഞ്ഞിട്ടുള്ളതുകൊണ്ടു് ഇതിലെ ചിത്രങ്ങൾ ഓരോന്നും തന്മയത്വം നിറഞ്ഞവയാണു്. ഊർജ്ജസ്വലവും ലക്ഷ്യവേധിയുമാണു് നാരായണപിള്ളയുടെ ശൈലി.
ഞാൻ കണ്ട സാഹിത്യകാരന്മാർ: ഡോ. എസ്. കെ. നായരുടെ ഒരു സമാഹാരമാണിത്. മുണ്ടശ്ശേരി, ഉള്ളൂർ, ഡി.പി. ഉണ്ണി, ചങ്ങമ്പുഴ എന്നു തുടങ്ങിയ 13 സാഹിത്യകാരന്മാരെ ഇതിൽ നിരത്തിയിരിക്കുന്നു. തൂലികാചിത്രകാരന്മാർക്കുവേണ്ട സമചിത്തത, പൂജ്യപൂജകഭാവം മുതലായ ഗുണങ്ങൾ എസ്. കെ യുടെ ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണുന്നുണ്ട്. പ്രസന്നലളിതമായ പ്രതിപാദനരീതി ചിത്രങ്ങളെ കൂടുതൽ ആകർഷകങ്ങളുമാക്കിത്തീർക്കുന്നു.
പൊൻകുന്നം വർക്കിയുടെ ‘തൂലികാചിത്രങ്ങൾ’ : കുമ്പളത്തു ശങ്കുപ്പിള്ള, ശ്രീകണ്ഠൻനായർ, പുന്നൂസ്, അക്കാമ്മ ചെറിയാൻ, ആനി മസ്ക്രീൻ തുടങ്ങിയ ലബ്ധ പ്രതിഷ്ഠരായ പതിനൊന്നു രാഷ്ട്രീയ നേതാക്കളെയാണു് വർക്കി തൂലികാചിത്രങ്ങളിൽ പ്രദർശിപ്പിക്കുന്നതു്. തൻ്റെ സഹപ്രവർത്തകരായിരുന്ന ഈ വ്യക്തികളെ ശരിക്കു കണ്ടറിയുവാനും അതുപോലെതന്നെ ചിത്രീകരിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വർക്കിക്കു സഹജമായുള്ള പ്രൗഢോജ്ജ്വല ശൈലിയാണ് ഇതിലും പ്രകാശിക്കുന്നത്.
മാടശ്ശേരിയുടെ ‘എഴുത്തുകാരും എഴുത്തുകാരും’: ലളിതാംബിക അന്തർജ്ജനം, കാരൂർ, പൊൻകുന്നം, ബഷീർ, റാഫി, ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം, കുഞ്ഞിരാമൻ നായർ, പാലാ, വയലാർ എന്നു പത്തുപേരെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ‘ജീവചരിത്രത്തിലെ വിവരങ്ങൾ, ആളിൻ്റെ സ്വഭാവം. കൃതികളുടെ ഗുണം ഇവ മൂന്നും കൂട്ടി ചുവപ്പിച്ച ഈ സ്കെച്ചുകൾ’, വായനക്കാരെ കുറെയൊക്കെ ആകർഷിക്കുവാൻ മതിയായവയാണു്.
