ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

പ്രശസ്ത വ്യക്തികൾ: കെ. പി. കരുണാകരമേനോൻ എഴുതിയിട്ടുള്ള ഒരു തൂലികാചിത്രമാണു്. വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ച് അഭംഗുരമായ യശസ്സ് സമാർജ്ജിച്ചിട്ടുള്ള പതിനഞ്ചു വിശിഷ്ടവ്യക്തികളുടെ ചിത്രങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അതിൽ വൃന്ദാവനത്തിലെ മുരളീധരൻ, നസ്രത്തിലെ ത്യാഗിവര്യൻ, മരുഭൂമിയിലെ മഹാപുരുഷൻ എന്നീ മൂന്നുപേർ ലോകത്തിൻ്റെ ആ ആധ്യാത്മിക നേതൃത്വം വഹിച്ചിട്ടുള്ള മഹാപുരുഷന്മാരും, സംസ്ക്കാര സമന്വയത്തിൻ്റെ സന്ദേശവാഹകൻ (രാജാരാമമോഹൻറോയി), സമരസമുത്സുകയായ വീരവനിത (മിസ്സിസ്സ് ആനിബസൻ്റ്), ഭാരതത്തിലെ പ്രഭാഷകസമ്രാട്ടു് (സുരേന്ദ്രനാഥ ബാനർജി) എന്നിവർ ഭാരത ഭൂമിയുടെ അത്യുന്നതിക്കുവേണ്ടി ആത്മത്യാഗപൂർവ്വം ജീവിതം ബലിയപ്പിച്ചിട്ടുള്ളവരും, ബാക്കി ഒൻപതുപേർ ശാശ്വതികങ്ങളായ സൽഗ്രന്ഥങ്ങളുടെ നിർമ്മിതിയാൽ ലോകത്തിനു അമൂല്യ സംഭാവന നല്കിയിട്ടുള്ള വിശ്വമഹാകവികളുമാണു്. മേൽപ്പറഞ്ഞ വ്യക്തികളുടെ ആശയങ്ങളും ആദർശങ്ങളും നിരൂപണബുദ്ധിയോടുകൂടി വെളിപ്പെടുത്തി അവരുടെ ഭാവസ്വരൂപം പ്രദർശിപ്പിക്കുവാനാണു് ഗ്രന്ഥകാരൻ ഇതിൽ യത്നിച്ചിട്ടുള്ളതു്. ആ യത്നം മിക്കവാറും ഫലിച്ചിട്ടുമുണ്ട്. അവതാരികാകാരൻ പറഞ്ഞിട്ടുള്ളതുപോലെ “സാധാരണക്കാരനെ അമ്പരപ്പിക്കുന്ന ദീർഘ സമാസങ്ങളും മഹാവാക്യങ്ങളും ഇതിൽ സുലഭമാണു് .” അതു് ഇന്നത്തെ രീതിക്കു ഭൂഷണമല്ലെങ്കിലും ദൂഷണമായിത്തീർന്നിട്ടില്ല.