ജീവചരിത്രപ്രസ്ഥാനം (തുടർച്ച)
എ. സി. ഗോവിന്ദൻ്റെ ‘മുഖപരിചയം’ : തൻ്റെ പരിചയ സീമയിൽപ്പെട്ട 44 പേരുമായുള്ള മുഖപരിചയമാണു് ഗോവിന്ദൻ ഇതിൽ ഉള്ളടക്കിയിട്ടുള്ളതു്. നാണുഗുരുസ്വാമി, വാഗ്ഭടൻ, പുന്നശ്ശേരി, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, പള്ളത്ത്, കറുപ്പൻ സത്യവ്രതസ്വാമികൾ എന്നിങ്ങനെ പോകുന്നു ആ 44 വ്യക്തികൾ. ഗ്രന്ഥകാരൻ്റെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ വീക്ഷണത്തിനു വിധേയരായിത്തീർന്നവരാണു് ഇതിലെ വ്യക്തികൾ എന്നുള്ളതു ചിത്രങ്ങളുടെ മാറ്റു വർദ്ധിപ്പിക്കുവാൻ പോരുന്നതുതന്നെ.
സി. ജെ. സ്മാരകഗ്രന്ഥം: പരേതനായ സി. ജെ. തോമസിനെപ്പറ്റി അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ സ്മരണകളടങ്ങുന്ന കുറെ ചിത്രങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതു്.
പൂജപ്പുരയുടെ ‘പാവങ്ങളുടെ പടത്തലവന്മാർ’, അനന്തസുബ്രഹ്മണ്യത്തിൻ്റെ കഥകളിനടന്മാർ, അജ്ഞാതൻ്റെ കൈരളിജീവിതമുദ്രകൾ, എരുമേലി പരമേശ്വരൻപിള്ളയുടെ പോയതലമുറയിൽനിന്ന്, ടി. കെ. സി. വടുതലയുടെ വ്യക്തിമാഹാത്മ്യം, വേലായുധൻ പണിക്കശ്ശേരിയുടെ കാരൂർ മുതൽ കോവിലൻവരെ എന്നിങ്ങനെ ചില കൃതികൾ കൂടി ഈ ശാഖയിൽ പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ട്.
