ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

ബി. ആത്മകഥകളും സ്മരണകളും

ജീവചരിത്രത്തോട് ഏറ്റവും ബന്ധമുള്ള അഥവാ അതിൽനിന്നുതന്നെ ജന്മമെടുത്തിട്ടുള്ള ഒരു സാഹിത്യശാഖയാണു് ആത്മകഥ. ഒരു വ്യക്തിയുടെ ജീവിതം മറ്റൊരാൾ നിരൂപണബുദ്ധ്യാ രചിക്കുന്നതു ജീവചരിത്രവും, ആ വ്യക്തിതന്നെ സ്വന്തചരിത്രം സ്വാഭിപ്രായങ്ങളോടുകൂടി ആവിഷ്ക്കരിക്കുന്നതു് ആത്മകഥയുമാകുന്നു. “ഏതൊരുവൻ്റേയും ജീവചരിത്രം അവനവൻതന്നെ എഴുതുന്നതാണു നല്ലതെ”ന്നു ഡോക്ടർ ജോൺസൺ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഒരു വ്യക്തിയുടെ സത്യപ്രകാശനത്തിന് ഇതരന്മാരേക്കാൾ തനിക്കുതന്നെയാണല്ലോ കൂടുതൽ നിശ്ചയമുണ്ടായിരിക്കുക. അതിനാൽ ജീവചരിത്രത്തേക്കാൾ ആത്മചരിതത്തിൽ യാഥാർത്ഥ്യം ഏറിയിരിക്കുവാനാണു് ഇടയുള്ളതു്. പക്ഷേ, ആത്മ നിരൂപണത്തിനുവേണ്ട ശക്തിയും അനഹങ്കാരവും ആത്മാർത്ഥതയും ഉള്ളവർക്കേ അത്തരം ഉത്തമ വ്യക്തിചിത്രങ്ങൾ പ്രകാശിപ്പിക്കാൻ സാധിക്കയുള്ളൂ. മഹാത്മജിയെപ്പോലെയുള്ള സത്യാന്വേഷണ തല്പരതയും, ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുവാനുള്ള ധീരതയും ചിത്തശുദ്ധിയും ഉള്ളവർ ലോകത്തിൽ വളരെ കുറവായിട്ടേ ഉള്ളു. “ആത്മകഥയിൽ, ആന്തരികമായ പ്രചോദനങ്ങളും ചില പ്രവർത്തനങ്ങളുടെ പ്രത്യേകോദ്ദേശ്യങ്ങളും, വിജയാപജയങ്ങളും, തന്മൂലമുണ്ടാകുന്ന ഹർഷസന്താപാദി വികാരങ്ങളും പ്രകടിപ്പിക്കുന്നതിനുവേണ്ട സൗകര്യമുള്ള’തിനാൽ ഒരു വ്യക്തിയെ സംബന്ധിച്ച സത്യഗ്രഹണത്തിനു് ഈ പ്രസ്ഥാനം ജീവചരിത്രത്തെക്കാൾ പതിന്മടങ്ങു പ്രയോജനപ്രദമാണു്.