ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

മലയാളത്തിൽ ഈ പ്രസ്ഥാനം വളരാൻ തുടങ്ങിയിട്ടേ ഉള്ളൂ. ഭാഷയിൽ ഇന്നുള്ള ഉത്തമങ്ങളായ കൃതികൾ മിക്കവയും ഇതരഭാഷകളിൽ നിന്നു വിവർത്തനം ചെയ്തിട്ടുള്ളവയാണ്. ആത്മകഥാകഥനത്തിനു് അർഹതയുള്ള അനേകം പേർ നമ്മുടെയിടയിലുണ്ട്. അവരിൽ ചിലർ സാഹിത്യ നിർമ്മിതിക്കു ശക്തിയില്ലാത്തവരും, മറ്റു ചിലർ അലസതാവിലസിതരായി കഴിയുന്നവരുമാണു്. സ്വാനുഭവങ്ങളെ ചിത്രീകരിക്കുന്ന ഒരാത്മ കഥയിൽനിന്നു ആ വ്യക്തിയുടെ വ്യാപാരപരിധിയുടെ സ്വഭാവമനുസരിച്ച് രാഷ്ട്രീയവും സാമുദായികവും സാംസ്‌കാരികവുമായ അനവധി നിഗൂഢവസ്തുതകൾ വായനക്കാർക്കു ലഭിക്കുമെന്നുള്ളതു നിരാക്ഷേപമാകുന്നു. അതു സമുദായത്തിൻ്റെ പുരോഗതിക്ക് ഓരോവിധത്തിൽ പ്രേരണ നല്കുന്നതുമായിരിക്കും. മലയാളത്തിൽ നമുക്കു ലഭിച്ചിട്ടുള്ള ആത്മകഥകൾ ഏതെല്ലാമെന്ന് ഇതിനുപരി സാമാന്യമായി പരിശോധിക്കാം.

പാച്ചുമൂത്തതിൻ്റെ ആത്മകഥാകഥനം : മഹാകവി ഉള്ളൂർ, പരിഷൽ ത്രെമാസികം 5-ാം പുസ്തകം 3-ാം ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അതു ശരിയായ അത്മകഥ എന്നു പറയുവാനില്ല. കഥാനായകൻ്റെ ജീവിതത്തിലെ ചില സംഭവങ്ങളുടെ കുറിപ്പുകൾ മാത്രമേ അതിലുള്ളു.