ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

ൻ്റെ നാടുകടത്തൽ: നമ്മുടെ ആത്മകഥകളിൽ ആദ്യത്തെ കൃതിയാണിതെന്നു തോന്നുന്നു. സ്വദേശാഭിമാനി പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ആ പ്രസിദ്ധ സംഭവം 1910 സെപ്തംബർ 26-ാം തീയതിയാണു നടന്നതു്. അതിനെപ്പറ്റി അറിയുവാൻ ഉൽക്കണ്ഠയുണ്ടായിരുന്ന ജനങ്ങളുടെ താല്പര്യമനുസരിച്ച് കഥാനായകൻ എഴുതിയിട്ടുള്ളതാണു്’ ‘എൻ്റെ നാടുകടത്തൽ’. ഗ്രന്ഥത്തെ മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിലാണു് നാടുകടത്തൽ സംബന്ധിച്ചു നടന്ന സംഭവങ്ങൾ – ആത്മകഥ – അടങ്ങിയിട്ടുള്ളത്. രണ്ടാം ഭാഗത്തിൽ നാടുകടത്തൽ സംബന്ധിച്ച വിളംബരവും, മൂന്നാം ഭാഗത്തിൽ പത്ര പ്രസ്താവനകളും അടങ്ങിയിരിക്കുന്നു.

വ്യാഴവട്ട സ്മരണകൾ: രാമകൃഷ്ണപിള്ളയുടെ ധർമ്മദാരങ്ങളായ ബി. കല്യാണിയമ്മയുടെ ‘വ്യാഴവട്ട സ്മരണകൾ’ എന്ന കൃതി ഈ പ്രസ്ഥാനത്തിൽ ഏതുകൊണ്ടും ഗണനീയമായ ഒന്നത്രെ. പ്രസ്തുത കൃതിയെ ജീവചരിത്രത്തിലോ ആത്മചരിത്രത്തിലോ ഉൾപ്പെടുത്തേണ്ടതെന്നുള്ള കാര്യത്തിൽ സന്ദേഹം തോന്നിയേക്കാം. എന്തുകൊണ്ടെന്നാൽ ആത്മകഥയുടെ അംശം ഇതിൽ വളരെ കുറവും, നായകൻ്റെ ജീവചരിത്രഭാഗം കൂടുതലുമായിരിക്കുന്നു എന്നുള്ളതുതന്നെ. തൻ്റെ പ്രിയതമനായ രാമകൃഷ്ണപിള്ളയുമായി കഥാനായികയ്ക്കുണ്ടായിരുന്ന 12 വർഷക്കാലത്തെ ജിവിതബന്ധവും തൽസ്മരണകളുമാണു് ഗ്രന്ഥത്തിൽ അടങ്ങിയിട്ടുള്ളതു്. രോമാഞ്ചത്തോടുകൂടിയല്ലാതെ ഈ ഗദ്യകാവ്യം വായിച്ചുതീർക്കുവാൻ സാദ്ധ്യമല്ല. നിറഞ്ഞ ആത്മാർത്ഥതയും അകൃത്രിമതയും ആത്മചരിതങ്ങൾക്കാവശ്യമാണെങ്കിൽ വ്യാഴവട്ട സ്മരണകൾ അതിൻ്റെ പരകോടിയിൽ എത്തി നില്ക്കുന്നുവെന്നു നിരാക്ഷേപം പറയാം.