തുള്ളലുകളിലെ ഫലിതം
തൻ്റെ “പദ്ധതിതന്നിൽ മുടക്കിക്കിടക്കുന്ന” വൃദ്ധനായ ബലിമുഖനെക്കണ്ടു ക്രുദ്ധനായിപ്പറയുന്നു:-
“നോക്കെടാ! നമ്മുടെ മാർഗ്ഗേകിടക്കുന്ന
മർക്കടാ, നീയങ്ങു മാറിക്കിടാ ശഠാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാ-
നിനക്കെടാ തോന്നുവാനെന്തെടാ സംഗതി?”
ഭീമൻ്റെ ദുർഭാഷണം കേട്ട്, തൻ്റെ അവശസ്ഥിതി മനസ്സിലാക്കി വഴിമാറിപ്പോകുവാൻ ആ വാനരൻ താണപേക്ഷിക്കുന്നു. എന്നാൽ ഭീമനോ,
“ആരെന്നറിഞ്ഞു പറഞ്ഞു നീ വാനരാ!
പാരം മുഴക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തിൽ പിറന്നു വളന്നൊരു
പുരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ,
ധീരനാമദ്ദേഹമിദ്ദേഹമോർക്കൂ നീ
നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയി-
ല്ലാരോടു മിജ്ജനം തോല്ക്കയുമില്ലെടോ,
മാറിനില്ലെന്നു പറയുന്ന മൂഢൻ്റെ
മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം
എന്നിങ്ങനെ തകർക്കുവാനാണു തുടങ്ങിയതു്. അതിനും വൃദ്ധൻ മന്ദസ്മിതം തൂകിത്തന്നെ ശരിയായ മറുപടി നല്കി. ‘നേരായമാർഗ്ഗം വെടിഞ്ഞു നടക്കയില്ലെന്നും’ ‘ആരോടുമിജ്ജനം തോല്ക്കുമാറില്ലെ’ന്നും ഭീമൻ തൻ്റെ പ്രഭാവം പുകഴ്ത്തിയപ്പോൾ ഹനുമാൻ കൊടുത്ത ഉത്തരം ഇങ്ങനെയായിരുന്നു.
