തുള്ളലുകളിലെ ഫലിതം
“നാലഞ്ചുപേരൊരുത്തിക്കു താനതു
നാലുജാതിക്കും വിധിച്ചതല്ലോർക്കണം.’
‘നൂറ്റുപേർ നിങ്ങടെ നാടും നഗരവും
കൂറ്റുകാരേയുമടക്കി വെച്ചീലയോ?’
ഈ ഭാഷണം ഭീമസേനന് കണക്കിനു കൊണ്ടു. ഭീമനു കോപം വർദ്ദിച്ചുവെന്നു പറയേണ്ടതില്ലല്ലൊ. യുക്തമായ സമാധാനമൊന്നും പറയാൻ തരമില്ലാതെയും വന്നു. ആ ഘട്ടത്തിൽ ആ മുതുക്കൻ കുരങ്ങനെ തന്റെ വീര്യപരാക്രമങ്ങൾ പറഞ്ഞുകേൾപ്പിച്ചു ഭയപ്പെടുത്താമെന്ന് ആ ഉദ്ധതൻ കരുതുന്നു. ഭീമൻ്റെ ആത്മപ്രശംസ കേട്ടപ്പോൾ വൃദ്ധനായ അഞ്ജനാപുത്രൻ ചോദിക്കുകയാണ്. സഖേ,
“രാക്ഷസന്മാരെക്കൊലചെയ്ത നിന്നുടെ
രൂക്ഷസന്നാഹങ്ങളന്നെങ്ങു പോയെടോ?
ദുശ്ശാസനൻ പണ്ടു ദുര്യോധനോക്തമാം
ദുശ്ശാസനം കൊണ്ടു മണ്ടിവന്നങ്ങനെ
അഞ്ചുപേർ നിങ്ങളും കണ്ടു നിൽക്കത്തന്നെ
പാഞ്ചാലിയെച്ചെന്നടിച്ചു തലമുടി
ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചങ്ങനെ
മുററും മഹാജനം നോക്കി നില്ക്കുംവിധൗ
മുററത്തുകൊണ്ടെന്നു താഡിച്ചു ചെറ്റുമൊ-
രറ്റമില്ലാതുള്ളപരാധവും ചെയ്തു,
കണ്ണുമിഴിച്ചങ്ങു കണ്ടു നിന്നിടുന്ന
പൊണ്ണത്തടിയനാം നിൻ്റെ പരാക്രമം
കാശിക്കുപോയോ കഥിക്ക വൃകോദരാ?
