അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

ഇത്രയും കേട്ടതോടുകൂടി ഭീമസേനൻ്റെ പൗരുഷം ഒരു വിധം പമ്പ കടന്നു തുടങ്ങി. വൃദ്ധമർക്കടനെ ‘വധിപ്പാനും ചിതംപോരാ, വധിച്ചാലും ചിതംപോരാ’ എന്നു നിശ്ചയിച്ചു ഭീമൻ അതിൻ്റെ വാലെടുത്തു മാറ്റിവെച്ചുപോകുവാൻ തുനിയുന്നു. ‘മറിച്ചുനീക്കുമന്നേരം മുറിഞ്ഞുപോകയില്ലല്ലീ?’ എന്നു് അപ്പോഴും ഹസിച്ചുകൊണ്ടാണു ഭീമൻ ഹനുമാൻ്റെ നീണ്ടുകിടക്കുന്ന വാലു മാററുവാൻ ശ്രമിക്കുന്നതു്, എന്നാൽ, അവിടെയും കാറ്റിൻമകൻ പരാജയം തന്നെ.

“ദീർഘം പെരുത്തോരു പുച്ഛം ഗദകൊണ്ടു
പൊക്കുവാനായി പ്രയത്നം തുടങ്ങിനാൻ.
രണ്ടു കരങ്ങളെ കൊണ്ടുപിടിച്ചുടൻ
രണ്ടുമൂന്നട്ടഹാസം മുഴക്കി ഗദ –
കൊണ്ടുടൻ തിക്കിക്കുലുകി പലവിധം
കൊണ്ടുമിളക്കും തരിമ്പില്ല വാലിനു്.
നീണ്ടു തടിച്ചൊരു പുച്‌ഛാഗ്രഭാഗത്തു
രണ്ടു രോമം പോലുമെങ്ങുമിളകില;
വേണ്ടും പ്രയോഗങ്ങളെല്ലാം പ്രയോഗിച്ചു
വേണ്ടുവോളം നാണവും കെട്ടു മാറിനാൻ.”

ഇപ്രകാരം വാക്കുകളിലും പ്രവൃത്തികളിലും, നിസ്സാരനെന്നു തോന്നിക്കുന്ന ഒരു മുതുക്കൻകുരങ്ങിനെക്കൊണ്ടു വമ്പനായ ഭീമസേനൻ്റെ ഔദ്ധത്യം നിശ്ശേഷം തച്ചുടയ്ക്കുകതന്നെ ചെയ്തു. അതുപോലെതന്നെ.