തുള്ളലുകളിലെ ഫലിതം
ഈവിധത്തിലുള്ള പരിഹാസം കേൾക്കുമ്പോൾ നമ്പ്യാർക്ക് പരദേശബ്രാഹ്മണരോടു വല്ല പ്രത്യേകവിരോധവും ഉണ്ടായിരുന്നോ എന്നുകൂടി സംശയം ജനിച്ചുപോകുന്നു. ഭോജന പ്രിയത്വവും ധനസമ്പാദന തൃഷ്ണയുമാണു് ബ്രാഹ്മണ വർഗ്ഗക്കാരിൽ നമ്പ്യാർ ചുമത്തുന്ന മുഖ്യമായ അപരാധങ്ങൾ. എവിടെ സദ്യയുണ്ടോ അവിടെ ഈ വർഗ്ഗക്കാരെ കാശിക്കപ്പുറത്തുനിന്നെങ്കിലും നമ്പ്യാർ കൊണ്ടുവരാതിരിക്കയില്ല. എന്നാൽ അതിൻ്റെ പരമോദ്ദേശ്യമോ, പരിഹാസം കൊണ്ടു സ്വധർമ്മജ്ഞാനം ജനിപ്പിച്ചു പ്രസ്തുത സമുദായത്തെ പരധർമ്മങ്ങളിൽനിന്നു വിരമിപ്പിക്കണമെന്നുള്ളതല്ലാതെ മറെറാന്നുമല്ലതന്നെ.
അക്കാലത്തെ ഇതരസമുദായങ്ങളെയും നമ്പ്യാർ കഠിനമായധിക്ഷേപിക്കുന്നു-
“പകലും രാവുമഹങ്കാരത്തിനു
മികവുള്ളവരിവരെന്തൊരു കഷ്ടം “
“ ഉള്ളൊരുനെല്ലും പണവും പാടേ
കള്ളുകുടിച്ചു കുടിച്ചു മുടിച്ചു”
എന്നിങ്ങനെ ഘോഷയാത്രയിലും
“നായന്മാരെക്കൊണ്ടൊരുഫലമി –
ല്ലായുധമുള്ളവർതന്നെ ചുരുക്കം
കള്ളുകുടിപ്പാനല്ലാതൊന്നിനു
കൊള്ളരുതാത്ത ജളന്മാരേറും
തടിയന്മാരിവർ വീട്ടിലശേഷം
മുടിയന്മാർ ചിലരൊടിയന്മാരും
കുടിയന്മാരിവരെന്തിനുകൊള്ളാം.”
എന്നിങ്ങനെ കിരാതത്തിലും,
