അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

“തള്ളമാരെ പൊറുപ്പിക്കാതുള്ള കള്ളക്കശ്മലൻ്റെ
ഭള്ളുകണ്ടാലൊന്നുരണ്ടു തൊഴിപ്പാനാരുമില്ലല്ലോ
കള്ളു തെണ്ടിനടപ്പാനേകാലമുള്ളു തൻ്റെ കൈയി-
ലുള്ളതെല്ലാം വകയാക്കി കൈകുടഞ്ഞു പുറപ്പെട്ടു.”

എന്നിങ്ങനെ ഹരിണീസ്വയംവരത്തിലും

“നായന്മാരിവരെന്തറിയാഞ്ഞു?
കള്ളന്മാരിവർ മൂക്കോളം ബത
കള്ളുകുടിച്ചു കുടിച്ചുമയങ്ങി
തൊള്ളതുറന്നു മലർന്നു കിടന്നുട-
നുള്ളൊരു കാലമുറങ്ങുവതിന്നോ“

എന്നിങ്ങനെ രുഗ്മണീസ്വയംവരത്തിലും,

“മൂക്കോളംബത കള്ളുകുടിച്ചി-
ട്ടൂക്കുകൾ കാട്ടണമത്രേ വേണ്ടൂ.”

എന്നു സ്യമന്തകത്തിലും മറ്റും പ്രസ്തുത സമുദായങ്ങളുടെ ദുഷിച്ചനിലയെ വ്യക്തീകരിച്ചിട്ടുള്ളതും മേല്പറഞ്ഞവിധമുള്ള സദുദ്ദേശത്തോടുകൂടിയത്രേ. നായകന്മാരായിരുന്ന നായന്മാരുടെ രണഭീരുത്വത്തെ നമ്പ്യാർ തുള്ളലുകളിൽ പല സ്ഥലത്തും അധിക്ഷേപിച്ചിട്ടുണ്ടു്. ത്രിപുരന്മാരുടെ പട ഭൂമിയിൽ പരന്നുതുടങ്ങിയപ്പോൾ ഭീരുവായ ഒരു ഭടൻ കാണിച്ച കൗശലം വർണ്ണിച്ചിരിക്കുന്നതു നോക്കുക.

“പത്തുനൂറുദനുജന്മാർ വീടുകുത്തിത്തകർക്കുമ്പോൾ
ഉത്തരത്തിൻമുകളേറി പാർത്തുപോലും കുഞ്ഞുരാമൻ
കുത്തിവച്ച പാവയെന്നങ്ങോർത്തുപോയാരസുരന്മാർ”

ഇത്തരം ഫലിതങ്ങൾ കേട്ടാൽ ചിരിച്ചു ചിരിച്ചു മണ്ണുകപ്പാത്തവർ ആരാണ്?