അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

കിരാതത്തിൽ ഹരഭൃത്യന്മാരുടെ ‘വിരുതുപെരുത്ത’ പ്രവർത്തികളെ വർണ്ണിച്ച ശഷം ‘ഹാസത്തിനൊരുദിക്കും കുറവില്ലതിരിക്കേണം’എന്നുള്ള തൻ്റെ മുദ്രാവാക്യം അനുസരിച്ചു്, ആ നായാട്ടിൽ ചിലർക്കു പിണഞ്ഞ അമിളികളെ നമ്പ്യാർ സരസമായി വണ്ണിക്കുന്നു.

“തടിയൻപന്നിയെ വെടിവെപ്പാനാ –
യൊരുവൻ ചെന്നൊരു പടലിലൊളിച്ചു
പടലിൽ കണ്ടതു പന്നിയതെന്നൊരു
ഭടനൊരുവെടിയും വെച്ചാനുടനേ
തടിയൻ വെടികൊണ്ടവിടെ മറിഞ്ഞു
ഓടിച്ചെന്നിതു വെടിവച്ചവനും,
മർക്കടനല്ലിവനയ്യോ! നമ്മുടെ
മക്കടെ മാതുലനിങ്ങനെ കർമ്മം!”

ഇവിടെ പടലിലൊളിച്ചവനും വെടിവച്ചവനും പററിയതിനേക്കാൾ വലിയൊരബദ്ധം നമ്പ്യാർക്കും പിണഞ്ഞു പോയിട്ടില്ലേ എന്നു സംശയമണ്ടു്. പന്നിയെന്നോത്തു വെടിവച്ചയാൾ ഓടിച്ചെന്നു നോക്കിയപ്പോൾ മർക്കടനല്ലെന്നാണു കാണുന്നതു്. ഇതു നേരംപോക്കുതന്നെ. എത്രയും പൂർവ്വാപരവിരുദ്ധമായി, ചക്കയെന്നു പറഞ്ഞാൽ മാങ്ങയെന്നു ധരിച്ചു തേങ്ങയെന്നെഴുതിവയ്ക്കുന്ന ചിലരുടെ സാമർത്ഥ്യമാണ് ഈ അവസരത്തിൽ അനുസ്മരിക്കുവാൻ ഇടവരുന്നതു്. പക്ഷെ മനോധർമ്മരസികനായ നമ്പ്യാർ ഇതും ആളുകളെ രസിപ്പിക്കുവാൻ തന്നെ കല്പിച്ചു കൂട്ടിപ്രയോഗിച്ച ഒരബദ്ധമായിരിക്കാനേ വഴിയുള്ളു.