അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

നളചരിതത്തിൽ അരയന്നം സന്ദേശംവഹിച്ചു കൊണ്ടു കുണ്ഡിനപുരിയിലേയ്ക്കു്, പറക്കുന്നു. പറന്നുപോകുമ്പോൾ ദേശാന്തരങ്ങളിലുള്ള പല കാഴ്ചകളും കാണുന്നുണ്ടു്. അവയിൽ ഏററവും മുഖ്യമായതു കേരളക്കരയിലെ കുടുംബകലഹങ്ങളിൽ ചിലതൊക്കെയാണത്രെ.

വീടുകളിൽ ചില നായന്മാരുടെ
മൂഢതകൊണ്ടൊരു ഘോഷം കണ്ടു;
അച്ചികളോടു കലമ്പിചില കല-
മെച്ചിലിലിട്ടു തകർക്കണകണ്ടു,
കച്ചകൾ പുടവകളൊരുവൻചെന്നു
വലിച്ചുകരിച്ചു,തിരിച്ചതുകണ്ടു.
ഇല്ലംകൊണ്ടെന്നവളെത്തല്ലി-
പല്ലുതകർത്തൊരു പങ്ങച്ചാരുടെ
തള്ളകയർത്തൊരുലുക്കയെടുത്തു
ചെള്ളക്കൊന്നു ചിമുക്കിണകണ്ടു.
മറെറാരിടത്തൊരു ഘോഷംകണ്ടു
തെറെറന്നവിടെച്ചെന്നരയന്നം
മുററത്തുള്ളൊരു തെങ്ങിൻമുകളിൽ
പറ്റിച്ചെവിയും പാർത്തുവസിച്ചു.
നായർവിശന്നുവലഞ്ഞു വരുമ്പോൾ
കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകണ്ടു കലമ്പിച്ചെന്ന-
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളയ്ക്കും വെള്ളമശേഷം
കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയപെണ്ണിനെ മടി കൂടാതെ
കിട്ടിയവടികൊണ്ടൊന്നു കൊമച്ചു
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു;
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു;
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തിരാഞ്ഞവന-
പ്പുരയുടെ ചുററും മണ്ടിനടന്നു.